ഒ.എന്‍.വിയുടെ ഉജ്ജയിനിയെപ്പറ്റി ഒരു സുഹൃല്‍സംവാദം
എം.ടി.വാസുദേവന്‍ നായര്‍, എന്‍.പി.മുഹമ്മദ്, എം.എം.ബഷീര്‍ എന്നിവരും ഒ.എന്‍.വിയും പങ്കെടുത്ത ഈ സുഹൃല്‍സംവാദം ഉജ്ജയിനി’ എന്ന കാവ്യഗ്രന്ഥത്തിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുള്ളതാണ്.
എന്‍.പി: ഒ.എന്‍.വി ഉജ്ജയിനിക്കെഴുതിയ ഹസ്വമായ ആമുഖക്കുറിപ്പില്‍ ഇതെഴുതാനുണ്ടായ മൂന്നുനാലു കാരണങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇങ്ങനെയൊരു കാവ്യാഖ്യായിക എഴുതാനുള്ള ആന്തരപ്രചോദനമെന്താണ്?
ഒ.എന്‍.വി: കാളിദാസകൃതികള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനിടില് എന്റെ മനസ്സില്‍ രൂപപ്പെട്ട കവിയുടെ പ്രതിച്ഛായയും ഐതിഹ്യങ്ങളില്നിന്നുയര്ന്നുവന്ന കാളിദാസ പ്രതിച്ഛായയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തോന്നി. അപ്പോള്‍ കാളിദാസനെ ആ കൃതികളില്‍ത്തന്നെ തിരഞ്ഞു കണ്ടെത്തണമെന്നു തോന്നി. കേട്ട കഥകള്‍ പലതും ‘നട്ടാല്‍ക്കുരുക്കാത്ത നുണ’യാണെന്ന് ആ വരികള്‍ക്കിടയില്‍ തെളിഞ്ഞുവരുന്ന ഒരനുഭവം…
എം.ടി: മണ്ടന്‍ മരംവെട്ടുന്ന കഥയ്ക്കും മറ്റും വലിയ പ്രചാരമാണിന്നും.
ഒ.എന്‍.വി: സ്ത്രീപുരുഷ ബന്ധത്തെപ്പറ്റിയും പ്രേമത്തെപ്പറ്റിയുമുള്ള കവിസങ്കല്പമെന്താണ്? വാക്കുമര്‍ഥവും പോലെയുള്ള പാരസ്പര്യമാണ് പാര്‍വതീപരമേശ്വരന്മാര്‍ക്ക്. ഇണയുടെ കൂര്‍ത്ത കൊമ്പിന്തുമ്പത്ത് കണ്മുന ചേര്‍ത്തുവച്ച് ഉരസുന്ന പേടമാനിന് സ്നേഹമെന്നത് വിശ്വാസത്തിന്റെ പരകോടിയാണ്! വൈരാഗിയില്‍ രാഗമുദിപ്പിക്കാന് പഞ്ചാഗ്നി മധ്യത്തില്‍ തപസ്സുചെയ്യുന്ന പിഞ്ചുകന്യകയേയും, മനുഷ്യനെ സ്നേഹിക്കുന്ന അപ്സരസ്സിനെയും സൃഷ്ടിച്ച കവിക്ക് ഐതിഹ്യങ്ങള്‍ ചാര്‍ത്തിക്കൊടുത്തത് കുത്തഴിഞ്ഞ ജീവിതവും, വേശ്യാലയത്തില്ക്കിടന്നുള്ള ദുര്മ്മരണവുമൊക്കെയല്ലേ?
എന്‍.പി: ഐതിഹ്യങ്ങളിലും കൃതികളിലും കാണുന്ന കാളിദാസ പ്രതിച്ഛായകള്‍ക്ക് വല്ലാത്ത വൈരുധ്യമുണ്ടെന്ന് ആര്‍ക്കും തോന്നും.
ഒ.എന്‍.വി: ഈ വൈരുധ്യമാണ് കാളിദാസന്റെ സത്യമന്വേഷിക്കാനെന്നെ പ്രേരിപ്പിച്ചത്.
ബഷീര്‍: ആട്ടെ,ഇത്രയേറെ മോശപ്പെട്ട ഐതിഹ്യങ്ങളുണ്ടായതിന്റെ പിന്നിലെന്തെങ്കിലും പ്രത്യേകത കാണുന്നുണ്ടോ?
ഒ.എന്‍.വി: മഹാനായ ഒരു കവി, യശസ്സിനോടൊപ്പം അസഹിഷ്ണുക്കളായ ശത്രുക്കളെയും നേരിടുന്നു, അവരുടെ അസൂയ നേടുന്നു
എം.ടി: അത് കാളിദാസന്റെ കാര്യത്തില്‍ മാത്രല്ലാ, നമ്മുടെ തുഞ്ചത്തെഴുത്തച്ഛന്റെ കഥയെന്താണ്? വലിയൊരു കവിയെന്ന അംഗീകാരം നേടിയപ്പോള്‍ അദ്ദേഹത്തിന്റെ പിതൃത്വത്തെപ്പറ്റി പോലുമുണ്ടായില്ലേ കഥകള്‍? പണ്ഡിതനായ എതോ ബ്രാഹ്മണന് രാത്രിയില്‍ വന്ന് ചക്കാല സ്ത്രീയുമായി ബന്ധപ്പെട്ടെന്നും, അങ്ങനെ ബ്രാഹ്മണസന്തതിയായി പിറന്നതുകൊണ്ട് വലിയ കവിത്വസിദ്ധി ലഭിച്ചുവെന്നും മറ്റും… മാനുഷികമായ ഒരു നേട്ടത്തെ അങ്ങനെത്തന്നെ കാണാതെ അതിലേതോ ദിവ്യമായ ഒരംശം (എ ഡിവൈന്‍ എലിമെന്റ്) ഉണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം.
ഒ.എന്‍.വി: ‘ ഡിവൈന്‍’ എന്നതിനേക്കാള്‍ ഒരു സൂപ്പര്‍സ്റ്റിഷ്യസ് എലിമെന്റ് ഉണ്ടെന്നു വ്യാഖ്യാനിക്കാനുള്ള ശ്രമം.
എം.ടി: അതൊരു പതിവ് ഇന്ത്യന്‍രീതിയാണ്.
എന്‍.പി: അതെ, മാനുഷിക സിദ്ധി പൊതുവേ അംഗീകരിക്കാത്ത ഇന്ത്യന്‍രീതി.
ബഷീര്‍: ഒരു കണക്കിലതൊരംഗീകാരമാണ്-പരോക്ഷമായിട്ട്.
ഒ.എന്‍.വി: എഴുത്തച്ഛന് ഗന്ധര്‍വനായിരുന്നു എന്നു പറയുമ്പോള്‍, ഒരു ഗന്ധര്വനുമാത്രം കഴിയുന്ന എന്തോ ഒന്ന് അദ്ദേഹം ചെയ്തു എന്ന ധാരണയുണ്ടാവുന്നില്ലേ? ഒരു ചക്കാല സ്ത്രീയുടെ വയറ്റില്‍പിറന്ന അദ്ദേഹത്തിന് അത് മഹത്തായ ഒരംഗീകാരമായിത്തീരുന്നില്ലേ?
ബഷീര്‍: കഥ ചമച്ചവരുടെ ലക്ഷ്യം മറ്റെന്തു തന്നെയായാലും.
എന്‍.പി: പക്ഷേ, കാലക്രമത്തിലത് ആസ്വാദനത്തെത്തന്നെ തകരാറിലാക്കുന്നു എന്നാണെനിക്കു തോന്നുന്നത്. കവിയുടെ ചുറ്റും ഒരു ദിവ്യപരിവേഷം വളര്‍ത്തി അതിന്റെ വെളിച്ചത്തില്‍ കവിതയെ വിലയിരുത്താനുള്ള ഒരു ശ്രമം-അതല്ലേ സംഭവിക്കുക? എല്ലാ ഐതിഹ്യങ്ങള്‍ക്കും ഇത്തരമൊരു വിധി നേരിടേണ്ടിവരുന്നുണ്ട്. ഖലീല്‍ ജിബ്രാന്റെ കവിതയോര്ക്കുന്നില്ലേ?
ഒ.എന്‍.വി: എതു കവിത?
