വയലാര്‍ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്, കൃതി ‘ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം
തിരുവനന്തപുരം: നാല്പത്തിനാലാമത് വയലാര്‍ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്റെ ‘ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം ‘ എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരനാണ് തിരുവനന്തപുരത്ത് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പനചെയ്ത ശില്‍പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ഡോ. കെ.പി മോഹനന്‍, ഡോ.എന്‍.മുകുന്ദന്‍, പ്രൊഫ.അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
കോട്ടയം ജില്ലയിലെ ഏഴാച്ചേരി ഗ്രാമത്തില്‍ ജനിച്ച രാമചന്ദ്
രന്‍ ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്ററായിരുന്നു. വാരാന്തപ്പതിപ്പിന്റെ ചുമതലയുമുണ്ടായിരുന്നു. മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ പ്രൊഫഷണല്‍ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്‌കാരങ്ങള്‍ നേടി. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. ഇപ്പോള്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. ചന്ദന മണീവാതില്‍ പാതിചാരി… എന്നുതുടങ്ങുന്ന ഗാനമുള്‍പ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചു.
കൃതികള്‍
ആര്‍ദ്രസമുദ്രം, ബന്ധുരാംഗീപുരം, കേദാരഗൗരി, കാവടിച്ചിന്ത്, നീലി, കയ്യൂര്‍, ഗന്ധമാദനംഎന്നിലൂടെ, തങ്കവും തൈമാവും(ബാലകവിതകള്‍), ജാതകം കത്തിച്ച സൂര്യന്‍, മഴ വരയ്ക്കുന്ന ഗുഹാചിത്രങ്ങള്‍, അമ്മവീട്ടില്‍പ്പക്ഷി(ബാലകവിതകള്‍) എന്നിവയാണ് പ്രധാന കൃതികള്‍ . ഉയരും ഞാന്‍ നാടാകെ, കാറ്റുചിക്കിയ തെളിമണലില്‍ (ഓര്‍മ്മപ്പുസ്തകം) എന്നിവ ലേഖനങ്ങളാണ്.

Leave a Reply