ഷാര്‍ജ: പ്രശസ്തമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഡിസി ബുക്സിന് മികച്ച അന്താരാഷ്ട്ര പ്രസാധക അവാര്‍ഡ് രണ്ടാം തവണയും ലഭിച്ചു. ഇന്ത്യയിലെ പ്രമുഖ പ്രസാധകരില്‍ ഒന്നായ ഡിസി ബുക്സിന് ഇതു രണ്ടാം തവണയാണ് ഷാര്‍ജയില്‍നിന്ന് മികച്ച അന്താരാഷ്ട്ര പ്രസാധകനുള്ള പുരസ്‌കാരം ലഭിക്കുന്നത്. ആഗോള സാഹിത്യരംഗത്ത് ഡിസി ബുക്സിന്റെ മഹത്തായ സംഭാവനകളെ ഈ ബഹുമതി അടിവരയിടുന്നു. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സ്ഥാപിച്ചതാണ് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍.
2013-ല്‍ ആദ്യമായി ഈ ബഹുമതി നേടിയ ഡിസി ബുക്സ് രണ്ടുതവണ ഈ അഭിമാനകരമായ അവാര്‍ഡ് നേടിയ ഒരേയൊരു ഇന്ത്യന്‍ പ്രസാധകരാണ്. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ് ബോദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയില്‍നിന്ന് ഡിസി ബുക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രവി ഡീസി അവാര്‍ഡ് സ്വീകരിച്ചു.
ഇന്ത്യയില്‍ പേപ്പര്‍ബാക്ക് വിപ്ലവത്തിന് നേതൃത്വം നല്‍കിയ, പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായ ഡി സി കിഴക്കേമുറിയാണ് 1974 ല്‍ ഡിസി ബുക്‌സ് സ്ഥാപിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് പ്രസാധകരില്‍ ഒന്നാണ് ഡിസി ബുക്‌സ്. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ മുതല്‍ അക്കാദമിക്, റീജിയണല്‍ വര്‍ക്കുകള്‍ വരെ വിവിധ വിഭാഗങ്ങളിലായി വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ 1,500-ലധികം പുതിയ ശീര്‍ഷകങ്ങള്‍ പ്രതിവര്‍ഷം പ്രസിദ്ധീകരിക്കുന്നു. ഡിസി ബുക്സ് ഇന്ത്യയിലെ ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് പുസ്തക വ്യവസായമാണ്.
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (കെഎല്‍എഫ്) സംഘാടകരാണ് ഡിസി ബുക്‌സ്. യുനെസ്‌കോയുടെ സാഹിത്യ നഗരമായ കോഴിക്കോട്ടെ മനോഹരമായ കടല്‍ത്തീരത്ത് വര്‍ഷം തോറും നടക്കുന്ന കെഎല്‍എഫ്, അരദശലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. നോബല്‍ സമ്മാന ജേതാക്കള്‍, ബുക്കര്‍ പ്രൈസ് ജേതാക്കള്‍, ഓസ്‌കര്‍ ജേതാക്കള്‍ എന്നിവരുള്‍പ്പെടെ 500-ലധികം പ്രഭാഷകരെ ഫെസ്റ്റിവല്‍ ഒരുമിച്ച് കൊണ്ടുവരുന്നു. വിപുലമായ പരിപാടികള്‍, പാനല്‍ ചര്‍ച്ചകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയാല്‍, നാല് ദിവസത്തെ ഉത്സവം ഏഷ്യയിലെ ഏറ്റവും കൗതുകകരവും ആകര്‍ഷകവുമായ സാഹിത്യ പരിപാടികളിലൊന്നായി മാറിയിരിക്കുന്നു.