(നിരൂപണം)
എം.പി. ബാലഗോപാലന്‍
മാതൃഭൂമി ബുക്‌സ്
എം.പി. ബാലഗോപാല്‍ രചിച്ച വളരെ അപൂര്‍വമായ നിരൂപണ ഗ്രന്ഥമാണ് ‘വേറാക്കൂറ്’. അലിനേഷന്‍ എന്ന അന്യത്വബോദ ചിന്തയെ ലോകസംസ്‌കാരത്തിന്റെ ഗതിവിഗതികള്‍ വിടര്‍ത്തിക്കാട്ടി നാനാഭാഗങ്ങളില്‍നിന്നും ആഴത്തില്‍ വിഷയത്തിന്റെ മര്‍മം അനാവരണം ചെയ്യാന്‍ ശ്രമിക്കുകയാണ്. അവതാരികയില്‍ സി.പി.ശ്രീധരന്‍ ഇങ്ങനെ പറയുന്നു: ടോയന്‍ബിയെപ്പോലെ വിശ്വോത്തര ചിന്തകന്മാരെയെല്ലാം ഈ ചിന്താപ്രസ്ഥാനത്തിനദ്ദേഹം കൂട്ടുപിടിക്കുകയും, സ്വന്തം നിഗമനങ്ങളെ ആലോചനാമധുരമായ രീതിയില്‍ അനാവരണം ചെയ്യുകയുമാണ്. മതവും സമ്പദ്ശാസ്ത്രവും മറ്റനേകം ശാസ്ത്രവിജ്ഞാനവും നാക്കിന്‍തുമ്പത്തെന്നപോലെ അദ്ദേഹം ഉദ്ധരിക്കുകയും ഉരുവിടുകയും ചെയ്യുന്നു. ലോകസാഹചര്യത്തില്‍നിന്ന് ഇന്ത്യയുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ ഭാരതീയനെ നേരിടുന്ന പ്രശ്നമാക്കി അദ്ദേഹം അലിനേഷനെ രൂപാന്തരപ്പെടുത്തുന്നു. ഒടുവില്‍ ഭാരതീയമായ പ്രതിവിധിയും ചൂണ്ടിക്കാട്ടുന്നു.
ആമുഖം
എം.പി. ബാലഗോപാലന്‍
ഈ പുസ്തകത്തില്‍ എന്റേതായി യാതൊന്നുമില്ല; സ്വന്തം അജ്ഞതയെക്കുറിച്ച് എന്റെ മനസ്സിനുള്ള ഈര്‍പ്പമല്ലാതെ. വായിക്കുംതോറും കൂടുതല്‍ കൂടുതല്‍ അറിയാനുള്ള ആശ ഗുണനവൃദ്ധിക്രമത്തില്‍ ഇരച്ചുകയറുകയാണ്. സാംസ്‌കാരികവളര്‍ച്ചയില്‍ മനുഷ്യന്‍ പിന്നിട്ടുപോന്ന ക്ഷരമല്ലാത്ത (അക്ഷര) പ്രപഞ്ചത്തിന്റെ ഗരിമ അമ്പരപ്പിക്കുക തന്നെ ചെയ്യും. അതിന്റെ ആഴത്തിലും പരപ്പിലും താളുകളില്‍ മുങ്ങാംകുഴിയിട്ട് ആഴത്തിലേക്കു ചുഴിഞ്ഞുചുഴിഞ്ഞിറങ്ങുമ്പോള്‍, അക്ഷരങ്ങള്‍, പദങ്ങള്‍, വാചകങ്ങള്‍- എല്ലാം അവയുടെ രൂപം നഷ്ടപ്പെട്ട് ആശയങ്ങളായി നൃത്തം വയ്ക്കുന്നു. മനുഷ്യചേതനയുടെ മഹാലാസ്യം! ദാഹജലം സിരകളില്‍ ഇരച്ചുകയറുമ്പോഴുള്ള സ്വച്ഛത, കുളിര്‍മ, അന്തഃകരണത്തിന്നിതു നല്കുന്നു. എന്തൊരു സുന്ദരമായ, സമാസ്വാദ്യമായ, സമാദരണീയമായ, അനുഭവമാണത്!