എന്‍.പി: എഴുനൂറു കൊല്ലം മുമ്പ് ലെബനോണിലെ എഴു കാരണവന്മാര് രാവിലെ ആകാശത്തേക്കു നോക്കിയപ്പോള്‍ എഴു വെളുത്ത പറവകളെ കണ്ട കഥ’ കാരണവന്മാരില് ഒരാളിന്റെ ഇടതുകണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. അദ്ദേഹം ഒരു പറവയുടെ ഇടത്തേ ചിറകില്‍ ഒരു കറുത്ത പുള്ളിയുണ്ടെന്ന് പറഞ്ഞിരുന്നു. ഈ കഥ ഇപ്പോഴും ലെബനോണില്‍ പറയുന്നുണ്ടത്രെ. ഒരു സുപ്രഭാതത്തില്‍ ഞങ്ങളുടെ എഴു കാരണവന്മാര് ആകാശത്തേക്കു നോക്കിയപ്പോള്‍ എഴു കറുത്ത പറവകളെ കണ്ടുവെന്നാണ് ഇപ്പോള്‍ പറയുന്ന കഥ. കാലക്രമത്തില്‍ എല്ലാ ഐതിഹ്യങ്ങള്‍ക്കും വന്നുപെടുന്ന ഈ ദുരന്തം കാളിദാസന്റെ കാര്യത്തിലും സംഭവിച്ചിരിക്കാം.
ബഷീര്‍:നിന്ദയായാലും സ്തുതിയായാലും അതു ശരിയായ ആസ്വാദനത്തെ ബാധിച്ചെന്നുവരാം.
ഒ.എന്‍.വി: കാളിദാസനെ വിക്രമാദിത്യന്റെ വിദ്വല്‍സദസ്സിലെ നവരത്നങ്ങളിലുള്പ്പെടുത്തിപ്പറയുന്നു. പക്ഷേ, രാജസ്തുതി പാടിയ കൊട്ടാരം കവിയായിരുന്നില്ല കാളിദാസന്.
ബഷീര്‍: കൃതികളെ സാക്ഷിനിറുത്തിപ്പറയാമോ?
ഒ.എന്‍.വി: ശാകുന്തളത്തിലെ മുക്കുവന്, അവന്റെ കുലത്തൊഴിലിനെ പരിഹസിക്കുന്ന അധികാരികളോടു പറയുന്നു, എത്ര നിന്ദിച്ചാലും അതു തന്റെ ജാതിത്തൊഴിലാണെന്ന്. വൈദിക ബ്രാഹ്മണന് യാഗത്തിനുവേണ്ടി മൃഗത്തെ കൊല്ലുന്ന കാര്യം അവന് എടുത്തുപറയുന്നു. അതുപോലെ, ദുഷ്യന്തരാജധാനി കണ്ടിട്ട്, കണ്വശിഷ്യന്മാര്‍ പറയുന്നില്ലേ അതു തീപിടിച്ച പുര പോലെയുണ്ടെന്ന്. മാളവികാഗ്നിമിത്രം ഒന്നാമങ്കത്തിന്റെ ഒടുവില്‍, മാളവികയെ സര്‍വാംഗ സൗഷ്ടവത്തോടും കാണുവാന്‍ തക്കവിധം വേഷമധികമാവാതെ തന്റെ മുന്നില്‍ വരുത്താനുള്ള രാജാവിന്റെ കൗശലം കണ്ടിട്ട് രാജ്ഞി ധാരിണി പറയുന്നു, ‘രാജ്യകാര്യങ്ങളിലും ഇത്തരം ഉപായനിപുണത’ ആര്യപുത്രനുണ്ടായിരുന്നെങ്കില് എത്ര നന്നായേനെ’ എന്ന്! അതും രാജാവിന്റെ മുഖത്തുനോക്കി! വാസ്തവത്തില്‍ കാളിദാസന് തന്നെയല്ലേ അതു പറയുന്നത്? വെറുമൊരു കൊട്ടാരം കവിക്ക് സൂക്ഷ്മവും ശക്തവുമായ ഈ ധീരത ഉണ്ടാവുമോ? വരികള്‍ക്കിടയില്‍ തെളിയുന്ന എത്രയോ വേറെയുമര്ഥങ്ങള് ഇതുപോല!
എം.ടി: ഉജ്ജയിനിയെ എല്ലാ അധികാരത്തിന്റെയും കേന്ദ്രമായിട്ടാണല്ലോ ഒ.എന്‍.വി ചിത്രീകരിക്കുന്നത്.
എന്‍.പി: കവിതയും അധികാരവും പരസ്പരം പൊരുത്തപ്പെട്ടു പോകുന്നില്ല എന്നത് എക്കാലത്തെയും സത്യമാണ്.
ഒ.എന്‍.വി: എന്നാല്‍, കവിയും തന്റേതായ ഒരു സാമ്രാജ്യം സൃഷ്ടിക്കുന്നുണ്ടല്ലോ.. അത്..
എം.ടി: അതു ഭൂപടത്തിലെ എതു റിപ്പബ്ലിക്കിനെയും അതിശയിക്കുന്നതാണ്.
ഒ.എന്‍.വി: എന്നാല്‍, ആ സത്യമംഗീകരിക്കാന്‍, അധികാരമാളുന്നവര്ക്കു മാത്രമല്ല, തത്വചിന്തകര്‍ക്കും വിഷമമുണ്ടായിരുന്നു, ഉദാഹരണം ്േപ്ലറ്റോ.
ബഷീര്‍: പ്ലേറ്റോ മരിച്ചപ്പോള്‍ അടുത്തുണ്ടായിരുന്നത് ഓവിഡിന്റെ കവിതകളായിരുന്നു എന്നു പറയുന്നുണ്ടല്ലോ.
ഒ.എന്‍.വി: കവിക്ക് ജനതയെ സ്വാധീനിക്കാന്‍-വശീകരിക്കാന്‍- കഴിയുന്നു എന്ന സത്യത്തിന്റെ മുന്നിലല്ലേ അധികാരവും തത്വചിന്തയുമൊക്കെ ക്ഷോഭിക്കുന്നത്.
എന്‍.പി: മറ്റൊരു തരത്തില്‍ പറയാനാണ് തോന്നുന്നത്. കവിയുടെ സാമ്രാജ്യം മനുഷ്യവര്ഗത്തിനൊട്ടാകെയുള്ളതാണ്. രാജാവിന്റെ സാമ്രാജ്യം ഭൂമിശാസ്ത്ര പരിമിതികളോടുകൂടിയതാണ്.
ഒ.എന്‍.വി: രാജാവിന്റേത് ദേശകാലാതിര്ത്തികള്ക്കുള്ളിലെ സാമ്രാജ്യമാണ്’ കവിയുടേത് ദേശകാലാതിവര്ത്തിയും.
എം.ടി: രാജാവിന്റെ സാമ്രാജ്യം മറ്റൊരാള്‍ക്ക് പിടിച്ചെടുക്കാം, സ്വന്തമായി വയ്ക്കാം.
എന്‍.പി: കവിയുടെ സാമ്രാജ്യം ആ തരത്തില്‍ കീഴടക്കപ്പെടാവുന്നതോ കൈമാറ്റം ചെയ്യപ്പെടാവുന്നതോ അല്ല. ‘കവികള്‍ മനുഷ്യവര്‍ഗത്തിന്റെ നിയമനിര്മാതാക്കളാണെന്ന്’ അംഗീകരിച്ചാല്‍, സ്ഥലകാല ബദ്ധമായ ഒരു പ്രത്യേക ജനവിഭാഗത്തിനിടയിലെ അനുഷ്ഠാനങ്ങളോ ആചാരങ്ങളോ നിയമങ്ങളോ അവര്‍ക്ക് പൊറുതികേടുണ്ടാക്കും. അവര്‍ അശാന്തി വളര്‍ത്തും. അധികാരികള്ക്കത് പൊറുക്കാനാവുകയില്ല. ‘ഫിര്‍ദൗസി’യുടെ കഥ അതല്ലേ കാണിക്കുന്നത്? എത്രയൊക്കെ സമ്മാനിതനായിട്ടും ഫിര്‍ദൗസിക്ക് രാജസ്തുതിയെഴുതാനായില്ല.
ബഷീര്‍: ഫിര്‍ദൗസി പകര്‍ത്തിയിട്ടത് ആത്മനൊമ്പരങ്ങളായിരുന്നു.
എന്‍.പി: ഒടുവില്‍ രാജാവ് ഫിര്ദൗസിയെ കൊട്ടാരത്തിനു പുറത്താക്കി.
ഒ.എന്‍.വി: ഉഞ്ഛവൃത്തിയില്‍ കഴിഞ്ഞിരുന്ന ത്യാഗരാജനോട് ശരഭോജി രാജാവിനെ പ്രകീര്‍ത്തിച്ച് ഒന്നുപാടിയാല് ധനധാന്യങ്ങള് വേണ്ടുവോളം ലഭിക്കുമെന്ന് പലരും പറഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ പ്രതികരണമെന്തായിരുന്നു?…
ബഷീര്‍: ‘നിധിചാല സുഖമാ’ എന്ന പ്രസിദ്ധമായ കീര്‍ത്തനം അതല്ലേ?
ഒ.എന്‍.വി: ശരഭോജിയെപ്പോലുള്ള രാജാക്കന്മാരുടെ മുന്നില്‍ കുമ്പിടാന്‍ വിസമ്മതിച്ച ത്യാഗരാജന്റെ ഉയര്‍ന്ന ശിരസ്സ്-അതുതന്നെയല്ലേ കലയുടെ ഔന്നത്യം?
എം.ടി: സാദിയെപ്പറ്റി കേട്ടിട്ടില്ലേ?
എന്‍.പി: ഷിറാസിലെ പൂങ്കുയില്‍ എന്നറിയപ്പെട്ട കവിയും ചിന്തകനും.
എം.ടി: സുല്‍ത്താന്‍ എഴുന്നള്ളുമ്പോള്‍ ദൂരെ വഴിയരികില്‍ സാദി ചോളപ്പൊരി കൊറിച്ചിരിക്കുന്ന കണ്ടു. അനുചരരെ അയച്ചു ചോദിപ്പിച്ചു, ‘ കൊട്ടാരത്തിലേക്ക് ക്ഷണിച്ചതല്ലേ? ക്ഷണം സ്വീകരിച്ചു പോയിരുന്നെങ്കില്‍ വഴിവക്കിലിരുന്ന് ഇങ്ങനെ ചോളം തിന്നണമായിരുന്നോ എന്ന്. സാദി യാതൊരു കൂസലുമില്ലാതെ ചോളപ്പൊരി കൊറിച്ചുകൊണ്ടുതന്നെ പറഞ്ഞു: ” ഇതു തിന്നു ശീലിച്ചിരുന്നെങ്കില്‍ രാജാവിന്റെ മൂടുതാങ്ങി നടക്കാതെ കഴിയാമായിരുന്നില്ലേ? മന്ത്രിയോടാണിത് ചോദിച്ചത്.
എന്‍.പി: സാദി ഇന്നും പേര്‍ഷ്യന്‍ സാഹിത്യത്തിലെ പൂങ്കുയിലാണ്. സുല്‍ത്താന്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലും.
എം.ടി: ഇത്തരമൊരു കൃതിയെഴുതുമ്പോള്, വായനക്കാരുടെ മനസ്സിലുറച്ചുപോയ കേട്ടുകേള്‍വികളും മിത്തുകളും മറ്റും വലിയൊരു പ്രശ്നമാണ്. അതൊക്കെ മാറ്റിവച്ചിട്ട് സത്യത്തിന്റെ തരികളരിച്ചെടുത്ത് ഒരു ശില്പമാക്കുന്നത് ഒരു രസമുള്ള വെല്ലുവിളിയാണല്ലേ?
എന്‍.പി: സത്യത്തിന്റെ മുഖം കാണാന്‍ കവികള്‍ നൂതനഘടനകള് കണ്ടെത്തുന്നു.
ബഷീര്‍: കാളിദാസന്റെ ജീവചരിത്രപരമായ രേഖകളാണെങ്കില്‍ വളരെ കുറവാണ്.
എം.ടി: മലയാളത്തില്‍ കിട്ടാവുന്നതെല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്. ഇംഗ്ലീഷിലാണെങ്കില്‍ ദ ലൂം ഓഫ് ടൈം എന്ന പുസ്തകമാണൊടുവില് വായിച്ചത്. അതിന്റെ അവതാരികയില്‍ ഡോ. ചന്ദ്രാരാജന് കാളിദാസന്റെ ഊരിനെക്കുറിച്ചും, കാലത്തെക്കുറിച്ചും, പേരിനെപ്പറ്റിപോലും ഇന്നുവരെയുണ്ടായിട്ടുള്ള പ്രധാനപ്പെട്ട അഭിപ്രായങ്ങളെല്ലാമെടുത്ത് പരിശോധിച്ചിട്ടുണ്ട്. എന്നിട്ടും കവിയുടെ ജീവിതത്തെപ്പറ്റി അവ്യക്തതയാണ് അവശേഷിക്കുന്നത്.
ഒ.എന്‍.വി: ചരിത്ര രേഖകളില്‍ കണ്ടെത്താത്ത പലതും കവിയുടെ കൃതികളിലന്വേഷിക്കുന്നതിന്റെ പ്രസക്തി ഇവിടെയാണ്.
എന്‍.പി: അങ്ങനെ ഒ.എന്‍.വി കണ്ടെത്തുന്നതെന്തുതന്നെയായാലും സ്വന്തം വ്യാഖ്യാനമാണെന്നല്ലേ വരൂ?
ഒ.എന്‍.വി: എതു കവിതയും വ്യാഖ്യാനമല്ലേ?
ബഷീര്‍: സാറിന്റെ വ്യാഖ്യാനമനുസരിച്ച് കാളിദാസന് സുപരിചിതനാണ്. പ്രേമത്തെപ്പറ്റി ഉദാത്ത സങ്കല്പങ്ങള് ആവിഷ്കരിച്ച ഒരു കവി വ്യക്തിജീവിതത്തില്‍ സുപരിചിതനായിക്കൊള്ളണമെന്നുണ്ടോ?
ഒ.എന്‍.വി: കാളിദാസന് ദുശ്ശീലങ്ങളൊന്നും തീണ്ടാത്ത ഒരാളായിരുന്നു എന്ന് വേദപുസ്തകത്തില്‍തൊട്ട് സത്യം ചെയ്യുക എന്റെ നിയോഗമല്ല; ലക്ഷ്യവുമല്ല. ഭാവസ്ഥിരമായ ജനനാന്തര സൗഹൃദങ്ങളെപ്പറ്റി, കഠിനതപസ്സിലൂടെ സാക്ഷാത്കാരം നേടുന്ന അനുരാഗത്തെപ്പറ്റിയെല്ലാം പാടിയ ഒരു കവിയുടെ ജീവിതത്തിലും പവിത്രമായ ഒരു സ്നേഹബന്ധത്തിന്റെ-അല്ലെങ്കില്‍ ആ വിശുദ്ധ ദൗര്‍ബല്യത്തിന്റെ എന്നു വിളിച്ചോളൂ- കഥ ഞാന്‍ വായിച്ചെടുക്കുന്നു. മരണത്തിനപ്പുറത്തേക്കു നീളുന്ന അത്തരം സ്നേഹബന്ധങ്ങള്‍ കവിതക്കെന്നും പ്രമേയമാണ്.
ബഷീര്‍: ബിയാട്രിസ് എന്ന ആ കൊച്ചുപെണ്‍കുട്ടിയുടെ നേര്‍ക്ക് ദാന്തേക്കുണ്ടായ മാനസികബന്ധം ‘ന്യൂലൈഫ്’ എന്ന കാവ്യമെഴുതാന്‍ പ്രേരണയായിത്തീര്‍ന്നു.
എം.ടി: നാട്ടില്‍ പ്രചരിച്ചിട്ടുള്ള കഥകളില്‍നിന്നു വിട്ടു ചിന്തിക്കുമ്പോള്‍, ആ ചിന്തയിലൂടെ കണ്ടെത്തുന്ന എന്തോ ചിലത് നാം പുറത്തുകൊണ്ടുവരുന്നു. അതു ആള്‍ക്കാര്‍ക്ക് ഒരുതരം അസ്വസ്ഥത ഉണ്ടാക്കിയെന്നു വരാം.
