പിരപ്പൻകോട് മുരളി

പതിറ്റാണ്ടുകൾക്ക് മുമ്പ് കടലിൽ മുങ്ങിത്താഴ്ന്ന ഒരു പടക്കപ്പൽ വീണ്ടെടുക്കുന്ന അതീവ സാഹസത്തോടെ കാലത്തിന്റെ അഗാധ നീലിമയിൽ ലയിച്ച് ചേർന്ന ഒരു യുവ വിപ്ളവകാരിയുടെ ജീവിതത്തിന്റെ എല്ലാ തിളക്കത്തോടും അത് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന അശ്വിനീകുമാറിന്റെ സാഹസിക യജ്ഞത്തിന് മുമ്പിൽ ഞാൻ ശിരസ് കുനിക്കുന്നു.
സുഭാഷ്ചന്ദ്രബോസ് എന്ന ‘ബോസും’ അദ്ദേഹത്തിന്റെ ‘സ്ട്രീറ്റ്’ എന്ന പ്രസിദ്ധീകരണവും എഴുപതുകളിൽ വിപ്ളവദാഹികളായ യുവാക്കളുടെ ഹരമായിരുന്നു. ഒരർത്ഥത്തിൽ ‘ചെഗുവേര കാലത്തെ’ മറ്റൊരു അനുഭവമായിരുന്നു.
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ വിപ്ളവാശയങ്ങളിലും ഉൾപ്പാർട്ടി ജനാധിപത്യത്തിലും അസംതൃപ്തനായി വിപ്ളവം അന്വേഷിച്ച് നക്സൽബാരി പ്രസ്ഥാനത്തിലേക്കും, അവിടെയും ലക്ഷ്യം കാണാതെ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ‘സ്ട്രീറ്റ്’ എന്ന മാസികയുമായി അന്ത്യശ്വാസം വരെ ‘കമ്മ്യൂണിസ്റ്റ് മനുഷ്യ സ്നേഹത്തിനും ജനാധിപത്യത്തിനും’ വേണ്ടി പോരാടിയ ഒരു നിത്യ വിപ്ളവകാരിയായിരുന്നു ബോസ്. ആ സത്യം വീണ്ടെടുത്ത് ലോകത്തെ ബോദ്ധ്യപ്പെടുത്തും വിധം സമർപ്പിക്കാൻ അശ്വിനീകുമാറിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ‘നക്സൽബാരിക്ക് ശേഷം പത്രാധിപർ’ എന്ന ഈ ഗ്രന്ഥത്തിന്റെ ചരിത്രപരമായ പ്രസക്തി.
ഇത് ബോസിന്റെ ചരിത്രം മാത്രമല്ല. എഴുപതുകളിലെ ക്ഷുഭിത യൗവനത്തിന്റെ കൂടി ചരിത്രമാണ്. ഞാൻ ഒരിക്കലും നക്സൽ അനുഭാവിയോ, ആരാധകനോ ആയിരുന്നില്ല. അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. പക്ഷേ, നക്സലുകളെ ഒരിക്കലും ഇകഴ്ത്തി പറഞ്ഞിട്ടില്ല. അവരുടെ വഴി തെറ്റായിരുന്നു എന്ന് തിരിച്ചറിയുമ്പോഴും അവരെ ഞാൻ ശത്രുക്കളായി കണ്ടിരുന്നില്ല. സദുദ്ദേശമെന്ന് വിശ്വസിച്ചിരുന്ന ഒരു ലക്ഷ്യത്തിന് വേണ്ടി അവർ അനുഭവിക്കേണ്ടി വന്ന മർദ്ദനങ്ങളെയും ത്യാഗങ്ങളെയും ഞാൻ ബഹുമാനിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയോ, തീവ്രവാദികളുടെയോ വിപ്ളവ സങ്കല്പങ്ങൾക്ക് പുറത്ത് തികച്ചും സ്വതന്ത്രമായി കമ്മ്യൂണിസത്തിന്റെ സ്ഥാപകരായ മാർക്സും ലെനിനും സ്വപ്നം കണ്ടതുപോലെ ‘ഒരുപാട് മനുഷ്യസ്നേഹവും ജനാധിപത്യപരമായ ഇടപെടലുകളും’ മോഹിച്ച ‘ബോസി’നെയാണ് ഞാൻ ഇഷ്ടപ്പെട്ടത്. ആ ധന്യ ചിന്തയാണ് മാനസികമായി ഞങ്ങളെ ഒരുമിപ്പിച്ചത്.
