ദ്രാവിഡ ഭാഷാ ഗോത്രങ്ങള്‍ക്ക് 4500 വര്‍ഷത്തെ പഴക്കം
ബെര്‍ലിന്‍: ഇന്ത്യയില്‍ 22 കോടി ആളുകള്‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷകളുള്‍ക്കൊള്ളുന്ന ഗോത്രത്തിന് 4500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ നാലു മുഖ്യ ഭാഷകളുള്‍പ്പെടെ എണ്‍പതോളം തരം ഭാഷകളാണ് ദ്രാവിഡ ഗോത്രത്തില്‍പ്പെടുന്നത്. ജര്‍മ്മനിയിലെ മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സയന്‍സ് ഒഫ് ഹ്യൂമന്‍ ഹിസ്റ്ററിയിലെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാഷാഗവേഷകരുടെ സംഘമാണ് ആധുനിക ശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പഠനം നടത്തിയത്.
ഡെറാഡൂണിലെ വൈള്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയും പഠനത്തില്‍ സഹകരിച്ചു. പഠനഫലം റോയല്‍ സൊസൈറ്റി ഓപ്പണ്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചു.
മലയാളം ഉള്‍പ്പെടെയുള്ള നാലു മുഖ്യ ദ്രാവിഡഭാഷകള്‍ക്ക് സഹസ്രാബ്ദങ്ങളുടെ സാഹിത്യപാരമ്പര്യമുള്ളതാണ്. ഇതില്‍ പഴക്കം ചെന്ന ഭാഷ തമിഴാണ്. സംസ്കൃതത്തെക്കാള്‍ പഴക്കമുള്ളതാണ് തമിഴ്.
യുറേഷയിലെ പ്രാചീന ചരിത്രപഠനത്തെയും സഹായിക്കുന്നതാണ് ഈ പഠനം എന്ന് ഗവേഷകര്‍ പറയുന്നു. ഭാരതത്തിലേക്ക് ഇന്തോ-ആര്യന് വംശജര്‍ വന്നത് 3500 വര്‍ഷം മുമ്പാണ്. അവരുടേതാണ് സംസ്കൃതഭാഷ. എന്നാല്‍ അതിനും 1000 വര്‍ഷം മുമ്പുതന്നെ ഭാരതത്തില്‍ ദ്രാവിഡ ഭാഷകളുണ്ട്. ദ്രാവിഡരാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍ എന്നു തെളിയിക്കുന്നതാണ് ഈ ഭാഷാ പഠനം.
Leave a Reply