എന്‍.പി: ഇങ്ങനെ കേട്ടുപതിഞ്ഞ കാര്യങ്ങളെ നിഷേധിച്ച് മറ്റൊരു വഴിയേ പോയാല്‍, അതിനെതിരെ ആക്ഷേപങ്ങളുണ്ടാവും. എങ്കിലും നാം നമ്മുടെ വ്യാഖ്യാനം-പുന:സൃഷ്ടി-നടത്തുന്നു.
എം.ടി: എന്തിനാണ് നമ്മളങ്ങനെ ചിന്തിക്കുന്നത്? ഒ.എന്‍.വിയുടെ ഒരു സെന്സേഷന് ആണത്-ഒരുതരം എക്സിജന്‍സ് ആണ്. എതു ദേശമോ കാലമോ ആകട്ടെ, കാവ്യങ്ങളും നാടകങ്ങളുമെല്ലാം രചിച്ച കാളിദാസനെന്ന കവിയുടെ ഒരു ചിത്രം മനസ്സില്‍തെളിയുന്നു. അതിനപ്പുറം ആ കവിയുടെ മനസ്സിന്റെ അവസ്ഥാന്തരങ്ങള്‍ തെളിഞ്ഞുകാണുന്നു. കവിയുടെ അനുഭവമാണത്. അതില്‍നിന്ന് ഈ കാവ്യം രൂപപ്പെടുന്നു. ജീവചരിത്രപരമായ വിശദാംശങ്ങള്‍ വച്ചുകൊണ്ടെഴുതണമെന്നില്ല. അങ്ങനെയായാല്‍ ശരിയായിക്കൊള്ളണമെന്നുമില്ല.
ഒ.എന്‍.വി: സാധ്യതാനിയമങ്ങളെ ഞാന്‍ മറികടന്നിട്ടില്ലെന്നു പറയാം. സംഭവിക്കാവുന്നത് (പ്രോബബിള്‍) അല്ലാത്തതൊന്നും ഇതിലില്ല.
എന്‍.പി: വിശ്വാസ്യത ഉണ്ടാവണം എന്നത് പ്രധാനമാണ്.
ഒ.എന്‍.വി: അതിനാവശ്യമായ ചരിത്രപരമായ വസ്തുതകള്‍ ശേഖരിച്ചിട്ടുണ്ട്. വി.വി.മിറാഷി, എന്‍.ആര്.നവലേക്കര്‍, റൊമിളാ ഥാപ്പര്‍, കെ.കൃഷ്ണമൂര്‍ത്തി, ചന്ദ്രാരാജന് തുടങ്ങിയവരുടെ പഠനങ്ങളിലൂടെ പലകുറി കടന്നുപോയിട്ടുണ്ട്. ഊരിനെപ്പറ്റിയും പേരിനെപ്പറ്റിയും കാലത്തെപ്പറ്റിയും ചന്ദ്രഗുപ്ത വിക്രമാദിത്യന്റെ (ചന്ദ്രഗുപ്തന് രണ്ടാമന്) സമകാലികത്വത്തെപ്പറ്റിയും വാകാടകരുമായുള്ള വിക്രമാദിത്യന്റെ ബന്ധത്തെപ്പറ്റിയും മറ്റും സംഭവ്യതയ്ക്ക് നിരക്കാത്തതൊന്നും കടന്നുവരാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അത്രമാത്രം. എങ്കിലും ഇത് കല്പിതകഥയാണ്.
എന്‍.പി: കാവ്യാത്മകമായ സത്യസന്ധത എന്നൊന്നുണ്ട്. കല്പിതകഥയിലും ഒരു കവിയുടെ അന്ത:സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കാന്‍ ഈ കാവ്യരൂപം സഹായിച്ചിട്ടുണ്ടല്ലോ. അതുമതി.
എം.ടി: ഞാനീ കാവ്യം മുഴുവന്‍ വായിച്ചു. എനിക്കിതിലേറ്റവും ഹൃദ്യമായിത്തോന്നിയത് കാളിദാസന്റെ പാത്രസൃഷ്ടിയാണ്. മണ്ടനായിരുന്നു, ഇടയച്ചെക്കനായിരുന്നു, കാളിയുടെ വരപ്രസാദം കൊണ്ട് കവിതയെഴുതിത്തുടങ്ങി-ഇതെല്ലാം വലിച്ചെറിഞ്ഞിട്ട്, കാളിദാസനെ ഒരു ഗ്രാമീണനായ ചെറുപ്പക്കാരനായി, ഉള്ളീില് കവിതയുടെ അസ്വാസ്ഥ്യം പേറുന്നവനായി കൊണ്ടുവന്നിരിക്കുന്നു. അയാള്‍ മറ്റാരും കല്പിച്ചിട്ടല്ലാ, സ്വന്തം ആനന്ദത്തിനുവേണ്ടി ചിലത് എഴുതിപ്പോകുന്നു. പിന്നെയത് ഉറക്കെച്ചൊല്ലിപ്പോവുന്നു. നിഗൂഢമായി തന്നെ ആരാധിക്കുന്ന പെണ്‍കുട്ടി അതു ശ്രദ്ധിക്കുന്നു എന്നറിയുമ്പോഴുണ്ടാകുന്ന രസം-ആകാശം കണ്ടുപാടുന്ന പക്ഷിയുടെ സുഖം-ആ ഗ്രാമത്തിന്റെ ശാന്തപ്രകൃതി…
ഒ.എന്‍.വി: കാളിദാസന് ഗ്രാമത്തിന്റെ സന്തതിയായിരുന്നു എന്ന് ആ കൃതികള്‍ നമ്മോടു പറയുന്നു.
ബഷീര്‍: ഉജ്ജയിനിയില്‍ ജീവിച്ചിരുന്നില്ലേ? ഉജ്ജയിനിയുടെ കവി എന്നല്ലേ പറയാറ്?
ഒ.എന്‍.വി: സ്വര്‍ഗത്തിന്റെ ‘ കാന്തിമത് ഖണ്ഡമേകം’ എന്ന് കവി ഉജ്ജയിനിയെപ്പറ്റി പറയുന്നതില്‍നിന്ന് കവിക്ക് ആ നഗരത്തോട് വല്ലാത്തൊരടുപ്പമുണ്ടെന്ന് വ്യക്തമാണ്. ആ നഗരത്തെ അദ്ദേഹം നന്നായിട്ടറിഞ്ഞിരുന്നു. പക്ഷേ, ഋതുസംഹാരം മുതല്‍ മേഘസന്ദേശം വരെ നിറഞ്ഞുനില്ക്കുന്നു ഗ്രാമപ്രകൃതിയോടുള്ള ആഭിമുഖ്യം-അഭിനിവേശം. ഉദ്യാനലതകളെ തോല്പിക്കുന്ന വനലതകളെപ്പറ്റി പറയുമ്പോള്‍ എന്തോ ഒരു സുഖം നേരിട്ടനുഭവിക്കുന്നു കവി!
എം.ടി: ഉജ്ജയിനിയെപ്പോലൊരു വലിയ നഗരത്തില്‍ ജനിച്ചുവളര്‍ന്ന് നഗരവുമായി താദാത്മ്യം പ്രാപിച്ച ഒരു കവിയായിരുന്നെങ്കില്‍, മേഘസന്ദേശത്തിലും ശാകുന്തളം നാലാമങ്കത്തിലും മറ്റും കാണുന്ന പ്രകൃതിയുടെ സൂക്ഷ്മാംശങ്ങളെ ഇത്രമാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല.
ബഷീര്‍: ഇന്നത്തെ സാഹിത്യത്തിലും നഗരത്തിന്റെ എഴുത്തുകാരുണ്ട്, അവര്‍ക്ക് ഗ്രാമം ഒരു ദൗര്‍ബല്യമല്ല.
എം.ടി: ന്യൂയോര്‍ക്ക് ആസ്ഥാനമാക്കിയുള്ള എഴുത്തുകാരുടെ കൃതികള്‍ വായിച്ചാല്‍ ഒരെണ്ണത്തിലും ഒരു ചെടിയോ പൂവോ ഉണ്ടാവില്ല. എറിവന്നാല്‍ ഒരു നരച്ച ആകാശത്തിന്റെ കീറു കാണാം.
ഒ.എന്‍.വി: അര്‍ബന്‍ ഇമേജുകള്‍
എം .ടി: അത്രേയുള്ളൂ. പുറത്തുള്ള പ്രകൃതിയിലേക്ക് കണ്ണോടിക്കുക എന്ന സംഭവമേ ഇല്ല.
