പുലിദൈവങ്ങള്‍
കോലങ്ങളായി കെട്ടിയാടിവരുന്ന മൃഗദേവതകള്‍. പുലിരൂപമെടുത്ത പാര്വതീപരമേശ്വരന്മാരുടെ സങ്കല്പത്തിലുള്ള ദേവതകളാണ് പുള്ളിക്കരിങ്കാളിയും പുലിക്കണ്ടനും. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതന്‍, കാളപ്പുലി, പുലിയൂരു കണ്ണന് എന്നീ ഐവര്‍ പുലിമകളും, പുലിയൂരുകാളി എന്ന പുലിമകളും അവര്‍ക്കുണ്ടായ സന്താനങ്ങളാണ്. മാരപ്പുലി എന്നതിന് ചിലേടങ്ങളില്‍ മാര്‍പ്പുലിയന്‍ എന്നും പറയും. ശൈവകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടവയാണ് ഈ പുലിദൈവങ്ങളെ സംബന്ധിച്ച തോറ്റംപാട്ടുകളും മറ്റു നാടന്‍പാട്ടുകളും.
പുള്ളിക്കരിങ്കാളി ഗര്‍ഭവതിയായിരുന്നപ്പോള്‍ അവള്‍ക്ക് ഗോദാവരിപ്പശുവിന്റെ മാംസം കൊടുക്കുവാന്‍ വേണ്ടി പുലിക്കണ്ടന് കുറുമ്പാതിരി വാണോരുടെ തൊഴുത്തില്ക്കടന്ന് പശുവിനെക്കൊന്നു. പുള്ളിക്കരിങ്കാളി പ്രസവിച്ച് പുലിമക്കളോടുകൂടി വസിക്കുന്ന കാലത്ത് ഒരു ദിവസം വീണ്ടും കുറുമ്പ്രാതിരി വണോരുടെ തല തകര്‍ത്ത് പശുക്കളെ കൊന്ന് ഭക്ഷിച്ചു. പുലികളുടെ വിദ്യയാണിതെന്ന് മനസ്സിലാക്കിയ വാണോര്‍ പുലികളെ കൊല്ലുവാന്‍ കരിന്തിരി നായരെന്ന വില്ലാളിയെ ചുമതലപ്പെടുത്തി. എന്നാല്‍, ആ നായരെ പുലിക്കണ്ടന് കൊന്നുകളഞ്ഞു.
കൊട്ടിയൂര്‍ മാടത്തിലേക്കാണ് പുലിദൈവങ്ങള്‍ പിന്നീട് ചെന്നത്. പുലിയാല്‍ വധിക്കപ്പെട്ട കരിന്തിര് നായരും ഒരു ദേവതയായി മാറി പുലി ദൈവങ്ങളോടൊപ്പം സഞ്ചരിച്ചു. കൊട്ടിയീര് മാടത്തില്‍ കളിയാട്ടം കാണുവാന്‍ വന്ന ഒരു തണ്ടയാന്റെ കുടവഴിയായി പുലിദൈവങ്ങള്‍ രാമപുരത്തേക്ക് എഴുന്നെള്ളി. ഇപ്രകാരം പുലിദൈവങ്ങളുടെ സാന്നിധ്യം പല സ്ഥലങ്ങളിലും ഉണ്ടായത്രെ. വണ്ണാന്മാര് ഈ എട്ടു പുലിദൈവങ്ങളുടെയും കരിന്തിരിനായരുടെയും തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്. മറ്റു ചില സമുദായക്കാരും ഇതില്‍ ചില ചെയ്യങ്ങള് കെട്ടും.
Leave a Reply