പടയണി
ദക്ഷിണകേരളത്തില്‍, പ്രത്യേകിച്ചും മധ്യതിരുവിതാംകൂറില്‍ നിലവിലുള്ള പ്രാചീനകല. പടശ്രേണി എന്ന പദമായിരിക്കണം പടയണി (പടേനി) എന്നായത്. ഭദ്രകാളീ (ദേവി) ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു അനുഷ്ഠാനകലയാണത്. ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്നു കാളിയെ ശമപ്പെട്ടുത്താന്‍ ശ്രീപമേശ്വരനും ദേവന്മാരും കോലംകെട്ടി തുള്ളിയതിന്റെ സ്മരണയാണ് ഈ കലാരൂപമെന്നാണ് ഐതീഹ്യം. തിരുവല്ല. പന്തളം തുടങ്ങിയ പ്രദേശങ്ങളിലെ ചില ഭഗവതി ക്ഷേത്രങ്ങളില്‍ ഈ അനുഷ്ഠാന കലാപ്രകടനം ഇന്നും പതിവുണ്ട്. പണ്ട് പതിമൂന്നു ദിവസങ്ങളിലായാണ് പടയണി നടത്തിപ്പെട്ടിരുന്നത്. എന്നാല്‍, പലേടത്തും അത് ഏകദിമായി ചുരുഞ്ഞിയിട്ടുണ്ട്. കടമ്മനിട്ടക്കാവിലെ പടയണി പ്രശസ്തമാണ്.
പടയണിയുടെ ആദ്യത്തെച്ചടങ്ങ് കച്ചിക്കെട്ടാണ്. പടയണിയുള്ള വിവരം ദേശവാസികളെ തപ്പുകൊട്ടി അറിയിക്കലാണത്. കാപ്പൊലിയാണ് അടുത്ത ചടങ്ങ്. മരത്തൂപ്പുകളോ (ഇലകളോടു കൂടിയ മരച്ചില്ല) വെള്ളത്തോര്ത്തുകളോ വീശിക്കൊണ്ട് ആര്‍ത്ത് വിളിച്ച് താളം ചവിട്ടുകയാണ് അതിന്റെ സ്വഭാവം. കൈമണിയുമായി താളം തുള്ളലും തുടങ്ങും. ഗണപതിക്കൊലം, യക്ഷിക്കോലം, പക്ഷിക്കോലം, കാലന്‍കോലം, മറുതാകോലം, ഭൈരവിക്കോലം, ഗന്ധര്‍വന്‍കോലം, മുകിലന്കോലം, തുടങ്ങിയ ദേവതകളുടെ കോലങ്ങള്‍ തലയില്‍ വച്ചുകൊണ്ട് തുള്ളുന്നു. തുള്ളലിനനുസരിച്ച് പാട്ടുകളും പാടും. പച്ചപ്പാളയില്‍ കോലമെഴുതി മുഖത്ത് കെട്ടും പാളകൊണ്ടുള്ള മുടിയിലും രൂപങ്ങള്‍ (കോലങ്ങള്‍) ചിത്രീകരിക്കും. മെയ്വഴക്കം സിദ്ധിച്ചവരും പാരമ്പര്യവഴിക്ക് അഭ്യാസം സിദ്ധിച്ചവരുമാണ് പടയണിയില്‍ പ്രായേണ ഏര്പ്പെട്ടുപോരുന്നത്.
Leave a Reply