ബ്രസീലിയന്‍ ചിത്രമായ ‘മാലു’വിന് സുവര്‍ണ ചകോരം
തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ബ്രസീലിയന്‍ ചിത്രമായ ‘മാലു’ നേടി. പെഡ്രോ ഫ്രയറിയാണ് സംവിധായകന്‍. നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ ചകോരത്തിനൊപ്പം സമ്മാനിച്ചു.
മികച്ച സംവിധായകനുള്ള രജതചകോര പുരസ്‌കാരത്തിന് ‘മി മറിയം ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 അദേര്‍സ്’ സിനിമയുടെ സംവിധായകന്‍ ഫര്‍ഷാദ് ഹാഷ്മി അര്‍ഹനായി. നാലുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാരനും സംവിധായകനും നടനുമായ ഫര്‍ഷാദ് ഹാഷ്മിയുടെ ആദ്യ ചലച്ചിത്രം കൂടിയാണ് ‘മി മറിയം ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 അദേര്‍സ്’.
പതിനാലു സിനിമകളാണ് ഇത്തവണ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നത്. ഫെമിനിച്ചി ഫാത്തിമ, അപ്പുറം എന്നിവയാണ് ഈ വിഭാഗത്തില്‍ മത്സരിച്ച മലയാളസിനിമകള്‍. മികച്ച നവാഗത സംവിധാനത്തിനുള്ള രജതചകോരം ചിലിയന്‍ ചിത്രം ദ ഹൈപ്പര്‍ബോറിയന്‍സ് സംവിധാനം ചെയ്ത ക്രിസ്റ്റോബല്‍ ലിയോണിനും ജോക്വിന്‍ കോസിനും. സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്‌സിന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന്റെ സംവിധായിക പായല്‍ കപാഡിയക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
68 രാജ്യങ്ങളില്‍നിന്നുള്ള 177 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്.
പുരസ്‌കാരങ്ങള്‍.
മികച്ച സംവിധായകന്‍: ഹര്‍ഷാദ് ഷാഷ്മി (മി മറിയം, ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 അദേഴ്സ്)
മികച്ച നവാഗത സംവിധായകനുള്ള രജതചകോരം: ഹൈപ്പര്‍ ബോറിയന്‍സ്
പോളിങ്ങിലൂടെ തെരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രം: ഫെമിനിച്ചി ഫാത്തിമ (ഫാസില്‍ മുഹമ്മദ്)
പ്രത്യേക പരാമര്‍ശം: അനഘ രവി (ചിത്രം- അപ്പുറം), ചിന്മയ സിദ്ധി (റിഥം ഓഫ് ദമാം), ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
ഫിപ്രസി പുരസ്‌കാരം: മി മറിയം, ദ ചില്‍ഡ്രന്‍ ആന്‍ഡ് 26 അദേഴ്സ്
മികച്ച മലയാള സിനിമക്കുള്ള ഫിപ്രസി പുരസ്‌കാരം: ശിവരഞ്ജിനി ജെ, (വിക്ടോറിയ)
ഫിപ്രസി പുരസ്‌കാരം, മികച്ച അന്താരാഷ്ട്ര സിനിമ: ഫെമിനിച്ചി ഫാത്തിമ
മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം: ഫെമിനിച്ചി ഫാത്തിമ
പ്രത്യേക ജൂറി പരാമര്‍ശം: മിഥുന്‍ മുരളി (കിസ് വാഗണ്‍)
മികച്ച നവാഗത സംവിധായകനുള്ള കെ.ആര്‍ മോഹനന്‍ പുരസ്‌കാരം: ഇന്ദു ലക്ഷ്മി (അപ്പുറം)
പ്രത്യേക ജൂറി പരാമര്‍ശം: ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
റിയോ ഡി ജനീറോയിലെ ചേരിയിലെ ഒരു അപകടകരമായ വീട്ടില്‍ യാഥാസ്ഥിതികയായ അമ്മയോടൊപ്പം താമസിക്കുന്ന ഒരു മെര്‍ക്കുറിയല്‍, തൊഴിലില്ലാത്ത നടിയുടെ കഥയാണ് മാലു പറയുന്നത്. അവളുടെ മഹത്തായ, കലാപരമായ ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്നതിനിടയില്‍ പ്രായപൂര്‍ത്തിയായ സ്വന്തം മകളുമായുള്ള സംഘര്‍ഷാത്മകമായ ബന്ധത്തെയും നേരിടുന്നു.
ചലച്ചിത്ര, നാടക, ടിവി സംവിധായകനും എഴുത്തുകാരനും നിര്‍മ്മാതാവുമാണ് പെഡ്രോ ഫ്രെയര്‍.അദ്ദേഹത്തിന്റെ ബ്ലിസ് എന്ന ഹ്രസ്വചിത്രം ബ്രസീലില്‍ നിരവധി സമ്മാനങ്ങള്‍ നേടുകയും വെനീസ് ഫിലിം ഫെസ്റ്റിവലില്‍ കന്നി പ്രദര്‍ശനം നടത്തുകയുമുണ്ടായി.
Leave a Reply