എരുമ കറുത്തതായതുകൊണ്ട് വിശുദ്ധ മൃഗമായില്ല: ഐലയ്യ
തൃശൂര്‍: രാജ്യത്ത് വിശുദ്ധമൃഗത്തെ തിരഞ്ഞെടുത്തതുപോലും നിറം നോക്കിയാണെന്ന് രാജ്യത്തെ പ്രമുഖ ദളിത് പ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രൊഫ. കാഞ്ചാ ഐലയ്യ പറഞ്ഞു. സി.പി.എം. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ‘ജാതിവ്യവസ്ഥയും ഇന്ത്യന്‍ സമൂഹവും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഗോക്കളെ സംരക്ഷിക്കണമെന്ന് മുറവിളികൂട്ടുന്നവര്‍ ഒരിക്കലും ചരിത്രത്തില്‍ ഗോപരിപാലനം നടത്തിയിട്ടല്ല. രാജ്യത്ത് ഏറ്റവുമധികം പാല് തരുന്നത് എരുമ ആയിട്ടും വിശുദ്ധമൃഗമായി പശുവിനെയാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. കാരണം എരുമയുടെ നിറം കറുപ്പാണ്. കറുപ്പ് മോശവും വെളുപ്പ് നല്ലതുമെന്ന പ്രചാരണമാണ് രാജ്യത്ത് നടക്കുന്നത്. ജാതിയെന്നത് നിറത്തിന്റെ അടിസ്ഥാനത്തില്‍ കാലങ്ങളായി നിര്‍ണയിക്കപ്പെടുന്നു. രാജ്യസുരക്ഷയ്ക്കായി നിലകൊള്ളുന്ന പട്ടാളക്കാരെക്കുറിച്ച് പറയുന്ന ബി.ജെ.പി, ബ്രാഹ്മണസമുദായം ഉള്‍പ്പെടെ ഉയര്‍ന്ന ജാതിയിലെ എത്രപേര്‍ സേനയില്‍ ഉണ്ടെന്നുപറയണം.
കേരള മോഡല്‍ രാജ്യത്തിനു മാതൃകയാണെന്നും ഐലയ്യ പറഞ്ഞു. മത്സ്യവും മാംസവും ഉള്‍പ്പെടെ ഏതുതരം ഭക്ഷണം കഴിക്കാനും സ്വാതന്ത്ര്യമുള്ള കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മേലെയാണ്. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരേ ദളിത്, പിന്നാക്ക ജനവിഭാഗങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് മുന്നേറ്റം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. എം.പി.മാരായ കെ. സോമപ്രസാദ്, പി.കെ. ബിജു, ചരിത്രകാരന് ഡോ. കെ.എന്‍. ഗണേശ്, സി.പി.എം. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply