മണിപ്രവാള ലഘുകാവ്യങ്ങള്‍
സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള 1950ല്‍ മണിപ്രവാളകവിതകള്‍ ഉള്‍ക്കൊള്ളുന്ന ചില പഴയ ഓലക്കെട്ടുകള്‍ കണ്ടെടുത്ത് അതിനുമുമ്പ് പ്രസിദ്ധീകരിച്ച ചില കവിതകളും ചേര്‍ത്ത് പദ്യരത്‌നം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. തോലന്റെതെന്ന് പറയപ്പെടുന്ന ചില ഒറ്റ ശ്ലോകങ്ങളും ലീലാതിലകത്തില്‍ ഉദാഹരിച്ച ശ്ലോകങ്ങളും ഇതില്‍ ഉള്‍പ്പെടും. മണിപ്രവാളകവിതയെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ കിട്ടുന്നത് ഈ കവിതകളിലൂടെയാണ്. പ്രശസ്തകളായ ദേവദാസികളെയും വേശ്യാസ്ത്രീകളെയും വര്‍ണ്ണിക്കുന്നു. ചെറിയച്ചി, ഉത്തരാചന്ദ്രിക, മല്ലീനിലാവ്, ഇളയച്ചി, കൗണോത്തര എന്നിവരെക്കുറിച്ചുള്ളതാണ് പദ്യരത്‌നത്തില്‍ പ്രസിദ്ധീകരിച്ച ലഘുകാവ്യങ്ങള്‍. മറ്റുള്ളവ ഒറ്റ ശ്ലോകങ്ങളും(മുക്തകങ്ങള്‍). ഒട്ടെല്ലാ കൃതികളിലും നായികാനാമം ഓരോ ശ്ലോകത്തിലും ആവര്‍ത്തിക്കുന്നു. നായികാസംബോധനയിലാരംഭിച്ച്, നായികയെപ്പറ്റി കവി ഒരു തോഴനോടു പറയുന്നമട്ടില്‍ അവസാനിക്കുന്നു. നായികയുടെ കീര്‍ത്തിക്കുവേണ്ടിയും പ്രീതിക്കുവേണ്ടിയുമാണ് കവിതകള്‍ എഴുതിയിട്ടുള്ളത്. അക്കാലത്ത് പ്രമാണികളുടെ ആവശ്യനുസരണം കവിത രചിച്ചിരുന്നു എന്നു കരുതണം. കവിതവഴിയുള്ള ഈ പ്രചരണത്തില്‍ കവികള്‍ അഭിമാനംകൊള്ളുന്നു. ഇവയില്‍ ചുരുക്കം ചില കവിതകളുടെ കര്‍ത്താക്കളെക്കുറിച്ചു മാത്രമേ അറിവുള്ളൂ.
ചെറിയച്ചി
പതിനാലാം നൂറ്റാണ്ടിലുണ്ടായ, ദേവദാസീവര്‍ണ്ണനാ വിഷയമായ മണിപ്രവാള ലഘുകാവ്യമാണ് ചെറിയച്ചി. ഉദയപുരത്ത് ചെറുകില്‍ വീട്ടിലെ നര്‍ത്തകീ പുത്രിയായ ചെറിയച്ചിയാണ് നായിക. ചെറിയച്ചിയുടെ കാമുകന് ചന്ദ്രോദയത്തിലുണ്ടാകുന്ന വിരഹവേദനയാണ് ഇതിലെ പ്രതിപാദ്യം. മാലിനീ വൃത്തത്തില്‍ നിബന്ധിച്ച 30 ശ്ലോകങ്ങള്‍. ഓരോ ശ്ലോകത്തിലും നായികയുടെ പേര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചെറിയച്ചിയില്‍നിന്നുള്ള 4 ശ്ലോകങ്ങള്‍ ലീലാതിലകത്തില്‍ ഉദ്ധരിക്കുന്നുണ്ട്.
ഉത്തരാചന്ദ്രിക
ഓടനാട് (കായംകുളം) ചിറവായില്ലത്തെ ദേവദാസിയാണ് ഈ കൃതിയിലെ നായിക. അവര്‍ക്ക് കവി നല്‍കിയ ആഢ്യപ്പേരാണ് ഉത്തരാചന്ദ്രിക. ചിറവായില്ലം ഓടനാട്ടു രാജവംശമല്ല, പ്രത്യേകം ഒരു യാദവശാഖയാണെന്ന് ഇളംകുളം പറയുന്നു. രാമന്‍ എന്നാണ് കവിയുടെ പേര്‍. നായികയുടെ പേര് എല്ലാ പദ്യങ്ങളിലും പരാമര്‍ശിക്കുന്നു. വിരഹിയായ കാമുകന്‍, തന്നോടു കനിയാത്ത കാമുകിയെ വാഴ്ത്തി പ്രീതിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അവളോട് അടുത്ത് പെരുമാറുന്ന തോഴനോട് തനിക്കുവേണ്ടി അവളെ അനുനയിക്കാനും ആവശ്യപ്പെടുന്നു. പതിനാലാം ശതകത്തിന്റെ അവസാനമായിരിക്കണം കൃതിയുടെ കാലം.
