വെള്ളരി നാടകം
ഉത്തരകേരളത്തില്‍ രണ്ടാം വിളവെടുപ്പ് കഴിഞ്ഞാല്‍ വയലുകളില്‍ ഇടവിളയായി വെള്ളരി നടുക പതിവാണ്. വെള്ളരി വള്ളികളില്‍ ചെറിയകായ്കള് ഉണ്ടാകുവാന്‍ തുടങ്ങിയാല്‍ രാത്രികാലങ്ങളില്‍ കുറുക്കന്മാരും മറ്റും വന്ന് അവ നശിപ്പിക്കും. അതിനാല്‍ ചെറുപ്പക്കാര്‍ വെള്ളരിത്തണ്ടില്‍ ഉറക്കമിളച്ച് രാത്രി കാവല്‍ നില്ക്കും. നേരംപോക്കിനുവേണ്ടി അവര്‍ പല വിനോദങ്ങളിലും ഏര്‍പ്പെടും. പലപ്പോഴും അവര്‍ നാടകാഭിനയമാണ് നടത്തുക. വെള്ളരിക്ക പറിച്ചെടുക്കാറാകുമ്പോഴേക്കും നാടകപരിശീലനം കഴിയും. ഒടുവില്‍ ഗ്രാമീണരുടെ മുമ്പില്‍ ആ നാടകം അരങ്ങേറും. പാനീസിന്റെയോ ഗ്യാസ്ലൈറ്റിന്റെയോ പ്രകാശത്തിലാണ് നാടകാവതരണം. പഴയ ഭാഷാസംഗീതനാടകത്തിന്റെ മട്ടിലുള്ളതായിരിക്കും കഥ. സംഭാഷണവും പാട്ടും കാണും. പരിശീലനവും അവതരണവും സംവിധായകനുമൊക്കെ പ്രാകൃതമായിരിക്കും. നടന്മാരും അഭിനയചാതുര്യമുള്ളവരായിരിക്കില്ല. ഗ്രാമീണമായ ഈ നാടകത്തിനാണ് ‘വെള്ളരിനാടം’ എന്നു പറയുന്നത്. വെള്ളരിനാടകം എന്ന പദം ഇന്നൊരു ശൈലിയായിത്തീര്ന്നിരിക്കുകയാണ്. അവതരണാദികള് നന്നാകാത്ത നാടകങ്ങളെ പരിഹസിക്കുന്നതിനാണ് ആ ശൈലി പ്രയോഗിക്കുന്നത്.
Leave a Reply