ഉറുമ്പുകള്‍പോലെ ലിപികള്‍ മനസ്സില്‍ ചാലിട്ടുനീങ്ങുമ്പോള്‍ അവ ആത്മാവില്‍ കടിച്ചുതൂങ്ങി സംവേദിപ്പിക്കുന്നു. ആ വേദനതന്നെ സ്വര്‍ഗം.
ആചാര്യന്മാര്‍ കാല്പാടുകള്‍ ആഴത്തില്‍ത്തന്നെ പതിച്ച അറിവിന്റെ മണല്‍ത്തിട്ടകളില്‍നിന്നു മനസ്സില്‍ പതിഞ്ഞ രേണുക്കള്‍ കുടഞ്ഞുതെറിപ്പിച്ച് ഒരു മണല്‍ച്ചിറ കെട്ടാനാണ് മോഹം. അണ്ണാറക്കണ്ണനും തന്നാലാവും വിധമെന്ന അഹന്തയോടെതന്നെ ധൂളിധൂസരങ്ങള്‍ ആര്‍ദ്രപ്പെടുത്തി, കുഴച്ചുകൊഴുപ്പിച്ച്, കെട്ടിയും തട്ടിയും. വീണ്ടും കെട്ടിയും മണല്‍ക്കോട്ടകള്‍ കെട്ടുന്ന ഒരു പിഞ്ചുപൈതലിന്റെ വികൃതിയായി മാത്രം ഇത് അംഗീകരിക്കപ്പെടുമെങ്കില്‍!
ഈ മണ്ണപ്പം കടിച്ചുനോക്കുമ്പോള്‍, ചുളിയുന്ന മുഖങ്ങളും വളയുന്ന പുരികങ്ങളും ഞാന്‍ കാണുന്നു; ഇതിലെ രേണുക്കളെ സഞ്ചയിച്ചെടുത്ത മൂര്‍ത്തികളെ പുസ്തകത്തിന്റെ ഒടുവില്‍ നിരത്തി പൂവിട്ടു പ്രതിഷ്ഠിച്ചിട്ടുണ്ട്. അവ നിങ്ങളിലോരോരുത്തരിലും ഉണ്ടാക്കിയിരിക്കാവുന്ന, ഉണ്ടാക്കിയേക്കാവുന്ന, അനുഭൂതി പ്രപഞ്ചത്തിന്റെ ശബളിമയും മധുരിമയും ഇതിനെ കൂടുതല്‍ കയ്പുള്ളതാക്കുമെന്നുമറിയാം. പക്ഷേ, ഇതു കണ്ണോടിച്ചു വായിക്കുമ്പോള്‍, ആ പ്രപഞ്ചം നിങ്ങളില്‍ വിജ്യംഭിപ്പിക്കുന്ന ‘നെകലു’ (വിരാട്ട്)കള്‍ മതി, ഈ പുറാട്ടുകളിക്കുള്ള ന്യായീകരണമാവാനെന്നു സമാശ്വസിക്കട്ടെ. എന്തിനും വേണമല്ലോ ഒരുപശാന്തി.
കൂടുകൂട്ടാനുള്ള വാസനാകാലം തൊട്ടു തുടങ്ങിയതാണ് മനുഷ്യന് അന്യത്വബോധം അഥവാ, വേറാക്കൂറ്. ഇന്നത് അതിന്റെ രൗദ്രവും രാക്ഷസവുമായ രൂപത്തില്‍ ലോകത്തെമ്പാടും വ്യാപിച്ചു മാനംമുട്ടിനില്ക്കുകയാണ്; മനം മുട്ടിയും. മനുഷ്യന് ഈ കൊടുംവേദനയില്‍നിന്നു മോക്ഷമില്ലേ?