അശ്വിനിയുടെ ഈ ഗ്രന്ഥത്തിൽ പതിനെട്ട് അദ്ധ്യായങ്ങളുണ്ട്. ഇതിൽ ചിലത് ബോസിന്റെ സുഹൃത്തുക്കളായ നക്സൽ നേതാക്കൾ അവരുടെ അനുഭവങ്ങളിലൂടെ ബോസും തങ്ങളുമായുള്ള യോജിപ്പും വിയോജിപ്പും രേഖപ്പെടുത്തുന്നവയാണ്. അവരുടെ വാക്കുകളിലൂടെയാണ് ബോസിന്റെ യഥാർത്ഥ ചിത്രം ചുരുളഴിയുന്നത്. വിശേഷിച്ചും ഫിലിപ്പ് എം.പ്രസാദ്, ഇലന്തൂർ രമേശൻ, കെ.എൻ.രാമചന്ദ്രൻ, തിരുവല്ലക്കാരൻ ജോർജ്, കെ.എക്സ്.തോമസ് എന്നിവരുടെ അനുഭവ വിവരണത്തിലൂടെ. അടിയന്തരാവസ്ഥയും അതിനെ തുടർന്ന് പൊലീസ് മേധാവി ജയറാം പടിക്കലിന്റെ നേതൃത്വത്തിൽ നാസി കോൺസൻട്രേഷൻ ക്യാമ്പുകളെ നാണിപ്പിക്കുന്ന ശാസ്തമംഗലത്തെ കോൺസൻട്രേഷൻ ക്യാമ്പും മർദ്ദനമുറകളും ഒക്കെ പുറം ലോകം അറിയാൻ പോകുന്നത് അങ്ങനെയാണ്.
ഒരിക്കലും നക്സൽബാരി പ്രസ്ഥാനത്തോടോ, ചാരുമജുംദാറുടെ ഉന്മൂലന സിദ്ധാന്തത്തോടോ യോജിപ്പുണ്ടായിരുന്നില്ലാത്ത ‘ബോസിനെ’ നക്സലായി മുദ്രകുത്തി 21 മാസത്തോളം കോൺസൻട്രേഷൻ ക്യാമ്പിലും ജയിലിലും പിടിച്ചിട്ട് പീഡിപ്പിച്ചതിന്റെ കഥകൾ അതിന്റെ അതിതീവ്രതയോടെ ഈ ഗ്രന്ഥം അനാവരണം ചെയ്യുന്നു.
അനുഗൃഹീത എഴുത്തുകാരനായ സി.ആർ.ഓമനക്കുട്ടൻ എഴുതിയ ‘വീണപൂവേ നിനക്കുവേണ്ടി’ എന്ന അനുഭവ കഥയും പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും ബോസിന്റെ പിതൃസഹോദരീ പുത്രനുമായ ഡോ.വിജയരാഘവന്റെ ഓർമ്മകളും മാത്രം മതി ബോസിന്റെ വ്യക്തിത്വം വെളിപ്പടുത്താൻ.