ഒ.എന്‍.വി: അവിടെയാണ് റോബര്‍ട്ട് ഫ്രോസ്റ്റും മറ്റും വ്യത്യസ്തരായി നില്‍ക്കുന്നത്.
എം.ടി: ന്യൂ ഇംഗ്ലണ്ടിന്റെ പ്രകൃതി ഫ്രോസ്റ്റിന്റെ കവിതയില്‍ വരുന്നത് അദ്ദേഹം ആ പ്രദേശത്ത് വളര്‍ന്നതുകൊണ്ടാണ്.
എന്‍.പി: അവിടെ ഡീപ് സൗത്തില്‍നിന്നു വരുന്ന എഴുത്തുകാരുടെ കൃതികളില്‍ പ്രകൃതിയുടെ സാന്നിധ്യം എറെയുണ്ട്.
എം.ടി: എന്നാല്‍, ന്യൂയോര്‍ക്കിലെ എഴുത്തുകാരില്‍ കാണുകയില്ല; ചിക്കാഗോയിലെ എഴുത്തുകാരിലും കാണില്ല.
ഒ.എന്‍.വി: കാളിദാസന് മാളവ ദേശക്കാരനായിരുന്നു. മാളവത്തിലെ എതോ ഗ്രാമത്തില്‍ വളര്‍ന്ന യുവാവ്- ആ സങ്കല്പത്തില്നിന്നാണ് തുടക്കം.
എന്‍.പി: ഈ കാവ്യം സ്വാഭാവികതയുടെ അതിരുകള്‍ ലംഘിക്കുന്നതായി ഇതുവരെയും തോന്നിയിട്ടില്ല. അത്രയ്ക്ക് ‘നാച്ചുറല്‍’ ആയിട്ടുണ്ടെന്ന് പറയണം. കാളിദാസന് ഈ കാലഘട്ടത്തിലെ കവിപോലുമാകാമെന്ന് തോന്നി.
എം.ടി: ഗ്രാമീണനായ, ഉള്ളില്‍ കവിതയുള്ള ഒരു ചെറുപ്പക്കാരനാണ് ഈ കൃതിയിലുടനീളം നിറഞ്ഞുനില്ക്കുന്നത്. ആ ചെറുപ്പക്കാരന്റെ ഉള്ളില്‍ അസ്വാസ്ഥ്യം ജനിപ്പിക്കുന്ന ചില സംഭവങ്ങളുണ്ടായി. അസ്വാസ്ഥ്യങ്ങളില്നിന്നാണല്ലോ കവിതയുണ്ടാകുന്നത്.
ബഷീര്‍: എതു നല്ല കവിതയുടെയും പിന്നില്‍ കവിയുടെ അസ്വാസ്ഥ്യമുണ്ടാവും.
എം.ടി: ശാകുന്തളത്തില്‍ രാജാവ് വാക്കുമാറിപ്പറയുന്നത്-അതുപോലെ യക്ഷന് എകാകിയായിക്കഴിയാന് വിധിക്കപ്പെടുന്നത്-ഇതൊക്കെ കാളിദാസന് നേരിട്ടനുഭവിച്ചതോ അറിഞ്ഞതോ ആവണം-വിരഹത്തിന്റെയും എകാകിതയുടെയുമെല്ലാം അനുഭവങ്ങള്‍.
ഒ.എന്‍.വി: ആ യക്ഷന് തെറ്റുചെയ്തവനാണ് എന്നതിനേക്കാള്‍ തെറ്റുചെയ്യപ്പെട്ടവനാണ് എന്ന ബോധമാണ് കവിയുടെ ഉള്ളിലെന്ന് കാണാം. യക്ഷന്റെ പേരു പറയാത്തതെന്ന പോലെതന്നെ, അയാളുടെ കൃത്യവിലേപാമെന്തെന്നും വ്യക്തമാക്കുന്നില്ല. പ്രിയതമയോടുള്ള സ്നേഹക്കൂടുതല്‍കൊണ്ട് വന്ന എതോ കൃത്യവിലോപം.
എം.ടി: അതിനുള്ള ശിക്ഷ വിജനമായ ഒരു സ്ഥലത്തേക്കുള്ള മാറ്റം. എകാന്തവാസം.
ബഷീര്‍: നമുക്കിനി ഈ കാവ്യത്തിന്റെ ഘടനയെപ്പറ്റി സംസാരിക്കാം.
ഒ.എന്‍.വി: പല മുഹൂര്‍ത്തങ്ങളിലായി ഊടുംപാവുമിട്ട് നെയ്തുനെയ്തൊരു രൂപമെത്തിയപ്പോള് മാത്രമാണ് ഘടനയെപ്പറ്റിയൊരു ബോധമുണ്ടാകുന്നത്.
ബഷീര്‍: കവിതയിലുടനീളം കാളിദാസകൃതികളിലെ ഇമേജുകള്‍ കാണാനുണ്ട്. അതു മനപ്പൂര്‍വമാണോ? ഈ ഇമേജുകള്‍ ഉപയോഗിക്കാന്‍ പ്രത്യേകിച്ച് കാരണമെന്തെങ്കിലുമുണ്ടോ?
ഒ.എന്‍.വി: കവിയുടെ കൃതികളില്‍നിന്ന് ആ ജീവിതവും അന്തസ്സംഘര്ഷങ്ങളുമൊക്കെ പുന:സൃഷ്ടിക്കുമ്പോള്‍ ആ ഇമേജുകള്‍ അനിവാര്യമായിത്തീരുന്നു. കാളിദാസന്റെ പ്രസിദ്ധമായ കല്പനാചിത്രങ്ങളും വാങ്മയബിംബങ്ങളും മറ്റും കവിമനസ്സിന്റെ മുദ്ര പതിഞ്ഞവയാണ്. ആ മനസ്സിന്റെ വ്യാപാരങ്ങളും അവസ്ഥാന്തരങ്ങളും എടുത്തുകാട്ടാന്‍, പലതും ധ്വനിപ്പിക്കാന്‍, എനിക്കാ ബിംബങ്ങള്‍ വേണ്ടിവന്നു.
എന്‍.പി: കവിതയുടെ ടെക്സ്റ്റ്വര് പോലെതന്നെ പ്രധാനമായി തോന്നിയത് അതിന്റെ ടോണ്‍ ആണ്. ആദ്യന്തം അതു നിലനിര്‍ത്തിയിട്ടുമുണ്ട്.
ഒ.എന്‍.വി: പിന്നെ ചരിത്രാംശങ്ങളും സ്വീകരിച്ചിട്ടുണ്ട്. ചന്ദ്രഗുപ്ത വിക്രമാദിത്യന് വടക്കും പടിഞ്ഞാറുമുള്ള ശത്രുക്കളുടെ സംഹാരത്തിന്, തെക്കന്‍ ദിക്കിലുള്ള രാജാക്കന്മാരുമായി സൗഹൃദം ഉറപ്പിച്ചിരുന്നു. പുത്രി പ്രഭാവതിയെ വാകാടകരാജാവായ രുദ്രസേനന് വിവാഹം കഴിച്ചുകൊടുത്തത് ഒരുതരത്തില്‍ സൗഹൃദത്തിന്റെ കോട്ട ഉറപ്പിക്കാനായിരുന്നു. രുദ്രസേനന് അകാലത്തില്‍ മരിച്ചു. പ്രഭാവതി ബാലനായ മകനുവേണ്ടി രാജ്യം ഭരിച്ചു. മകന് പ്രവരസേനനെ സുഖലോലുപതയില്‍നിന്ന് രാജ്യകാര്യപ്രാപ്തിയിലെത്തിക്കാന് പ്രഭാവതിക്ക് കുറെ പാടുപെടേണ്ടിവന്നു. അങ്ങനെ വാകാടകരാജാവായിത്തീര്ന്ന കൊച്ചുമകന്റെ നേര്‍ക്ക് വിക്രമാദിത്യന് പ്രത്യേക പരിഗണന ഉണ്ടാവുക സ്വാഭാവികം മാത്രം.
