തന്നെ ഭാര്യ മാത്രമായി ഒതുക്കിയെന്ന വിമര്‍ശനവുമായി വൃന്ദയുടെ പുസ്തകം
ന്യൂഡല്‍ഹി: തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്ന വെളിപ്പെടുത്തലുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ പുസ്തകം വരുന്നു. പാര്‍ട്ടിയിലെ രാഷ്ട്രീയമായ ഭിന്നതകളുടെ സന്ദര്‍ഭങ്ങളില്‍ ഈ സമീപനം കൂടുതലായിരുന്നുവെന്നും സിപിഎം പൊളിറ്റ്ബ്യൂറോയിലെത്തിയെ ആദ്യ വനിതയായ വൃന്ദ കുറ്റപ്പെടുത്തുന്നു. ‘ആന്‍ എജ്യുക്കേഷന്‍ ഫോര്‍ റീത’ എന്ന പേരില്‍ ഉടന്‍ പുറത്തിറങ്ങുന്ന ഓര്‍മ്മക്കുറിപ്പുകളിലാണ് ഇത്. റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് വൃന്ദയ്ക്ക് പാര്‍ട്ടി നല്കിയ വിളിപ്പേരായിരുന്നു.
‘ബീയിങ് എ വുമണ്‍ ഇന്‍ ദ് പാര്‍ട്ടി’ എന്ന അധ്യായത്തില്‍ വൃന്ദ പറയുന്നു: ‘1982 നും 1985 നും ഇടയില്‍ പ്രകാശായിരുന്നു പാര്‍ട്ടി ഡല്‍ഹി ഘടകം സെക്രട്ടറി. അക്കാലത്തു ഞാന്‍ വിലയിരുത്തപ്പെടുന്നുവെന്നോ എന്റെ പ്രവര്‍ത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേര്‍ത്തുവായിക്കപ്പെടുന്നുവെന്നോ ഒരിക്കലും തോന്നിയിരുന്നില്ല. മറ്റൊന്നും പരിഗണിക്കാതെ എന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു… പക്ഷേ, പിന്നീട് അതായിരുന്നില്ല അനുഭവം. ഡല്‍ഹിക്കുപുറത്തു ദേശീയതലത്തില്‍ പാര്‍ട്ടിയിലും മറ്റു സംഘടനകളിലും ഞാന്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുത്തു. എന്നാല്‍, ആ കാലത്ത് മിക്കപ്പോഴും കമ്യൂണിസ്റ്റ്, സ്ത്രീ, മുഴുവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തക എന്നിങ്ങനെയുള്ള എന്റെ സ്വത്വത്തെ അപ്പാടെ പ്രകാശിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. ഇത് രാഷ്ട്രീയഭിന്നതകളുടെ സമയത്ത് രൂക്ഷമായി. ദുഷ്ടലാക്കോടെ മാധ്യമങ്ങളില്‍ വരുന്ന ഗോസിപ്പുകളും അതിനു കാരണമായി. സഖാക്കളുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് കൂടുതല്‍ ബോധവതിയാവാന്‍ ഞാന്‍ നിര്‍ബന്ധിതയായി. അധികമായ സൂക്ഷ്മപരിശോധനയുടെ ഭാരം ഞാന്‍ നേരിടേണ്ടിവന്നു’.
Leave a Reply