പാശ്ചാത്യസാഹിത്യ നിരൂപണം– സാമുവല്‍ ടെയ്ലര് കോള്‍റിഡ്ജ്
പാശ്ചാത്യസാഹിത്യവിമര്ശനത്തിലെ ഏറ്റവും വലിയ കാല്പനിക വിമര്‍ശകനാണ് കോള്‍റിഡ്ജ്. ജര്‍മ്മന്‍ ചിന്തകരായ കാന്റ്, ഷില്ലര്‍ എന്നിവര്‍ കോള്‍ റിഡ്ജിന്റെ വിചാരജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.
കോള്‍റിഡ്ജിന്റെ പ്രധാന വിമര്‍ശന കൃതികള്‍
1. ലക്ചേര്‍സ് ഓണ്‍ ഷെയ്ക്സിപിയര് ആന്റ് അദേഴ്സ്.
2. ബയോഗ്രാഫിയ ലിറ്ററേറിയ
3. ദ ഫ്രണ്ട്
4. ടേബിള്‍ ടോക്സ്
5. ലെറ്റേഴ്സ്
6. എയിഡ്സ് ആന്റ് റിഫ്ളക്ഷന്‍സ്
7. കണ്‍ഫെക്ഷന്‍ ഓഫ് ആന്‍ ഇന്ക്വയറിംഗ് സ്പിരിറ്റ്
8. അനിമ പോയറ്റേ
9. സിബിലൈന് ലീവ്സ്
ഇവയില്‍ ഷേക്സ്പിയറിനെക്കുറിച്ച് രചിച്ച പ്രഭാഷണലേഖനങ്ങളിലും ബയോഗ്രാഫിയ ലിറ്ററേറിയ എന്ന ഗ്രന്ഥത്തിലുമാണ് കോള്‍റിഡ്ജിന്റെ പ്രധാന വിമര്‍ശന സിദ്ധാന്തങ്ങളൊക്കെ അവതരിപ്പിച്ചിരിക്കുന്നത്.
ഭാവന ഒരു ഏകീകൃത ശക്തിയാണെന്ന ഷില്ലിംഗിന്റെ സങ്കല്പമാണ് ഭാവനയെക്കുറിച്ച് പുതിയ ചില സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാന്‍ കോള്റിഡ്ജിനെ പ്രേരിപ്പിച്ചത്. ഇമാജിനേഷന് എന്ന് എപ്പോഴും എഴുതുന്ന ഈ വിമര്ശകന് ഭാവനയെയും ഫാന്‍സിയെയും രണ്ടു വിഭിന്ന സിദ്ധികളായി കണ്ടുകൊണ്ടാണ് ബയോഗ്രാഫിയ ലിറ്ററേറിയ എന്ന ഗ്രന്ഥത്തില്‍ ഭാവനയെക്കുറിച്ചുള്ള തന്റെ ചിന്ത അവതരിപ്പിക്കുന്നത്. കോള്റിഡ്ജിനു മുമ്പ് ജീവിച്ചിരുന്ന ലോക്, ഡേവിഡ് ഹ്യൂം ഡേവിഡ്, ഹേര്‍ട്ട്ലി എന്നിവര്‍ ഭാവനയെയും ഫാന്റസിയെയും പര്യായപദങ്ങളായാണ് ഉപയോഗിച്ചിരുന്നത്. കോള്‍റിഡ്ജ് ഇവ രണ്ടും വിഭിന്നസിദ്ധികളാണെന്നു പ്രഖ്യാപിച്ചു. സ്ഥലകാലങ്ങളുടെ വ്യവസ്ഥയില്‍നിന്നും മോചിക്കപ്പെട്ട സ്മരണയാണ് ഫാന്റസി. സഞ്ചയിക്കുകയും ഒന്നിച്ചുചേര്‍ക്കുകയും ചെയ്യുന്ന ഈ ശക്തി പലപ്പോഴും യാന്ത്രികമാണ്. എന്നാല്‍, ഭാവനയ്ക്ക് സര്‍വാതിശായിയായ പ്രാധാന്യവും യോഗാത്മകമായ അര്ത്ഥഗൗരവവും നല്‍കിക്കൊണ്ട് അതിനെ രൂപപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ശക്തി എന്ന് കോള്‍റിഡ്ജ് വിശേഷിപ്പിക്കുന്നു. മനുഷ്യന്റെ മുഴുവന്‍ ആത്മാവിനെയും പ്രവര്‍ത്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തിയാണിത്.