എം.ടി: കാളിദാസന് സ്നേഹിച്ച പെണ്‍കുട്ടിയെ മോഹിച്ചത് ആ ചെറുപ്പക്കാരനാണ്. കാളിദാസനുവേണ്ടി ചെയ്യാനാവാത്ത ത്യാഗം-വിട്ടുകൊടുക്കല്‍- ചക്രവര്‍ത്തി തന്റെ കൊച്ചുമകനുവേണ്ടി ചെയ്തു എന്നത് അന്നത്തെ നിലയ്ക്ക് സ്വാഭാവികമാണ്.
ബഷീര്‍: മറ്റൊന്നുകൂടിയുണ്ട്. കൊച്ചുമകന്റെ പ്രായത്തിനൊത്ത പെണ്കുട്ടിയെയാണല്ലോ ചക്രവര്‍ത്തി മോഹിച്ചത്. അഗ്നിമിത്രനെയും ദുഷ്യന്തനെയും ഓര്‍മിപ്പിക്കുന്ന കാര്യങ്ങളാണത്.
എം.ടി: ഈ കൃതിയിലൂടെ ചക്രവര്‍ത്തിയുടെ വ്യക്തമായൊരു ചിത്രം രൂപപ്പെടുന്നുണ്ട്. കലയെ പോഷിപ്പിക്കുന്നു. നാടകോത്സവം നടത്തുന്നു. നാടകകാരന് വീരശൃംഖല നല്കുന്നു. അഭിനയിച്ചവര്‍ക്കും സമ്മാനങ്ങള്‍ കൊടുക്കുന്നു. നല്ല അംശങ്ങളൊന്നും മറച്ചുപിടിക്കുന്നില്ല. രാജാവ് മനുഷ്യന്‍തന്നെ.
ബഷീര്‍: ഈ കാവ്യാഖ്യായിക എന്ന രൂപസങ്കല്പത്തിന്റെ പിന്നില്‍ എതെങ്കിലും മുന്‍ മാതൃകകള്‍ മനസ്സില്‍ കടന്നുവന്നിട്ടുണ്ടോ? ‘അപരാഹ്ന’ത്തിലെ ‘പണിപ്പുരയിലെ വര്‍ത്തമാനങ്ങള്‍’ ക്കിടയില് എ നോവല്‍ ഇന്‍ പോയം എന്ന ആശയം സാറിന് പ്രിയംകരമാണെന്നറിഞ്ഞുകൊണ്ട് ഞാന്‍ ചോദിച്ചിരുന്നു, ആ തരത്തിലെന്തെങ്കിലും എഴുതാനുദ്ദേശിക്കുന്നുണ്ടോ എന്ന്.
ഒ.എന്‍.വി: പുഷ്കിന്റെ ‘എവ്ജിന്‍ ഒനെജിന്’ എന്ന അപൂര്‍ണമായ അ കാവ്യനോവലിന്റെ ശില്പം എന്നെ പ്രലോഭിപ്പിക്കുന്നു എന്ന് മറുപടി പറഞ്ഞതായിട്ടാണോര്മ. അത് ആത്മകഥാംശമുള്ളതും, സമകാലികമായ ഇതിവൃത്തമുള്ളതുമായ കൃതിയാണ്. ഇതങ്ങനെയല്ല. എങ്കിലും, ആ കൃതി എനിക്കൊരു പ്രചോദനമായിരുന്നു. പിന്നെ, കവിത കൊച്ചുകൊച്ചു ഭാവഗീതങ്ങള്‍ മാത്രമായാല്‍ പോരാ. വലിയ കാന്‍വാസ് വേണമെന്ന തോന്നല്‍ ഒരു വൈബ്രേഷന്‍ പോലെ മനസ്സിലുണര്‍ത്തിയ മറ്റൊരു കൃതി കസാന്ദ്സാക്കീസിന്റെ ‘ ഒഡിസി-എ മോഡേണ്‍ സീക്വല്‍’ ആണ്. ഈ തോന്നലുകളുമായി കാളിദാസകഥയ്ക്ക് ഒരു ഒത്തുചേരലുണ്ടായി-അങ്ങനെയാണ് ഇത് ഈ രൂപത്തിലായത്.
ബഷീര്‍: യുണെസ്കോ പ്രസിദ്ധീകരിച്ച ചിലപ്പതികാരത്തിന്റെ ഇംഗ്ലീഷ് തര്‍ജമയുടെ മുഖക്കുറിപ്പില്‍ അതിനെ തമിഴ് ക്ലാസിക്കുകളുടെ കൂട്ടത്തിലെ ഒരു നോവല്‍ ഇന്‍ പോയം എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.
എം.ടി: വാസ്തവത്തില്‍ മഹാഭാരതം തന്നെ ഒരു വലിയ കാവ്യനോവലല്ലേ?
എന്‍.പി: പുരാണങ്ങളിലെല്ലാം സുദീര്‍ഘമായ കഥകളുമുണ്ട്. ഈ കഥകളില്‍ കാവ്യകാരനും ഇടയ്ക്കു കയറി അഭിപ്രായം പറയും. നോവലില്‍ പ്രത്യക്ഷമായി ഇതു ഒഴിവാക്കിയതു കാണാം. പരോക്ഷമായി നോവലിസ്റ്റിന്റെ അഭിപ്രായം തന്നെയാണ് നോവലില്‍ വരുന്നത്. ആട്ടേ, ഗദ്യമാണോ പദ്യമാണോ എന്നതത്ര വലിയ കാര്യമൊന്നുമല്ല. ദ ഓള്‍ഡ് മാന്‍ ആന്റ് ദ സീ’ വായിച്ചാല്‍ കവിതയാണെന്നേ തോന്നൂ.
ബഷീര്‍: ലിറിക്കല്‍ നോവല്‍ എന്നൊരു വിഭാഗം തന്നെയില്ലേ?
ഒ.എന്‍.വി: പറയാനെേന്താ ഉണ്ടാവുക എന്നിടത്തുനിന്നാണെല്ലാം തുടങ്ങുന്നത്. അപ്പോള്‍ മനസ്സിലുണ്ടാകുന്ന തോന്നലുകളെല്ലാം ചേര്‍ന്ന് ഒരു ലായിനി ഉണ്ടാകുന്നു. പിന്നെ ഉയര്‍ന്ന താപനിലയില്‍ ജലാംശം പരല്‍രൂപം തെളിയുന്ന പോലെയാണ് മനസ്സില്‍ രൂപത്തെപ്പറ്റിയുള്ള ധാരണ ഉറഞ്ഞുകൂടുന്നത്. കല്പിതകഥയാണ് സംസ്കൃതത്തില്‍ ആഖ്യായിക.
എന്‍.പി: എനിക്കു തോന്നിയിട്ടുള്ളത്, ആധുനികനോവലിന്റെ സങ്കല്പമാണീ കൃതിയിലുള്ളതെന്നാണ്.
ഒ.എന്‍.വി: ഇതിവൃത്തം പഴയതാണ്.
എന്‍.പി: കസാന്ദ്സാക്കീസിന്റെ ഒഡിസിയെപ്പറ്റി പറഞ്ഞല്ലോ. അതു വലിയൊരു കാവ്യമാണ്. എന്നാല്‍, ദ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ പോലുള്ള നോവലുകളുണ്ടല്ലോ-പഴയ ഇതിവൃത്തമുള്ളവ.
എം.ടി: അതൊക്കെ കലാസൃഷ്ടി എന്ന നിലയ്ക്ക് സമകാലികവുമാണ്.
എന്‍.പി: സമകാലികമാവുന്നതിന്റെ പിറകില്‍ വലിയൊരു യുക്തിയുണ്ട്. മനുഷന് അഭിമുഖീകരിക്കുന്ന മാനസികമായ പ്രതിസന്ധികളുടെ അടിസ്ഥാനഭാവം എക്കാലത്തും സമാനമാണ്.
ബഷീര്‍: സ്പാര്‍ട്ടക്കസ് പോലെ, യയാതി പോലെ…
എം.ടി: ഇന്നത് മഹാകാവ്യം, ഇന്നത് ഖണ്ഡകാവ്യം അല്ലെങ്കില്‍ നോവല്‍, നോവെല്ല-ഇതൊക്കെ നമ്മള് സൗകര്യത്തിന് പറയുന്നതല്ലേ?
എന്‍.പി: ജീവിതത്തിന്റെ പരിച്ഛേദങ്ങളെടുത്ത് അവതരിപ്പിക്കുന്ന കലാശില്പങ്ങ ള്‍ എന്ന് പൊതുവേ പറയാം. ‘ഉജ്ജയിനി’യില്‍ ജീവിതത്തിന്റെ ഒരു വലിയ കാന്‍വാസ് ഉപയോഗിച്ചിരിക്കുന്നു എന്നതാണ് എനിക്കുതോന്നുന്ന പ്രത്യേകത.
