പച്ചകുത്ത്
മഷിപോലുള്ള ഒരുതരം രാസവസ്തു ത്വക്കിനടിയിലേക്ക് കുത്തിവെച്ച് ശരീരഭാഗങ്ങളെ അലങ്കരിക്കുന്നതിന് പച്ചകുത്ത് എന്നാണ് പറയുക. കൈകാലുകള്‍, മാറിടം, പുറം എന്നിവിടങ്ങളില്‍ മാത്രമല്ല, മുഖത്തുപോലും പച്ചകുത്തുന്ന പതിവുണ്ട്. ചില പ്രാകൃതവര്‍ഗ്ഗക്കാര്‍ക്കിടയില്‍ അനുഷ്ഠാനമായിട്ടാണ് ഇതിനെ വിവക്ഷിക്കുന്നത്. അവരുടെ ശാരീരികസംസ്കാരങ്ങളിലൊന്നാണത്. ഒരുകാലത്ത് ഗ്രാമീണരുടെയിടയില്‍ പച്ചകുത്തുകയെന്നത് ഒരു പരിഷ്ക്കാരമായി കരുതിയിരുന്നു. പച്ചകുത്തല്‍ കുലത്തൊഴിലായിട്ടുള്ള കുറവന്മാരും മറ്റുമാണ് സാധാരണക്കാര്‍ക്ക് ഇതില്‍ താല്പര്യമുണ്ടാക്കിയത്. ചില പ്രത്യേകതരം ചെടികളുടെയും ഇലകളുടെയും നീര്, ചില രാസവസ്തുക്കള്‍ എന്നിവ കൊണ്ടത്രെ പച്ചകുത്തുവാനുള്ള മഷി തയ്യാറാക്കിയിരുന്നത്. സൂചി മുള്ള് കൊണ്ട് കുത്തി ലേപനവസ്തു അതില്‍ പുരട്ടും.
വീരപരാക്രമത്തിന്റെ സൂചനാചിഹ്നമായിട്ട് പച്ചകുത്തിനെ പരിഗണിച്ചിരുന്നു. ആദിവാസികളില്‍ സ്ത്രീകളാണ് പച്ചകുത്തലില്‍ കൂടുതല്‍ താല്പര്യമുള്ളവര്, ഈവിദ്യയില്‍ സമര്‍ത്ഥരായ ചിലര്‍ തമിഴ്നാട്ടില്‍ നിന്നും വരാറുണ്ട്.
Leave a Reply