നെടുമുടി വേണു വിടവാങ്ങി, അഭിനയമികവിന്റെ തമ്പൊഴിഞ്ഞു
തിരുവനന്തപുരം: അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന് നെടുമുടി വേണു(73) ഓര്‍മയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു.
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്മാരില് ഒരാളാണ് കേശവന് വേണുഗോപാലന്‍ നായര്‍ എന്ന നെടുമുടി വേണു.
നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുമെന്ന് തീര്‍ച്ച. അരവിന്ദന്റെ തമ്ബില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂര്‍ത്തീകരണത്തിന്റെ ദശകങ്ങള്‍. മലയാളിപ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്കിയ നടനാണ് നെടുമുടി.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി കെ കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22നാണ് നെടുമുടി വേണു ജനിച്ചത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിലെത്തുന്നത്. 1978ല്‍ അരവിന്ദന് സംവിധാനം ചെയ്ത തമ്ബ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്വാന് എന്ന ചിത്രങ്ങളിലെ നെടുമുടിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്മാരില് ഒരാളായി മാറി. അഭിനയവൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി.
വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ആലപ്പുഴ എസ് ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദന്, പത്മരാജന്, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി.
വിടപറയും മുന്‍പേ, തേനും വയമ്ബും, പാളങ്ങള്‍, കള്ളന് പവിത്രന്, ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നിങ്ങനെ വ്യത്യസ്ത സിനിമകളില്‍ മലയാളികളും മലയാളസിനിമയും ഉള്ളിടത്തോളം കാലം നിലനില്‍ക്കുന്ന ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 500ല്‍ അധികം സിനിമകളില്‍ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്,ഒരു കഥ ഒരു നുണക്കഥ,സവിധം, തുടങ്ങി എട്ടു ചിത്രങ്ങള്‍ക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 2004 ല്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി.1981,1987,2003 എന്ന വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി. മലയാളം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി അനുശോചിച്ചു
മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു.
അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു.
പ്രതിപക്ഷ നേതാവ് അനുശോചിച്ചു
തിരുവരങ്ങിലെ വിളക്കണഞ്ഞു… വിസ്മയിപ്പിക്കുന്ന നടനും അതുല്യ കലാകാരനും മനുഷ്യസ്നേഹിയുമായ നെടുമുടി വേണുവിന് ആദരവോടെ പ്രണാമം. എന്തൊരു നടനായിരുന്നു അദ്ദേഹം. അഞ്ഞൂറോളം സിനിമകള്‍… ഒന്നിനൊന്ന് മികച്ച റോളുകള്‍… അഭിനയത്തിലെന്ന പോലെ വാദ്യകലയിലും സംഗീതത്തിലും നെടുമുടി വേണുവിന്റെ പ്രതിഭാ സ്പര്‍ശം നാം കണ്ടതാണ്. കഥകളി മുതല്‍ തനതു നാടകവേദി വരെ അരങ്ങിന്റെ എല്ലാ രീതിശാസ്ത്രവും നെടുമുടിക്ക് വഴങ്ങി. വള്ളപ്പാട്ടിന്റെയും വേലകളിയുടെയും കുട്ടനാടന്‍ സംസ്ക്കാരമാണ് ആ ഹൃദയത്തിന്റെ താളമായിരുന്നത്. അങ്ങ് ഞങ്ങള്‍ക്ക് സമ്മാനിച്ച കലാനുഭവങ്ങള്‍ക്ക് ആദരം… സ്നേഹം… നന്ദി… പെര്‍ഫക്ട് ആക്ടര്‍, ഗംഭീര താള കലാകാരന്, നല്ല പാട്ടുകാരന്, എ
Leave a Reply