എം.ടി: ജീവിതം വലിയൊരു കാന്‍വാസില്‍, ഒരു വലിയ കൃതി.
എന്‍.പി: അതിമനോഹരമായ ഒരു മാനുഷിക കഥയിലൂടെ സ്വയം രൂപപ്പെടുന്ന കവിതയാണിത്. മാനുഷികതയുടെ അടരുകളൊക്കെ ഭംഗിയായിവന്നിട്ടുണ്ട്.
ബഷീര്‍: വിരസമായ മുഹൂര്‍ത്തങ്ങളോ, രസശുഷ്കമായ വിവരണങ്ങളോ കടന്നുകൂടിയിട്ടില്ലിതില്‍-ഇടതൂര്‍ന്ന കവിതയാണിത്.
എം.ടി: നമ്മള് ചെറിയചെറിയ കവിതകള്‍ ഉണ്ടാക്കുന്നു. എന്നാല്‍, എറെക്കാലം നിലനില്‍ക്കുന്ന, ആഴത്തില്‍ സ്പര്‍ശിക്കുന്ന (ലോങ് സ്റ്റാന്‍ഡിംഗ് ആന്റ് ഡീപ്ലി ഫെല്റ്റ്) ഒരനുഭവം ഉണ്ടാകാന്‍ ഇത്തരം വലിയ കാവ്യങ്ങള്‍ വരണമെന്ന് ഓയെന്‍വിക്ക് തോന്നിയതുകൊണ്ടാണോ…?
ഒ.എന്‍.വി: തീര്‍ച്ചയായും. ജീവിതത്തിന്റെ ഇടവഴികളില്‍ കണ്ട ഇത്തിരിപ്പൂവിനെപ്പറ്റിയും, വളപ്പൊട്ടുകളെപ്പറ്റിയും കൈവെള്ളയിലെടുത്തുവച്ച മുത്തിനെപ്പറ്റിയുമൊക്കെ എത്രയോ എഴുതി. അപ്പോള്‍ കവിതയെ രാജരഥ്യകളിലേക്ക് കൊണ്ടുപോകണമെന്നാരു തോന്നല്‍-നേരത്തെ എം.ടി സൂചിപ്പിച്ചതുപോലെ ഒരു എക്സിജന്‍സ്.
എന്‍.പി: മനുഷ്യമനസ്സിന്റെ ഉദയവികാസങ്ങളൊപ്പിയെടുക്കാനുള്ള ഒരു ശ്രമമായി അത്.
ഒ.എന്‍.വി: കവിതയെ ആഖ്യായികയുടെ സാധ്യതകളിലേക്ക് പാകപ്പെടുത്തിയെടുക്കാനുള്ള ഒരു ശ്രമംകൂടി.
എന്‍.പി: ആഖ്യാന കല പലേ പരിവര്‍ത്തനങ്ങളും കടന്ന് സൂക്ഷ്മതലങ്ങളിലേക്ക് പോയിട്ട് ഇന്നിപ്പോള്‍ സാധാരണക്കാര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ഗ്രാമ്യഭാഷയിലേക്ക് വഴിമാറി വന്നിട്ടുണ്ട്.
എം.ടി: കഥപറയലില്‍ പഴയ ഓറല്‍ ട്രഡിഷന്റെ തിരിച്ചുവരവ്.
എന്‍.പി: അതിന്റെ സ്വഭാവം ഈ കൃതിയില്‍ വന്നിട്ടുണ്ട്.
എം.ടി: ഇപ്പോള്‍ മാജിക്കല്‍ റിയലിസത്തിന്റെ വക്താക്കളായ സ്പാനിഷ് എഴുത്തുകാരുണ്ടല്ലോ-അവര്‍ തുടങ്ങുന്നത് സെര്വാന്റേയില് നിന്നാണ്. ഡോണ്‍ ക്വിക്സോട്ടില്‍ ആഖ്യാനകലയുടെ ഗ്രാമീണപാരമ്പര്യമാണുള്ളത്. ആ പാരമ്പര്യം തന്നെയാണ് ഇന്നും പല സ്പാനിഷ് എഴുത്തുകാരും പോര്‍ത്തുഗീസെഴുത്തുകാരും തുടരുന്നത്.
ബഷീര്‍: ഒരു സംഭവം അല്ലെങ്കില്‍ ഒരാളിനെ ചുറ്റിപ്പറ്റിയുള്ള കുറെ സംഭവങ്ങള്‍ പലരുടെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന പുതിയ സങ്കേതങ്ങളുണ്ടല്ലോ-ജാപ്പനീസ് കൃതിയായ ഇന്ദ ഗ്രോവ് (കുറസോവ റാഷമോണ്‍ എന്ന ചലച്ചിത്രമാക്കിയത്) തുടങ്ങിയവ. വാസ്തവത്തിലതിന് ബൈബിള്‍ പുതിയ നിയമത്തിലെ ആഖ്യാനശൈലിയിലല്ലേ അടിവേരുള്ളത്?-ഒരു കഥാനായകന്റെ ജീവിതം പലരുടെ കാഴ്ചപ്പാടിലൂടെ അല്ലെങ്കില്‍ ഓര്‍മയിലൂടെ തെളിഞ്ഞുവരുന്ന രീതി.
എം.ടി: ജോണ്‍ ബാര്‍ത്ത് എന്ന പുതിയ എഴുത്തുകാരന് കഥയെപ്പറ്റി പറയുന്നത് ‘ഫിറ്റ് ഫോര്‍ ദ ടേപ്പ്, പ്രിന്റ് ആന്റ് ബ്രോഡ്കാസ്റ്റ്’ എന്നാണ്. ഇതിനൊക്കെ കഥ പാകമാകണം. എന്നാലേ കഥയ്ക്ക് നിലനില്പുള്ളൂ എന്നായിരിക്കും വിവക്ഷ.
എന്‍.പി: വാമൊഴി (ഓറല്‍ ട്രഡിഷന്‍), വരമൊഴി (സ്ക്രിപ്റ്റ്), അച്ചടി, ശബ്ദലേഖനം-എന്നിങ്ങനെ മാധ്യമത്തിലുണ്ടായ മാറ്റങ്ങള്‍ സര്ഗാത്മകസാഹിത്യത്തെ എങ്ങനെയെല്ലാം ബാധിച്ചു എന്നത് ഇനിയും കൂടുതല്‍ പഠിക്കാന്‍ വകയുള്ള ഒരു വലിയ വിഷയമാണ്.
ബഷീര്‍: റെയ്മോണ്ട് ഫെഡര്‍മാന്‍ എന്നെഴുതിയ സര്‍ഫിക്ഷന്‍-ഫിക്ഷന്‍ നൗ ആന്റ് ടുമാറോ’ എന്ന പുസ്തകത്തില്‍ കഥയുള്‍പ്പെടെ എല്ലാ സാഹിത്യരൂപങ്ങളും നിരൂപണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നു പറയുന്നു; നിരൂപണം സര്ഗാത്മകതയിലേക്കും; ഭാവിയിലെ കഥ അര്‍ഥരഹിതവും അയഥാര്‍ഥവുമായിരിക്കുമെന്നും…
എം.ടി: സര്‍ഫിക്ഷന്‍ എന്നൊരു കഥ തന്നെയുണ്ട്.
എന്‍.പി: ജോണ്‍ വൈഡ്മാന്റെ. ഫിക്ഷന്‍ എന്ന മിഥ്യയെ പരിഹസിക്കുകയാണ് ആ കഥ.
ബഷീര്‍: സര്‍ഫിക്ഷന്‍ എന്നത് സൂപ്പര്ഫിക്ഷന് തന്നെ. എല്ലാ സാഹിത്യരൂപങ്ങളും ഒരുതരം സംവാദമായിത്തീരുന്നു.
