ഈ മുത്തശ്ശിയെ അറിയണം…
മലയാളികള്‍ ഇപ്പോള്‍ മലയാളം എന്ന ഭാഷയെ കുറിച്ച് ചിന്തിക്കുകപോലും ചെയ്യുന്നുണ്ടാവില്ല. എന്തിനേറെ പറയുന്നു സ്കൂളില്‍ മക്കളെ വിടുന്നത് പോലും മലയാളം വായിക്കാനും എഴുതാനും പഠിക്കാനല്ലായെന്നാണ് മിക്ക മതാപിതാക്കളും പറയുന്നത്. അവര്‍ ഇംഗ്ലീഷ് മാത്രം പഠിച്ചാല്‍ മതി എന്നാണ് അവര്‍ പറയുന്നത്. സ്കൂളില്‍ പരീക്ഷ നടത്തിയാല്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും മുഴുവന്‍ മാര്‍ക്ക് ലഭിക്കും മലയാളത്തിന് ഒഴികെ. ഇങ്ങനെ ചിന്തിച്ചു തുടങ്ങിയ നമ്മുടെ നാട്ടില്‍ ഓസ്ട്രേലിയക്കാരിയായ 80കാരി കാതറിന്, നമ്മുടെ ഭാഷയെയും സംസ്കാരത്തെയും കുറിച്ചു പഠിക്കാന്‍ വേണ്ടി മാത്രം കേരളത്തില്‍ കഴിയുന്നു. കഴിഞ്ഞ ജനുവരി മുതല്‍ മൂന്ന് മാസം അവര്‍ കേരളത്തിലുണ്ടായിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ സിങ്കപ്പൂരില്‍ മകന്റെയടുത്തേക്കു പോയി. മലയാളം പഠിച്ചെടുക്കാന്‍ വേണ്ടി മാത്രം വിസ പുതുക്കി അവര്‍ മടങ്ങിയെത്തി.
തന്റെ നാട്ടിലെ യാത്രാ സംഘത്തോടൊപ്പം ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തില്‍ എത്തിയതായിരുന്നു അവര്‍. ചികിത്സ കഴിഞ്ഞ് ചെറായി ബീച്ച് കാണാന്‍ വന്നു. അതിനകം ആയുര്‍വേദവും കേരളത്തിന്റെ കലയും സംസ്കാരവും കേരളത്തിലെ കുടുംബ ജീവിതവുമൊക്കെ അവരെ ആകര്‍ഷിച്ചിരുന്നു. 20 വര്‍ഷമായി സാക്ഷരതാ മിഷന്റെ പ്രേരക് ആയി പ്രവര്‍ത്തിക്കുന്ന ചെറായി കണ്ണാത്തിശ്ശേരി കെബി രാജീവിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പമായിരുന്നു താമസം. മലയാളം പഠിച്ചാലേ സംസ്കാരത്തെ പൂര്‍ണമായും മനസ്സിലാക്കാനാവൂ എന്ന പക്ഷക്കാരിയായ കാതറിന്, രാജീവ് ഭാഷ പഠിപ്പിക്കുന്നയാളാണെന്നു മനസ്സിലായതോടെ അദ്ദേഹത്തിന്റെ സഹായം തേടുകയായിരുന്നു. അങ്ങനെ കാതറിന് സാക്ഷരതാ മിഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തു. മലയാള പഠനം തുടങ്ങി.