(ചരിത്രം)
മനോജ് കെ. പുതിയവിള
കേരള ഗ്രന്ഥശാല സഹകരണ സംഘം
തിരുവനന്തപുരം 2024
ഊരാളുങ്കല്‍ സൊസൈറ്റിയെപ്പറ്റിയുള്ള കഥകളും കൗതുകങ്ങളും വസ്തുതകളും ചേര്‍ന്ന കൃതി. മാദ്ധ്യമപ്രവര്‍ത്തകനും പി.ആര്‍.ഡി ഉദ്യോഗസ്ഥനുമായിരുന്ന മനോജ് കെ. പുതിയവിളയാണ് ഗ്രന്ഥകാരന്‍.

‘പണ്ടുപണ്ട് ഒരിടത്തൊരിടത്ത്…’ എന്ന അധ്യായത്തില്‍ തുടങ്ങുന്നു. ആകെ 23 അദ്ധ്യായങ്ങള്‍. ആദ്യഭാഗങ്ങള്‍ ഒരു നൂറ്റാണ്ടുമുമ്പത്തെ വടക്കേമലബാറിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയാവസ്ഥയും തൊഴില്‍ രംഗവും നിര്‍മ്മാണരംഗവും നവോത്ഥാനനായകരില്‍ പ്രമുഖനായ ഗുരു വാഗ്ഭടാനന്ദനും അദ്ദേഹത്തിന്റെ ശിഷ്യരായി ആത്മവിദ്യാസംഘം പ്രവര്‍ത്തകരായിമാറിയ ഒരുകൂട്ടം ഉത്പതിഷ്ണുക്കള്‍ ആ അവസ്ഥ മാറ്റിയെടുക്കാന്‍ നടത്തിയ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളും വിവരിക്കുന്നു. ഗുരുവും ശിഷ്യരും നേരിടേണ്ടിവന്ന പലതരം ഉപരോധങ്ങള്‍ അടക്കമുള്ള പീഡനങ്ങളും അവയെ അതിജീവിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പോലുള്ള ജനകീയപ്രസ്ഥാനങ്ങള്‍ക്കു രൂപംകൊടുത്തതുമൊക്കെ ഗ്രന്ഥത്തിലുണ്ട്.

‘മുതലാളിത്തവികസനത്തിനു ബദല്‍’, ‘കോര്‍പ്പറേറ്റ് മാതൃകയില്‍ ഒരു കോ-ഓപ്പറേറ്റീവ്’ തുടങ്ങിയ അധ്യായങ്ങളില്‍ സൊസൈറ്റിയുടെ ആധുനികീകരണവും സാങ്കേതികവിദ്യകളുടെയും യന്ത്രോപകരണങ്ങളുടെയും അസംസ്‌കൃതവസ്തുക്കളുടെ യൂണിറ്റുകളും ശേഖരവും അടക്കമുള്ള ആസ്തികളുടെയും ആര്‍ജനവും വൈവിധ്യവത്ക്കരണവും വിവരിക്കുന്നു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഈ സൊസൈറ്റിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്താന്‍ ചില രാഷ്ട്രീയനേതാക്കളെയും മാധ്യമങ്ങളെയും പ്രേരിപ്പിച്ച സൊസൈറ്റിയുടെ രാഷ്ടിയം സംബന്ധിച്ച ധാരണകളുടെ നിജസ്ഥിതി ‘എന്തുകൊണ്ട് വിവാദങ്ങള്‍?’ എന്ന അദ്ധ്യായത്തില്‍ പരിശോധിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ 2030-ലേക്കുള്ള മാനവവികസന ലക്ഷ്യങ്ങളില്‍ കൈവരിച്ച നേട്ടങ്ങളിലും ശതാബ്ദിയാഘോഷങ്ങളുടെ വിശേഷങ്ങളിലും ആണു പുസ്തകം സമാപിക്കുന്നത്.
കാല്‍ നൂറ്റാണ്ടുമുമ്പ് 70-80 വയസൊക്കെ ഉള്ളവരില്‍നിന്നു കിട്ടിയ നേരനുഭവങ്ങള്‍ പുസ്തകത്തിലുണ്ട്. അക്കാലം മുതല്‍ സൊസൈറ്റിയുമായുള്ള സുദീര്‍ഘബന്ധവും പുസ്തകം എഴുതാന്‍ നടത്തിയ രണ്ടുകൊല്ലത്തിലേറെ നീണ്ട ഗവേഷണവും ഇതിലുണ്ട്. ഓര്‍മ്മകളും അനുഭവവിവരണങ്ങളും പഴയരേഖകളുമൊക്കെ വായന ഹൃദ്യമാക്കുന്നു. ഒരു നൂറ്റാണ്ടപ്പുറത്തെ കഥകള്‍ പറയുന്ന ആദ്യഭാഗങ്ങള്‍ കഥപോലെ വായിച്ചുപോകാം.
മലയാളസാഹിത്യത്തറവാട്ടിലെ കാരണവരായ ടി. പത്മനാഭന്‍ ആണ് അവതാരിക എഴുതിയത്. ഊരാളുങ്കല്‍ സൊസൈറ്റിയെക്കാള്‍ നാലുവയസുമാത്രം ഇളപ്പമുള്ള, അയല്‍ദേശക്കാരനായ, അദ്ദേഹത്തിനു ആദ്യകാലംമുതലേ സൊസൈറ്റിയുമായുള്ള അടുപ്പം അവതാരികയ്ക്ക് ആത്മസ്പര്‍ശം നല്കുന്നു. വഴിപ്പണിക്കാരുടെ മഹത്വം ഘോഷിക്കുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘ഒരു കൂലിപ്പണിക്കാരന്റെ ചിരി’ എന്ന കവിതയിലെ തിരഞ്ഞെടുത്ത 12 വരികളോടെയാണു നിര്‍മ്മാണത്തൊഴിലാളികളുടെ വിജയകഥ പറയുന്ന പുസ്തകം അവസാനിക്കുന്നത്.
പുറംചട്ട രൂപകല്പന ചെയ്ത വടകര സ്വദേശിനിയായ ആര്‍ട്ടിസ്റ്റ് അമ്പിളി വിജയനാണ്. പുസ്തകം പ്രസിദ്ധീകരിച്ചത് മറ്റൊരു സഹകരണസ്ഥാപനമായ കേരള ഗ്രന്ഥശാലാസഹകരണസംഘം ആണ്.