ഞാൻ ബോസിനെ പരിചയപ്പെട്ട കാര്യം കൂടി എഴുതി ഈ കുറിപ്പ് ഉപസംഹരിക്കാം. 1972 ഡിസംബർ മദ്ധ്യത്തിൽ ഒരു വ്യാഴാഴ്ച രാവിലെ 10ന് പാളയത്ത് രാമനിലയത്തിന് എതിർവശമുള്ള പി.പി.പ്രസ്സിലേക്ക് ഞാൻ കടന്നു ചെല്ലുന്നു. അവിടെ നീണ്ട മേശയ്ക്ക് പിൻവശം കസേരയിൽ തല ഉയർത്തിപ്പിടിച്ച് പ്രസ് ഉടമ സാക്ഷാൽ വി.സഹദേവൻ. വിശ്വമേഖലാ സഹദേവൻ, വാമനപുരം സഹദേവൻ, ഭൈരവൻ സഹദേവൻ, കരടി സഹദേവൻ എന്നൊക്കെ തരാതരം പോലെ നാട്ടുകാർ വിളിച്ചിരുന്ന എന്റെ നാട്ടുകാരൻ സഹദേവയണ്ണൻ. എന്റെ നാട്ടിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരിൽ പ്രമുഖൻ. കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടും ഇന്നും ജീവിച്ചിരിക്കുന്ന ഒരു അപൂർവ മനുഷ്യൻ. എന്നെ കണ്ടയുടനെ സഹദേവയണ്ണന്റെ കമന്റ്:
“എന്താടേ പെരപ്പാ, വല്ല പ്രസ്താവനയും ഓസിന് അച്ചടിക്കാനുണ്ടോ? എന്തായാലും ഇരിക്കൂ” മുൻപിൽ ഒഴിഞ്ഞ കസേര ചൂണ്ടിക്കാട്ടി എന്നോട് പറഞ്ഞു.എന്റെ തൊട്ടടുത്ത കസേരകളിൽ രണ്ട് പേർ കുനിഞ്ഞിരുന്ന് പ്രൂഫ് തിരുത്തുന്നുണ്ടായിരുന്നു. ഒരാളെ എനിക്ക് അറിയാം. ചിന്തയിലെ ചന്ദ്രേട്ടൻ. സ:എ.കെ.ജിയുടെയും ചാത്തുണ്ണി മാസ്റ്ററുടെയും കണ്ടുപിടിത്തം. കോഴിക്കോട്ടുകാരൻ. മനസ് ചുണ്ടിൽ ചിരിയായി വിടർത്തുന്ന നിഷ്കളങ്കൻ. മറ്റേയാളെ എനിക്ക് അറിയില്ല.എന്നെപ്പോലെ ഒരു ചെറുപ്പക്കാരൻ.
”നീ എന്താ വന്നത്?” സഹദേവയണ്ണന്റെ ചോദ്യം.
ഞാൻ: “ഗൗരവമുള്ള ഒരു കാര്യം ചർച്ചചെയ്യാനുണ്ട്. ഞങ്ങൾ കെ.എസ്.വൈ.എഫുകാർ-(എ.ഐ.വൈ.എഫിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് സി.പി.ഐ (എം) രൂപീകരിച്ച പുതിയ യുവജന സംഘടന)-ഒരു മാസിക തുടങ്ങാൻ തീരുമാനിച്ചു. ജനുവരിയിൽ പുറത്തിറക്കണം. അത് പി.പി.പ്രസിൽ നിന്ന് അച്ചടിച്ച് തരണം.”
ഉടനേ ചിരിച്ചുകൊണ്ട് സഹദേവയണ്ണന്റെ മറ്റൊരു ചോദ്യം. പണം ആരു തരും? പാർട്ടി ആപ്പീസിൽ നിന്നാണെങ്കിൽ പറ്റില്ല. നീയോ, രാമചന്ദ്രൻപിള്ളയോ തരുമോ? കെ.എസ്.വൈ.എഫ് എന്നും മാസിക എന്നും കേട്ടപ്പോൾ പ്രൂഫ് തിരുത്തിക്കൊണ്ടിരുന്ന മൂന്നാമൻ തല ഉയർത്തി എന്നെ നോക്കി. ഓമനത്തമുള്ള മുഖം. മേലോട്ട് പിരിച്ചുവച്ച പൊടിമീശ. പെട്ടെന്ന് എന്റെ മനസിൽ ഭഗത് സിംഗിന്റെ മുഖം തെളിഞ്ഞു വന്നു. അയാൾ എന്നോട് ചോദിച്ചു:
“നിങ്ങളാണോ പിരപ്പൻകോട് മുരളി?”
ഞാൻ: “അതേ, എനിക്ക് മനസ്സിലായില്ല.”
ബോസ്:“ഞാൻ ബോസ്. സ്ട്രീറ്റ് ബോസ്, എന്ന് പറഞ്ഞാലേ നാട്ടുകാർ അറിയൂ”.
ഞാൻ: “അത് നിങ്ങളാണ് അല്ലേ?”
ബോസ്: “കേട്ടിട്ടുണ്ടോ?”
ഞാൻ: “ധാരാളം.”
