പുസ്തകവായന എക്കാലവും നിലനില്ക്കും: എം.ടി
തിരുവനന്തപുരം: പുസ്തകവായന എക്കാലവും നിലനില്‍ക്കുമെന്ന് വിശ്രുത എഴുത്തുകാരന് എം.ടി.വാസുദേവന്‍നായര്‍ പറഞ്ഞു. ഇമെയിലിലൂടെയും ഓഡിയോയിലൂടെയും ഉള്‍പ്പെടെ ആധുനികരീതിയിലുള്ള വായനകള്‍ ഇന്ന് ഏറെയുണ്ടെങ്കിലും അച്ചടിച്ച വാക്കുകള്‍ മുന്നില്‍ വരുന്നതിന്റെ പ്രാധാന്യവും സുഖവും ഏറെയാണെന്ന് എം.ടി ചൂണ്ടിക്കാട്ടി. ശുദ്ധമായ പുസ്തകവായനയാണ് ഏറെപ്പേരും ഇഷ്ടപ്പെടുന്നത്. പുസ്തകവായനയുടെ നിലനില്‍പ്പും വളര്‍ച്ചയും സാംസ്കാരിക നവോത്ഥാനത്തിന്റെ ഭാഗമാണെന്നും എം.ടി. പറഞ്ഞു. തിരുവനന്തപുരത്ത് ചാക്കയിലുള്ള മാള്‍ ഓഫ് ട്രാവന്‍കൂറില്‍ മാതൃഭൂമി ബുക്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ടി.
പുസ്തകങ്ങള്‍ വഴികാട്ടിയും വിളക്കുമാണെന്ന് ആന്റണ്‍ ചെക്കോവ് രചിച്ച ‘ദി ബെറ്റ്’ എന്ന കഥയുടെ ഉള്ളടക്കം വിവരിച്ചുകൊണ്ട് എം.ടി. പറഞ്ഞു. ഒരു ലക്ഷം റൂബിളിനു വേണ്ടി സ്വയം ഏകാന്തതടവ് ഏറ്റുവാങ്ങിയയാള്‍ പുസ്തകവായനയില്‍ അഭയംതേടുകയും ഒടുവില്‍ വിലമതിക്കാനാകാത്ത പുസ്തകങ്ങള്‍ വായിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയില്‍ പന്തയത്തുക വാങ്ങാതെ മടങ്ങുന്നതുമാണ് കഥാസാരം.
നമുക്ക് ഇനിയും എന്തൊക്കെയോ നേടാനുണ്ടെന്നു ബോധ്യപ്പെടുത്താനും നിരന്തരമായ അന്വേഷണത്തിനും വായനയിലൂടെയാണ് കഴിയുന്നതെന്ന് എം.ടി. പറഞ്ഞു. മേയര്‍ വി.കെ.പ്രശാന്ത് അധ്യക്ഷനായി. കുലീനത്വവും വ്യക്തിത്വവും നിലനിര്‍ത്തി നല്ല പുസ്തകങ്ങളെ വായനക്കാരിലേക്കെത്തിക്കുന്നതില്‍ ‘മാതൃഭൂമി’ വഹിക്കുന്ന പങ്ക് വലുതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ഭാവുകത്വത്തിന്റെയും നവീകരണത്തിന് ഈടുറ്റ സംഭാവനകളാണ് ‘മാതൃഭൂമി’യുടേതെന്ന് കവി പ്രഭാവര്‍മ പറഞ്ഞു.
മലയാളത്തിന്റെ സാംസ്കാരിക നവീകരണത്തിന് ‘മാതൃഭൂമി’ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് കവി മധുസൂദനന്‍നായര്‍ പറഞ്ഞു. സ്വാമി തപോവനം രചിച്ച്, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ഹിമഗിരി വിഹാരം’ എന്ന പുസ്തകം വി.മധുസൂദനന് നായര്‍ പ്രഭാവര്‍മയ്ക്കു നല്കി പ്രകാശനംചെയ്തു. മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി.രമേഷ്കുമാര്‍, യൂണിറ്റ് മാനേജര്‍ ആര്.മുരളി, മാള്‍ ഓഫ് ട്രാവന്‍കൂര്‍ ജനറല്‍ മാനേജര്‍ കിഷോര്‍കുട്ടി എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി ബുക്സിന്റെ തലസ്ഥാന നഗരിയിലെ രണ്ടാമത്തെ ഷോറൂമാണ് മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Leave a Reply