2018ലെ നെഹ്‌റു ട്രോഫി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
2018ലെ അറുപത്തിയാറാമത് നെഹ്‌റു ട്രോഫി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നെഹ്‌റുട്രോഫി ജലമേളയുടെ ഭാഗമായി അച്ചടിദൃശ്യമാധ്യമങ്ങളില്‍ വന്ന ജലമേളയുടെ പ്രചരണത്തിനു സഹായകമായ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം എന്നീ വിഭാഗങ്ങള്‍ക്കും ടി.വി. വാര്‍ത്താ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനുമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ട്രോഫിയും 10,001 രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് കേരള കൗമുദി ആലപ്പുഴ ബ്യൂറോ ചീഫ്‌റിപ്പോര്‍ട്ടര്‍ പി.അഭിലാഷിനാണ്. കേരള കൗമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ഫിനിഷിങ് പോയിന്റ്’ എന്ന വാര്‍ത്ത പരമ്ബരയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്‌കാരം ദേശാഭിമാനി ദിനപത്രത്തിലെ വയനാട് ബ്യൂറോ ഫോട്ടോഗ്രാഫര്‍ എം.എ. ശിവപ്രസാദിനാണ്. ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് മീഡിയ വണ്ണിലെ എബി തോമസിന് ലഭിച്ചു. മീഡിയ വണ്ണില്‍ സംപ്രേഷണം ചെയ്ത പോലീസ് ബോട്ട് ക്ലബ്ബ് സംബന്ധിച്ച വാര്‍ത്താ റിപ്പോര്‍ട്ടിങിനാണ് പുരസ്‌കാരം. മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം മീഡിയ വണ്ണിലെ ക്യാമറാമാനായ ജെ.മാഹിന് ലഭിച്ചു. പുരസ്‌കാര വിതരണം നെഹ്‌റുട്രോഫി ജലോത്സവ വേദിയില്‍ വച്ച് നടക്കും.