ഭാവന രണ്ടുതരത്തിലുണ്ടെന്ന് കോള്‍റിഡ്ജ് പറയുന്നു. ഒന്നാമത്തത്, പ്രാഥമിക ഭാവന. ഇത് ഇന്ദ്രിയങ്ങളില്‍ക്കൂടിയുള്ള വസ്തു സ്വഭാവബോധത്തിന്റെ ജീവത്തായ സിദ്ധിയും പ്രധാന പ്രതിനിധിയുമാണ്. ശക്തിയിലും പ്രവര്‍ത്തനരീതിയിലും വ്യത്യാസം കാണിക്കുന്ന ദ്വീതിയഭാവന പ്രകൃതിയെ അതിന്റെ ഹിതത്തിനനുസരിച്ച് മാറ്റിക്കളയുന്നു. നൂതനമായി ഒന്ന് നിര്‍മ്മിക്കാന്‍ വേണ്ടി ആദര്‍ശരൂപം നല്‍കാനും ഏകീകരിക്കാനും വേണ്ടി തീവ്രയത്നം നടത്തുന്ന ഈ ഭാവന എല്ലാറ്റിനെയും ലയിപ്പിക്കുകയും ഉടയ്ക്കുകയും ഉരുക്കുകയും ചെയ്യുന്നു. ഈ ഏകീകരണ ശക്തിയെ മുന്‍നിര്‍ത്തിക്കൊണ്ടാണ് ദ്വിതീയ ഭാവനയെ എസംപ്ലാസ്റ്റിക് ഇമാജിനേഷന് എന്ന പുതിയൊരു പദം കൊണ്ട് കോള്‍റിഡ്ജ് വിശേഷിപ്പിച്ചത്. എസംപ്ലാസ്റ്റിക് എന്നാല്‍ ഒന്നാക്കി രൂപപ്പെടുത്തുക. ടു ഷെയ്പ് ഇന്റു വണ്‍ എന്നര്‍ത്ഥം. ഇങ്ങനെ ഭാവനയെ വിശുദ്ധശക്തികളുടെ തുലനാവസ്ഥയും ഭിന്നിച്ചുനില്ക്കുന്ന ഭാവനകളുടെ വ്യഞ്ജനവും സൃഷ്ടിക്കുന്ന ഒന്നാണെന്ന് സൂചിപ്പിച്ചുകൊണ്ട് കവിഭാവനയ്ക്ക് മന:ശാസ്ത്രപരമായ വ്യാഖ്യാനം കോള്‍റിഡ്ജ് നല്കി. ആംഗല വിമര്‍ശനത്തിന് കോള്‍റിഡ്ജ് നല്കിയ ഏറ്റവും വലിയ സംഭാവന ഇതാണെന്ന് എം.എച്ച്.എബ്രാംസ് പറയുന്നു എന്നാല്‍, ്ഐ.എ.റിച്ചാര്ഡ്സിനെപ്പോലെയുള്ളവര് കോള്‍റിഡ്ജിന്റെ ഈ സമീപനത്തെ അംഗീകരിച്ചുകൊണ്ടു തന്നെ ഭാവനയ്ക്ക് അദ്ദേഹം നല്കിയ സര്‍വാതിശായിയായ പ്രാധാന്യത്തെ നിഷേധിക്കുകയാണ് ചെയ്തത. ഭാവനയെ സംബന്ധിച്ചിടത്തോളം ദിവ്യരഹസ്യാത്മകമായി യാതൊന്നുമില്ലെന്ന് റിച്ചാര്‍ഡ്സ് വാദിക്കുന്നു.