അങ്ങനെ പി.പി പ്രസ്സിൽ വച്ച് ഞങ്ങൾ സുഹൃത്തുക്കളായി. ‘74 സെപ്തംബർ വരെ ഞങ്ങൾ ഒട്ടുമിക്ക ദിവസങ്ങളിലും കാണും. കുശലം പറയും.
സഹദേവയണ്ണൻ ബോസിനെക്കുറിച്ച് എന്നോടും എന്നെക്കുറിച്ച് ബോസിനോടും ഹരി:ശ്രീ മുതൽ ഹളഷവരെയുള്ളതെല്ലാം പറഞ്ഞ് തന്നതു കൊണ്ട് സമാന മനസ്കരായ ഞങ്ങൾ അറിയാതെ ആത്മബന്ധുക്കളായി.
ബോസിന്റെ കുടുംബവുമായിട്ട് എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.ബോസിന്റെ അടുപ്പക്കാരിൽ പലരും എന്റെയും അടുപ്പക്കാരായിരുന്നു.അനശ്വര വിപ്ളവകാരി സ:കെ.പി.ആർ.ഗോപാലൻ, ഫിലിപ്പ് എം.പ്രസാദ് സി.ആർ.ഓമനക്കുട്ടൻ, സി.കെ.സോമൻ, ഇ.എൻ.മുരളീധരൻനായർ, നീലംപേരൂർ മധുസൂദനൻ നായർ, കുഞ്ഞപ്പ പട്ടാന്നൂർ, നിരോധിക്കപ്പെട്ട വിപ്ളവസാഹിത്യം വേണ്ടപ്പെട്ടവർക്ക് എത്തിച്ച് കൊടുക്കുന്ന പാളയത്തെ പെട്ടിക്കടക്കാരൻ ശിവശങ്കരൻ നായർ എന്നിവരോടെല്ലാം എനിക്കും ഹൃദയബന്ധം ഉണ്ടായിരുന്നു.
ഫിലിപ്പ് എം.പ്രസാദ് എന്റെ ജൂനിയറായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് ഒന്നായിരുന്ന വിദ്യാർത്ഥി ഫെഡറേഷന്റെ(എ.ഐ.എസ്.എഫ്) അവസാനത്തെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടത്തിയത്. ആ സമ്മേളനത്തിന്റെ സ്വാഗത സംഘം സെക്രട്ടറിയായിരുന്നു ഞാൻ. ആ സമ്മേളനത്തിൽ വച്ചാണ് സ:സി.കെ.ചന്ദ്രപ്പൻ എ.ഐ.എസ്.എഫിന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നത്തെ സമ്മേളനം ഏറ്റവും സുപ്രധാനമായ ഒരു രാഷ്ട്രീയ സംഭവത്തിന് സാക്ഷ്യം വഹിച്ചു. ഒരു പക്ഷേ, പിൽക്കാലത്ത് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭിന്നതയെ സംബന്ധിച്ച ടെസ്റ്റ്ഡോസ് ആയി ആ സംഭവത്തെ കണക്കാക്കാമെന്ന് തോന്നുന്നു.
ചൈനീസ് വിദ്യാർത്ഥി ഫെഡറേഷനെ ലോക വിദ്യാർത്ഥി ഫെഡറേഷനിൽ നിന്ന് പുറത്താക്കണമെന്ന് അഭ്യർത്ഥിക്കുന്ന ഒരു പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു. സ:സി.കെ.ചന്ദ്രപ്പനാണ് പ്രമേയം അവതരിപ്പിച്ചത്. അവതരിപ്പിച്ച ഉടനേ ഞാൻ എഴുന്നേറ്റ് അത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഫിലിപ്പ്.എം പ്രസാദ് അതിനെ പിന്താങ്ങി. തുടർന്ന് വലിയ ഒരു വിഭാഗം പ്രതിനിധികൾ എഴുന്നേറ്റ് നിന്ന് പ്രമേയത്തിന് എതിരേ മുദ്രാവാക്യം വിളിച്ചു. ചർച്ചയ്ക്ക് പോലും എടുക്കാതെ പ്രമേയം കൈയടിച്ച് പാസാക്കാനാണ് പ്രസീഡിയത്തിന്റെ നീക്കമെന്ന് മനസ്സിലാക്കിയ പ്രതിനിധികളിൽ പലരും ഡസ്ക്കിന് മുകളിൽ കയറി നിന്ന് ബഹളം ഉണ്ടാക്കി. ഒടുവിൽ പ്രമേയം പിൻവലിക്കുകയും സമ്മേളന നടപടികൾ തുടരുകയും ചെയ്തു. ഈ സമ്മേളനത്തിൽ ബോസ് പങ്കെടുത്തിരുന്നോ എന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ പങ്കെടുത്തിട്ടുണ്ടാകാം. കാരണം, അക്കാലത്ത് ബോസ് കൊല്ലം എസ്.എൻ കോളേജ് വിദ്യാർത്ഥി ആയിരുന്നല്ലോ.
