കൃഷ്ണഗാഥ എഴുതിയ ചെറുശേ്ശരിയുടേതാകാം ഈ കൃതിയും എന്ന് പല പണ്ഡിതരും പറഞ്ഞിട്ടുണ്ട്. ‘ചെറുശേ്ശരി ഭാരതം’ എന്ന പേരിലാണ് ഈ കൃതി ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍, ഭാരതഗാഥക്കും കൃഷ്ണഗാഥക്കും തമ്മില്‍ ഗണ്യമായ അന്തരമുണ്ടെന്നും കൃഷ്ണഗാഥയില്‍നിന്ന് വളരെ താഴ്ന്ന പടിയിലാണ് ഭാരതഗാഥയുടെ നില്പ് എന്നും ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍ പറയുന്നു. പക്ഷേ, ദിവാകര ബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള പ്രകാശാന്തരം ഈ രണ്ടു കൃതികള്‍ക്കും ഉണ്ടെന്നും കൃഷ്ണഗാഥാകാരനെപ്പോലുള്ള ഒരു മഹാകവി എത്ര ബാല്യത്തില്‍പ്പോലും ഭാരതഗാഥ പോലെ ഒരു ക്ഷുദ്രകൃതി രചിക്കില്ലെന്നും മഹാകവി ഉള്ളൂര്‍ കേരള സാഹിത്യചരിത്രത്തില്‍ പറയുന്നു.
കൊ.വ. 621 മുതല്‍ 640 വരെയുള്ള ഉദയവര്‍മ്മ കോലത്തിരിയുടെ കാലത്താകണം ഈ കൃതി രചിച്ചത്. ഭാരതഗാഥയിലെ വിഷയം മഹാഭാരതത്തിലെ കഥയാണ്. മഹാഭാരതത്തിലെ പല ഉപാഖ്യാനങ്ങളും ഉപേക്ഷിക്കുകയും പല കഥകളും സംഭവങ്ങളും കൂട്ടിച്ചേര്‍ത്ത് തന്റെ പരിമിതമായ ഭാവനയും സംസ്‌കാരശൂന്യതയും വാസനാരാഹിത്യവും തെളിയിക്കുകയും ചെയ്തു.
ഈ കൃതിയിലെ നാണമില്ലാത്ത ഭാവനയ്ക്ക് ഉദാഹരണമായി ഡി.പത്മനാഭനുണ്ണി പറയുന്നത്, ത്രിഗര്‍ത്തനെന്ന ഇല്ലാത്ത കേരളരാജാവിനെപ്പറ്റിയുള്ളതാണ്. ധര്‍മ്മപുത്രരുടെ രാജസൂയത്തിനു മുമ്പ് ദക്ഷിണദിക്ക് ജയിക്കുന്നതിനായി പുറപ്പെട്ട, സഹദേവന്‍ കേരളത്തിലുമെത്തി. അന്ന് ഈ നാടു ഭരിച്ചിരുന്നത് ദുര്യോധനന്റെ സുഹൃത്ത് ത്രിഗര്‍ത്തനായിരുന്നത്രെ. ത്രിഗര്‍ത്തന് അഗ്‌നിഭഗവാന്റെ സഹായമുണ്ടായിരുന്നു. അഗ്‌നി ബ്രാഹ്മണവേഷം ധരിച്ച് ത്രിഗര്‍ത്തന്റെ പുത്രിയുമായി ‘ജാരസംസര്‍ഗ്ഗം’ ചെയ്യുകയും വിവരമറിഞ്ഞ് ത്രിഗര്‍ത്തന്‍ അത്യന്തം സന്തോഷത്തോടെ സ്വീകരിച്ചിരുത്തുകയും ചെയ്തത്രേ. അഗ്‌നി രണ്ട് നിയമങ്ങള്‍ കേരളത്തില്‍ ഏര്‍പ്പെടുത്തി എന്ന് ഭാരതഗാഥാകാരന്‍ പറയുന്നു.
1. ‘ആരണ നാരിമാരെന്നിയേയാരുമേ
കേരളം തന്നിലിന്നാദിയായി
ചാരിത്രം ചിന്തിച്ചു നില്ക്കണ്ട
(ബ്രാഹ്മണസ്ത്രീകള്‍ അല്ലാതെ ആരും ചാരിത്ര്യം ദീക്ഷിക്കണ്ട)

2. കേരളഭൂമിയില്‍ ക്ഷത്രിയനാരികള്‍-
ക്കാരണരാകട്ടെ കാന്തര്‍.
(ക്ഷത്രിയസ്ത്രീകള്‍ക്ക് ബ്രാഹ്മണ ഭര്‍ത്താക്കന്മാര്‍)
ദോഷങ്ങള്‍ ഏറെയുള്ള ഈ കൃതിയില്‍ വളരെ അപൂര്‍വ്വമായേ നല്ല ഭാവനയും കവിതയും കാണുന്നുള്ളൂ. നല്ല ഭാഗങ്ങളില്‍ ഒന്ന് :
‘ആരുമേ കാണാതെ ദീപവും കൂടാതെ
മാരനും കാലനും ചങ്ങാതമായ്
വാരുറ്റു മേവുന്ന നാടകശാലയില്‍
പാരാതെ പൂകിനാന്‍ കീചകനും
കോമളയായൊരു സൈരന്ധ്രിയെന്നിട്ട്
ഭീമനെച്ചെന്നങ്ങണഞ്ഞു നേരെ
എന്നുടെ ജീവനും നിന്നുടെ കൈയിലു-
മെന്നങ്ങു ചൊല്ലിപ്പുണര്‍ന്ന നേരം
കൊങ്കകള്‍ കാണാഞ്ഞിട്ടെന്തിതെന്നിങ്ങനെ
ശങ്കിച്ചു നിന്നു താനോങ്ങുന്നേരം
ചീര്‍ത്തു നിന്നീടുന്ന ദോ സ്ഥലം കൊണ്ടങ്ങു
ചേര്‍ത്ത് ഞെരിച്ചൊരു പിണമാക്കി.
വാദ്യവും താളവും കൂടാതേ നല്ലൊരു
കൂത്തു കഴിച്ചാനപ്പാവകന്‍ താന്‍.