മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞ് ഗിന്നസ് പക്രു നേട്ടങ്ങളിലേക്കുള്ള യാത്ര തുടരുകയാണ്. മൂന്നാം തവണയും ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് താരം. നടന്‍, സംവിധായകന്‍ എന്നിവയ്ക്ക് പുറമെ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന നേട്ടമാണ് പക്രുവിനെത്തേടിയെത്തിയത്. ഏറ്റവും പുതിയ ചിത്രം ‘ഫാന്‍സി ഡ്രസ്’ ആണ് പക്രുവിനെ നേട്ടത്തിന് അര്‍ഹനാക്കിയത്.
കേവലം 76 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള പക്രു ഏറ്റവും ഉയരം കുറഞ്ഞ നായകനടനായും സംവിധായകനായും നേരത്തെ ഗിന്നസില്‍ ഇടം പിടിച്ചിരുന്നു. അജയ് കുമാര്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥപേര്. ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്. രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനൊപ്പം അജയകുമാറും ചേര്‍ന്നാണ്.സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പക്രു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.