ഇളയച്ചി
തയ്യില്‍ വീട്ടിലെ ഇളയച്ചിയെ വര്‍ണ്ണിക്കുന്ന രണ്ടു കവിതകളാണ് ഇതിലുള്ളത്. ഒന്നാമത്തതില്‍ ഇരുപത്തിനാലും രണ്ടാമത്തതില്‍ ആറും ശ്ലോകങ്ങള്‍. അമ്പലപ്പുഴ രാജാവായ ദേവനാരായണന്റെ നിയോഗമനുസരിച്ചാണ് കാവ്യത്തിന്റെ നിര്‍മ്മിതി. ആ രാജാവിന്റെ പ്രേമഭാജനമായ നര്‍ത്തകിയാണ് നായിക. രണ്ടാം ഭാഗം സ്വനിയോഗമനുസരിച്ചാണ് എഴുതിയത്. രണ്ടും ഒരാളുടെതാകാം. പതിനഞ്ചാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധമായിരിക്കണം ഇതിന്റെ കാലം.
കൗണോത്തര
കൗണോത്തര എന്ന സുന്ദരിയുടെ പ്രത്യംഗവര്‍ണ്ണനയാണ് ഈ കൃതിയിലെ പ്രതിപാദ്യം. കൗണ മീനച്ചിലാറും കൗണഭൂമി തെക്കുംകൂറുമാണ്. തെക്കുംകൂര്‍ രാജവംശത്തില്‍പ്പെട്ട ക്ഷത്രിയത്തരുണിയായ ഒരു ദേവദാസിയോ തെക്കുംകൂര്‍ രാജാവിന്റെ കാമിനിയോ ആകാം നായിക. കൗണക്ഷ്മാരമണമണിപ്രദീപം, കവിക്ഷ്മാരമണസുരലതാ എന്നൊക്കെയാണ് കവി വിശേഷിപ്പിക്കുന്നത്. ഉത്രമാത് എന്നും നായിക വിളിക്കപ്പെടുന്നു. മറ്റു കാവ്യങ്ങളിലും ഈ നായികയെ വര്‍ണ്ണിച്ചുകാണാം. പൗനരുക്ത്യമില്ലാതിരിക്കാനാണ് താന്‍ പുതിയ പേരില്‍ അവളെ വര്‍ണ്ണിക്കുന്നതെന്ന് കവി പറയുന്നു.കാലം 1400ന് അടുത്തായിരിക്കാം. വെമ്പലനാട് തെക്കുംകൂറും വടക്കുംകൂറും ആകാമെങ്കിലും തെക്കുംകൂര്‍ രാജാവിനോടുള്ള ബന്ധമാണ് രണ്ടുകാവ്യങ്ങളിലും സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്. കൗണോത്തരയെ സംബോധന ചെയ്യുന്ന 21 പദ്യങ്ങളും തോഴനെ സംബോധന ചെയ്യുന്ന 3 പദ്യങ്ങളും ആണ് ഒന്നാം ഭാഗത്തില്‍. രണ്ടാം ഭാഗത്തില്‍ 27 ശ്ലോകങ്ങള്‍. അന്ത്യപദ്യമൊഴികെ എല്ലം കൗണോത്തരയെ സംബോധന ചെയ്യുന്നു.
മല്ലീനിലാവ്
9 ശ്ലോകങ്ങളടങ്ങുന്ന ചെറിയ കാവ്യമാണ് മല്ലീനിലാവിനെക്കുറിച്ചുള്ളത്. വിരഹിയായ കാമുകന്‍ വികാരോദ്ദീപകമായ സന്ധ്യയുടെ ആഗമനത്തെ വര്‍ണ്ണിക്കുന്നു. ശൃംഗാരപോഷകമായ പ്രകൃതിവര്‍ണ്ണന ഉള്‍ക്കൊള്ളുന്നു. ചെറിയച്ചിയും മല്ലീനിലാവും ഒരേ കവിയുടെ കൃതികളാണെന്ന് ഇളംകുളം അനുമാനിക്കുന്നു. രണ്ടുകാവ്യങ്ങളുടെയും അവസാനപദ്യങ്ങള്‍ സദൃശമാണ്. ലീലാതിലകകാരന്‍ തന്നെയാകാം ഈ കവിയെന്ന് അദ്ദേഹം കരുതുന്നു.