അസുരനിഗ്രഹത്തിന് ശിവന്‍, ഭദ്രകാളിയെ തോറ്റിച്ചമച്ച് ആയുധങ്ങള്‍ നല്‍കി യാത്രയാക്കുമ്പോള്‍ കാളി പറയുകയും, ശിവന്‍ വേതാളത്തെ സൃഷ്ടിക്കുകയും ചെയ്തുവെന്ന് തോറ്റം പാട്ടുകളിലും മറ്റും പ്രസ്താവിച്ചു കാണുന്നു. വേതാളത്തിന്റെ രൂപം ഭയാനകമായിരുന്നു.

‘വേതാളത്തെക്കണിതോരു

ഭദ്രകാളിയും ഭയപ്പെട്ടാരേ

ഭദ്രകാളീനക്കണ്ടിതോരു

വേതാളവും ഭയപ്പെട്ടാരേ’

എന്നാണ് ‘കാളീനാടകം’ എന്ന പാട്ടില്‍ പ്രസ്താവിച്ചിട്ടുള്ളത്. ദാരികന്റ ‘ചങ്കും കരളും’ വേതാളത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത്, കാളി വേതാളത്തെ വാഹനമാക്കി പടയ്ക്കുപോയി. കാളിയൂട്ട്പാട്ട് തുടങ്ങിയ ചില പാട്ടുകളില്‍ ‘മേതാളി’ എന്നാണ് പ്രയോഗം.