ഗ്രാമീണ ജീവിതത്തിന്റെ നൈസര്‍ഗിക സ്വഭാവത്തെ കാവ്യഭാഷയില്‍ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വേര്‍ഡ്സ്വര്‍ത്തിന്റെ ചിന്തയുടെ നേരെയുള്ള ആക്രമണം ബയോഗ്രാഫിയ ലിറ്ററേറിയ എന്ന ഗ്രന്ഥത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്.
നിയോക്ലാസിക് കാവ്യശൈലിയുടെ പോരായ്മയെക്കുറിച്ചുള്ള വേര്‍ഡ്സ്വര്‍ത്തിന്റെ അഭിപ്രായത്തോട് കോള്റിഡ്ജിന് യോജിപ്പുണ്ട്. എന്നാല്‍, കവിത നൈസര്‍ഗിക വികാരങ്ങള്‍ക്ക് വിധേയരായവരുടെ നൈസര്‍ഗിക ഭാഷയാണെന്നും കവി ഗ്രാമീണജീവിതത്തിന്റെ ലാളിത്യത്തെയാണ് ചിത്രീകരിക്കേണ്ടത് എന്നുമുള്ള അഭിപ്രായത്തോട് കോള്‍റിഡ്ജ് യോജിക്കുന്നില്ല. ഗ്രാമീണരായതുക്കൊണ്ടുമാത്രം അവര്‍ നല്ലവരായിരിക്കണമെന്നില്ല. വേര്‍ഡ്സ്വര്‍ത്തിന്റെ ചില കാവ്യങ്ങളിലെ കഥാപാത്രങ്ങള്‍ ഗ്രാമീണരായതുകൊണ്ടു മാത്രമല്ല ആസ്വാദകരെ ആകര്‍ഷിക്കുന്നത്. ഗ്രാമീണ ജീവിതത്തിന്റെ സ്വഭാവമല്ല അവര്‍ പ്രകടിപ്പിക്കുന്നത്. അവരുടെ ചിന്ത, വികാരം, ഭാഷ ഇവയെല്ലാം നഗരജീവിതം നയിക്കുന്നവരില്‍നിന്ന് വ്യത്യസ്തമല്ല. അവര്‍ നമ്മെ ആകര്‍ഷിക്കുന്നത് ഗ്രാമീണരായതുകൊണ്ടല്ല. അവരെല്ലാം അരിസ്റ്റോട്ടില്‍ വിശേഷിപ്പിച്ച, ആദര്ശവല്ക്കരിച്ച വ്യക്തികളായതുകൊണ്ടാണ്.
പ്രാദേശികതയും പരുക്കന്‍ സ്വഭാവവും നീക്കംചെയ്ത ഒരു ഭാഷയെയാണ് കാവ്യഭാഷയായി സ്വീകരിക്കേണ്ടതെന്ന വേര്‍ഡ്സ്വര്‍ത്തിന്റെ വാദത്തിലെ അര്‍ഥരാഹിത്യത്തെ കോള്‍റിഡ്ജ് ശരിക്കും പരിഹസിക്കുന്നു. പ്രാദേശികത്വവും പരുക്കന്‍ സ്വഭാവവും മാറ്റിയാല്‍ അതിന് സാധാരണ മനുഷ്യരുടെ ഭാഷയുമായി വേര്‍ഡ്സ്വര്‍ത്ത് വിചാരിക്കുന്നതുപോലുള്ള യാതൊരു ബന്ധവും കാണില്ലെന്നും കോള്‍റിഡ്ജ് അഭിപ്രായപ്പെടുന്നു.