മുട്ടുശാന്തിയായും ഗുളികപ്രായത്തിലും പലപല പ്രതിവിധികള്‍ ആവിഷ്‌കൃതങ്ങളായിട്ടുണ്ട്. അവയുടെ ആചാര്യന്മാരാകട്ടെ, ആകാശംമുട്ടിനില്ക്കുന്ന അതിമാനുഷരും. വ്യാസന്‍, വാല്മീകി തുടങ്ങിയ ഋഷീശ്വരന്മാരില്‍നിന്നും
തുടങ്ങി ബുദ്ധന്‍. ജിനന്‍, അശോകന്‍, ശങ്കരന്‍, രാമകൃഷ്ണപരമഹംസര്‍. യാത്ര, പടിഞ്ഞാറന്‍നാടുകളിലോ, പ്ലേറ്റോ, അരിസ്റ്റോട്ടില്‍, ക്രിസ്തു. വിവേകാനന്ദന്‍, മഹാത്മാഗാന്ധി- ഇങ്ങനെ നീണ്ടുപോകുന്നു ഇന്ത്യന്‍ പ്രമുഖര്‍. മാര്‍ക്സ്, ലെനിന്‍- അങ്ങനെ. മധ്യപൗരസ്ത്യ നാടുകളിലാകട്ടെ ആദ്യം സൊറാസ്റ്റര്‍, പിന്നെ സര്‍വരേയും കാല്ക്കീഴില്‍പ്പെടുത്തിയ മുഹമ്മദ്നബിയും. ഇവരെല്ലാം തങ്ങളുടെ നോട്ടപ്പാടനുസരിച്ച്, ജീവിതദര്‍ശനങ്ങള്‍ കാഴ്ചവെച്ച -പ്രഭാഷിതങ്ങളില്‍ക്കൂടി, സ്വന്തം ജീവിതചര്യകള്‍വഴി. ഇതൊക്കെയായിട്ടും മനുഷ്യന്റെ അന്യത്വമെന്ന വേദന തെല്ലാന്ന് സ്പര്‍ശിക്കപ്പെട്ടുപോലും ഉള്ളൂവെന്നത്. alienation എന്ന ഈ തീരാശാപത്തിന്റെ ഗരിമ നമ്മെ ഓര്‍മിപ്പിക്കേണ്ടതാണ്. വളര്‍ന്നുകൊണ്ടേവരുന്ന ഈ ദുര്‍ഭൂതം മനുഷ്യരാശിയെ ഗ്രസിച്ചുതുടങ്ങിയിരിക്കുന്നു. സമൂഹത്തോടു പുറംതിരിഞ്ഞിരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതില്‍നിന്നും നമുക്കു മോചനമില്ലേ?
ഓരോ ജനതയും തങ്ങളുടേതായി സഞ്ചയിച്ചെടുത്ത അനുഭവങ്ങളുടെയും കടമകളുടെയും പ്രകാശരേണുക്കള്‍, പുത്തന്‍ പ്രശ്‌നങ്ങളെ നോക്കിക്കാണാനുള്ള ഒരു വീക്ഷണകോണ്‍ നമുക്കു സജ്ജമാക്കിയിട്ടുണ്ട്. നന്മയെക്കുറിച്ച്, ക്ഷേമത്തെക്കുറിച്ച്, ഗുണോത്കര്‍ഷത്തെക്കുറിച്ച്, നമ്മുടെ എല്ലാ മതിലുകളും പൊളിച്ചെഴുതപ്പെടാന്‍ പാകത്തില്‍ കാലഹരണം വന്നുകൊണ്ടിരിക്കുകയാണ്. ഇതേപ്പറ്റി നമ്മുടെ നായകന്മാര്‍ ബോധവാന്മാരാകുന്നതുവരെ മനുഷ്യനെ വെച്ചുപൊറുപ്പിക്കുവാന്‍ കാലം ക്ഷമകാണിക്കുമോ?
ഇങ്ങനെ ഒരു പുസ്തകമെഴുതാന്‍ എല്ലാ പ്രോത്സാഹനവും ഉപദേശവും തരികയും, ആശയസംഘട്ടനമുരച്ചുവിടുന്ന സംവാദം നടത്തുകയും ചെയ്ത് ധൈര്യം തന്ന സി.പി.ശ്രീധരനോടുള്ള കൃതജ്ഞത ഇവിടെ കുറിച്ചുകൊള്ളട്ടെ.