കറുപ്പിലും വെളുപ്പിലും ഇനി ആ ചിത്രങ്ങളില്ല, എഴുത്തുകാരുടെ സൗന്ദര്യം ആ ചിത്രത്തിലുണ്ട്
കോഴിക്കോട്: എം.ടി ബഷീറിനെക്കുറിച്ചെഴുതിയ ഓര്‍മ്മക്കുറിപ്പില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ബഷീര്‍ പറഞ്ഞതായിട്ടാണ്. ‘അവന് പല രൂപത്തിലും വരും, ചിലപ്പോള്‍ പുനലൂര്‍ രാജന്റെ രൂപത്തിലും വരും’. ഒരിക്കല്‍ ബഷീറിന് അസുഖം കലശലായ രാത്രിയില്‍ പട്ടത്തുവിള കരുണാകരനും എം.ടിയുമെല്ലാം ബഷീറിന്റെ വീട്ടിലെത്തിയപ്പോള്‍ കത്തിയുമായി നില്‍ക്കുകയായിരുന്നു ബഷീര്‍. ഒപ്പം പേടിച്ചുമാറി പുനലൂര്‍ രാജനുമുണ്ട്.
മലയാളത്തില്‍ ബഷീറിന്റെ ചിത്രങ്ങള്‍ ഇത്രയധികം എടുത്തിട്ടുള്ള ഒരു ഫോട്ടോഗ്രാഫര്‍ രാജനെപ്പോലെ വേറെയില്ല. രാജന് ഫോട്ടോ എടുത്തെടുത്താണ് എന്റെ മുഖം തേഞ്ഞുപോയത് എന്ന് ബഷീര്‍ എപ്പോഴും പറയുമായിരുന്നുവെന്ന് ചിലര്‍ ഓര്‍ക്കുന്നു.
ബഷീറിന്റെ അവസാനത്തെ പടം പകര്‍ത്തിയത് പക്ഷേ രാജനല്ല. റസാഖ് കോട്ടക്കല്‍ പകര്‍ത്തിയ ആ പടത്തെക്കുറിച്ച് മാങ്ങാട് രത്നാകരന് ഒരിക്കല്‍ പറഞ്ഞിരുന്നു. അതിങ്ങനെയാണ്, ”ഒരിക്കല്‍ മാത്രം രാജന് ബഷീറിനെ കണ്ടിട്ടും നോക്കിയില്ല. എന്നുവെച്ചാല്‍ ക്യാമറയിലൂടെ നോക്കിയില്ല. ബഷീറിന്റെ നിശ്ചലശരീരമായിരുന്നു അന്ന് മുന്നിലുണ്ടായിരുന്നത്. അന്ന് ക്യാമറയിലൂടെ ബഷീറിനെ നോക്കിആ ഫോട്ടോഗ്രാഫറുടെ പേര്: റസാഖ് കോട്ടക്കല്‍.
രാജനെടുത്ത എം.ടി. ചിത്രങ്ങളുടെ ആല്‍ബത്തില്‍ എം.ടി.വാസുദേവന്‍ നായര്‍ എഴുതുന്നു, ”ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറയും കൊടുത്ത് ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്ക് അയച്ച ഒരു ചാരനുണ്ട്, പേര് പുനലൂര്‍ രാജന്.”
എം.ടിയുടെ കാലം എന്ന പുസ്തകത്തില്‍ പുനലൂര്‍ രാജന് ഓര്‍ക്കുന്നു: ”ബഷീറിനെ പിന്തുടര്ന്നതുപോലെ എം.ടിയെ പിന്തുടരാന് കഴിഞ്ഞില്ല. ഞാനെടുത്ത ബഷീര്‍ പടങ്ങള്‍ക്ക് കണക്കില്ല. എംടിയുടെ പടങ്ങള്‍ക്ക് കണക്കുണ്ട്. വാക്കുകള്‍ അളന്നുതൂക്കി ഉപയോഗിക്കുന്ന എംടിയുടെ ചിത്രങ്ങളും അളന്നുതൂക്കിമാത്രമെ ഞാന്‍ എടുത്തിട്ടുള്ളൂ,”
ബഷീറിന്റെ, എം.ടി.യുടെ, മാധവിക്കുട്ടിയുടെ, വയലാറിന്റെ, തകഴിയുടെ, അഴീക്കോടിന്റെ, ബാലാമണിയമ്മയുടെ, കടമ്മനിട്ടയുടെ, പുനത്തിലിന്റെ, ഇ.എം.എസിന്റെ, കെ.പി.എ.സി ലളിതയുടെ, ശാരദയുടെ, ടി.പത്മനാഭന്റെ, പത്മരാജന്റെ, വി.ആര്.സുധീഷിന്റെ.. അങ്ങനെ പുനലൂര്‍ രാജന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറയില്‍ എടുക്കാത്ത പഴയ തലമുറയിലെ എഴുത്തുകാര്‍ അപൂര്‍വമാണ്.
Leave a Reply