ഗ്രാമീണരുടെ ഭാഷയുടെ ഉത്തമ സ്വഭാവത്തെക്കുറിച്ചുള്ള വേര്‍ഡ്സ്വര്‍ത്തിന്റെ അഭിപ്രായവും കോള്‍റിഡ്ജ് നിഷേധിക്കുന്നു. പരിമിതമായ ജീവിതാനുഭവങ്ങളുള്ള ഗ്രാമീണര്‍ക്ക് പരിമിതമായ ഒരു പദസമ്പത്താണ് ഉള്ളത്. അതുകൊണ്ട് ഒരു വികാരസമുദ്രത്തിന്റെ ഉടമസ്ഥനായ കവിക്ക് അയാളുടെ ആത്മപ്രകാശത്തിന് ഈ പദസമ്പത്ത് മതിയാവുകയില്ല. സാന്മാര്ഗിക മൂല്യങ്ങളെക്കുറിച്ചും മതാനുഭൂതികളെക്കുറിച്ചും ഗ്രാമീണരോട് സംസാരിക്കേണ്ടിവരുന്ന മിഷനറിമാര്‍ക്ക് ഈ പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കോള്‍റിഡ്ജ് വ്യക്തമാക്കുന്നു.
ഗദ്യത്തിനും ഛന്ദോബദ്ധമായ പദ്യത്തിനും തമ്മില്‍ വ്യത്യാസമില്ല, ഉണ്ടായിരിക്കുകയുമരുത് എന്ന വേര്‍ഡ്സ്വര്‍ത്തിന്റെ ആശയത്തെ കോള്‍റിഡ്ജ് എതിര്‍ക്കുന്നു. ഇതിനെക്കാള്‍ വലിയ വ്യത്യാസം ഗദ്യത്തിനും ഛന്ദോബദ്ധമായ പദ്യത്തിനുമുണ്ട്. ഛന്ദോബദ്ധത കവിതയ്ക്ക് പുതിയൊരു ലഹരി നല്‍കും. അത് കൂട്ടിച്ചേര്‍ത്ത ഒന്നല്ല. കവിതയുടെ ജൈവചൈതന്യത്തിന്റെ ഭാഗമാണ്. സ്വയം ഗുണമില്ലാത്ത ഒന്നാണെങ്കിലും ആനുപാതികമായി ചേര്‍ക്കുമ്പോള്‍ മദ്യത്തിന് ലഹരി നല്കുന്ന യീസ്റ്റിനോടാണ് കോള്‍റിഡ്ജ് ഛന്ദസ്സിനെ താരതമ്യംചെയ്യുന്നത്. ഛന്ദസ്സിലാത്ത കവിത അപൂര്‍ണവും വികലവുമാണ്. അതുകൊണ്ട് ഗദ്യത്തിനും ഛന്ദോബദ്ധമായ രചനയ്ക്കും തമ്മില്‍ വ്യത്യാസമുണ്ടായിരിക്കുകയും വേണമെന്ന് കോള്‍റിഡ്ജ് സമര്‍ത്ഥിക്കുന്നു.
ഭാവനയേയും കാവ്യഭാഷയേയും കുറിച്ചുള്ള കോള്‍റിഡ്ജിന്റെ അഭിപ്രായം ആധുനിക വിമര്‍ശനത്തെ ശക്തിയായി സ്വാധീനിച്ചിട്ടുണ്ട്. ആദ്യത്തെ ആധുനിക വിമര്ശകന് കോള്റിഡ്ജാണെന്നു ഹേമാന് അഭിപ്രായപ്പെടുന്നു. എന്നാല്‍, മറ്റു ചില വിമര്‍ശകര്‍ ഇതിനോട് യോജിക്കുന്നില്ല. കവിഭാവനയെക്കുറിച്ചുള്ള കോള്‍റിഡ്ജിന്റെ സിദ്ധാന്തം ദുര്‍ബലവും വ്യാകര്ണവുമാണെന്ന് എഫ്.എല്‍.ലുക്കാസ് പറയുന്നു.
Leave a Reply