എം.ടി: ക്ലാസിക്കല്‍ രൂപങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം പൊതുവേയുണ്ട്. കുറച്ചുമുമ്പ് ഡല്‍ഹിയില്‍ എതാനും ഫ്രഞ്ച് എഴുത്തുകാരും ഇന്ത്യന്‍ എഴുത്തുകാരും ചേര്‍ന്നൊരു ചര്‍ച്ച ഉണ്ടായി. ഫ്രാന്‍സില്‍നിന്ന് മൂന്ന് നിരൂപകരും രണ്ടു നോവലിസ്റ്റുകളും. ഞാനും പങ്കെടുത്തിരുന്നു. ‘ആഖ്യാനകല’യുടെ തിരിച്ചുവരവായിരുന്നു ചര്‍ച്ചാവിഷയം. നല്ല നോവലുകളുണ്ടാവുന്നുണ്ടെങ്കിലും വായനക്കാര്‍ അതില്‍നിന്നെല്ലാം അകന്നുപോകുന്നു. എഴുത്തുകാരാകട്ടെ, സിമ്പിള്‍ നറേഷനിലേക്ക് തിരിച്ചുവരുന്നു. ഇതായിരുന്നു ഫ്രഞ്ച് എഴുത്തുകാര്‍ അവിടെ പറഞ്ഞത്. ഇത് ഉദാഹരിക്കാന്‍ പാകത്തിന് ചില കഥകള്‍, അവരവിടെ വായിക്കുകയുണ്ടായി. എനിക്കുതോന്നുന്നത് ഫോമിന്റെ കാര്യത്തില്‍ നിരന്തരമായ ഒരസ്വാസ്ഥ്യം, മാറ്റത്തിനുള്ള ശ്രമവും, എഴുത്തുകാര്ക്കിടയിലുണ്ടെന്നാണ് നമുക്ക് പണ്ടുണ്ടായിരുന്ന ഒരുതരം ഫോംലെസ് ഫോമില്‍ നമ്മള് ചെന്നുനിന്നെന്നുവരാം.
ഒ.എന്‍.വി: വരച്ചവരയിലൂടെ നടക്കുകയല്ല, നാം നടക്കുമ്പോള്‍ വരതെളിയുകയാണ്-ഈയവസ്ഥയല്ലേ ഉണ്ടാവുന്നത്? ഉണ്ടാവേണ്ടതും?
എം.ടി: നമ്മള് കഥയെഴുതുന്നു; കവിതയെഴുതുന്നു. അപ്പോള്‍ നമ്മുടെ ശക്തിയെന്താണ്, നമ്മുടെ സൗഭാഗ്യമെന്താണ് എന്നാലോചിച്ചിട്ടുണ്ടോ? നമുക്കൊരു സാങ്കേതികനിയമവും ബാധകമല്ല എന്ന തരത്തില്‍ നമ്മുടെ നിയമങ്ങള്‍ നാംതന്നെ സൃഷ്ടിക്കുന്നു, അതുതന്നെ.
എന്‍.പി: ഫോമിനെപ്പറ്റിയും തീമിനെപ്പറ്റിയുമൊക്കെ നിര്‍വചനങ്ങളില്‍നിന്നും നിരൂപണങ്ങളില്‍നിന്നും നാമൊരുപാട് സംഗതികള്‍ പഠിച്ചിട്ടുണ്ടാവും. ആ സംഗതികള്‍ക്കനുസരിച്ച് കവിതയോ നോവലോ എഴുതാന്‍ പറ്റുമോ? പൊട്ടക്കൃതികളായിരിക്കും അവ.
എം.ടി: നരേറ്റിവിനെ സംബന്ധിച്ചുപറഞ്ഞാല്‍-ആരും സങ്കല്പിക്കുക പോലും ചെയ്യാത്ത സങ്കേതങ്ങളും ചിലര്‍ ധൈര്യത്തോടെ പരീക്ഷിച്ചിട്ടുണ്ട്. നിഘണ്ടുവിന്റെ രൂപത്തിലൊരു നോവല്‍ വന്നിട്ടുണ്ട്. ദ ഡിക്ഷ്ണറി ഓഫ് ഖസാര്‍സ്’ അക്ഷരമാലാ ക്രമത്തിലാണ് കാര്യങ്ങള്‍. എല്ലാം കൂടി വായിക്കുമ്പോള്‍ കുറെ കഥാപാത്രങ്ങളും ഒരു കഥയും രൂപപ്പെടുന്നു.
ബഷീര്‍: നിങ്ങള്‍ മൂന്നുപേരും സര്‍ഗാത്മക സാഹിത്യകാരന്മാരാണ്. നിങ്ങള്‍ക്ക് ഫോമിനെപ്പറ്റി ചിന്തിക്കാതിരിക്കാന്‍ പറ്റുമോ?
എം.ടി: നമുക്കു സ്വീകാര്യമായ..
എന്‍.പി: ഉചിതമായ..
എം.ടി: എതുവിഷയവും എതുഫോമും സ്വീകരിക്കുക എന്നതാണ് ചെയ്യാവുന്നത്.
ഒ.എന്‍.വി: ഫോം ഇന്നതരത്തിലായില്ലല്ലോ എന്ന് വേവലാതിപ്പെടാതിരിക്കുക.
എം.ടി: എറ്റവും വലിയ വെല്ലവിളിയായി എനിക്കു തോന്നിയിട്ടുള്ളത് ഫോം ഇല്ലാത്ത ഒരു ഫോം ഉണ്ടാക്കുകയാണ്. അതത്ര എളുപ്പമല്ല!
ബഷീര്‍: അതു സ്വാഭാവികമായി ഉരുത്തിരിഞ്ഞുവരണം.
എം.ടി: എഴുത്തുകാരന് മൂന്നു മുഖ്യ പശ്നങ്ങളാണുള്ളത്. ഒന്ന്, ആവശ്യമായ പുതിയ സാമഗ്രികള്‍ ശേഖരിക്കുക. അതൊരു പ്രധാനപ്രശ്നമാണ്.. രണ്ടാമത്തേത്, ആ സാമഗ്രികളെ കയ്യിലൊതുക്കുക, കീഴടക്കുക എന്നതുതന്നെ. തന്റെ ക്രാഫ്റ്റില്‍ അവയൊതുക്കുക.-എളുപ്പമല്ല അത്. മൂന്നാമത്തേത്, ഈ ജീവിതകോലാഹലങ്ങളുടെ മധ്യത്തിലാണ് കവിയോ കാഥികനോ എഴുതുന്നത്. ചുറ്റമുള്ള കോലാഹലങ്ങളോട് മത്സരിച്ചുകൊണ്ടാണ് നാം നമ്മുടെ ചെറിയ ശബ്ദം കേള്‍പ്പിക്കുന്നത്. ഉപഭോക്തൃ സംസ്കാരത്തിന്റെയും, വാണിജ്യവല്ക്കരണത്തിന്റെയും കറപുരണ്ട, കരിപുരണ്ട കാലത്തിന്റെ ചുമരിന്മേലാണ് നാം നമ്മുടെ അക്ഷരങ്ങള്‍ കുറിച്ചിടുന്നത്. സമൂഹത്തിലെ പലേ ശബ്ദജാലങ്ങള്‍ക്കുമിടയില്‍ എഴുത്തുകാരന് അവന്റേതായ ശബ്ദം വേറിട്ടു കേള്‍പ്പിക്കുന്നു. അതു കേള്പ്പിക്കുവാന് കഴിയുക എന്നതാണ് മൂന്നാമത്തെ പ്രശ്നം.
എന്‍.പി: അതിനയാള്‍ക്ക് ഇഡിയോസിങ്ക്രസി (പ്രത്യേകമായൊരു മനോഘടന) ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ‘പാത്തുമ്മയുടെ ആട്’ പോലെ ഒരു കൃതിയുണ്ടാവുന്നതെങ്ങനെ? എഴുത്തുകാരന്റെ ഈ പ്രത്യേക മനോഘടനയനുസരിച്ച് രൂപപ്പെടുന്നതാണ് അയാളുടെ കൃതിയുടെ ഘടന- ഒ.എന്‍.വിയെ സംബന്ധിച്ചും ‘ഉജ്ജയിനി’യെ സംബന്ധിച്ചുമുള്ള വസ്തുത അതാണ്. ഞാനിതിനെ ഒരു കാവ്യസൃഷ്ടി എന്നു വിളിക്കുന്നു.
എം.ടി: സൃഷ്ടിയാണ് എന്നതാണ് പ്രധാനം. ഒരു സൃഷ്ടി-ഒരു ക്രിയേറ്റിവ് വര്‍ക്ക്.
Leave a Reply