1964 ഏപ്രിലിൽ സി.പി.ഐ ഔദ്യോഗികമായി പിളർന്നു. അന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ ഞാൻ വിദ്യാർത്ഥി രംഗം വിട്ട് നാട്ടിലെ പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ നിർബന്ധിതനായി. തുടർന്ന്, എ.ഐ.എസ്.എഫിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് കെ.എസ്.എഫ് രൂപീകരിക്കുമ്പോൾ വിദ്യാർത്ഥി രംഗത്ത് ഞാൻ ഉണ്ടായിരുന്നില്ല. 1966 ൽ പാലക്കാട്ട് ചേർന്ന കെ.എസ്.എഫ് സംസ്ഥാന സമ്മേളനം സ:ഫിലിപ്പ് എം.പ്രസാദിനെ പ്രസിഡന്റായും സുഭാഷ് ചന്ദ്രബോസിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തെങ്കിലും സ:കെ.പി.ആർ. ഗോപാലന്റെയും മറ്റും സഹവാസം ബോസിനെ സി.പി.ഐ(എം) വിടാൻ നിർബന്ധിതനാക്കി. പാർട്ടിയിൽ നിന്നും കെ.എസ്.എഫിൽ നിന്നും ബോസ് പുറത്താക്കപ്പെട്ടു.
1967 മേയ് 25ന് ബംഗാൾ-നേപ്പാൾ അതിർത്തി ഗ്രാമമായ നക്സൽബാരിയിൽ ചാരുമജുംദാറുടെയും കനുസന്യാലിന്റെയും ജംഗൽ സന്താളിന്റെയും നേതൃത്വത്തിൽ നടന്ന സായുധ കാർഷിക കലാപം കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സമര ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായംതന്നെ തുറന്നു. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തെ സോവിയറ്റ്-ചൈനീസ് പ്രത്യയശാസ്ത്ര സമരത്തിന്റെ പശ്ചാത്തലത്തിൽ നക്സൽബാരി കാർഷിക കലാപത്തിന് പല പുതിയ അർത്ഥങ്ങളും വന്നു ചേർന്നു.
പാർട്ടിയിൽ നിന്നും വിദ്യാർത്ഥി ഫെഡറേഷനിൽ നിന്നും പുറത്താക്കപ്പെട്ട സുഭാഷ് ചന്ദ്രബോസ് കൽക്കത്തയിൽ ജേണലിസം പഠിക്കാൻ കേരളം വിട്ട് ബംഗാളിലേക്കാണ് പോയത്. അവിടെ ജേണലിസത്തെക്കാൾ പഠിക്കാൻ ശ്രമിച്ചത് നക്സലിസത്തെക്കുറിച്ചായിരുന്നു.നക്സലിസത്തെക്കുറിച്ച് ആഴത്തിലുള്ള പഠനം ചാരുമജുംദാറിന്റെ ‘ഉന്മൂലന’ സിദ്ധാന്ത തിരസ്കരണത്തിലേക്കാണ് ബോസിനെ കൊണ്ടെത്തിച്ചത്. എന്നാൽ, കൽക്കത്തയിലെ ജീവിതകാലത്ത് ‘ഉൽപ്പൽദത്തി’ന്റെയടക്കം ബംഗാൾ തിയേറ്ററിനെക്കുറിച്ച് പഠിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കേരളത്തിൽ തിരിച്ചെത്തിയ ബോസ് സാമ്പ്രദായിക കമ്മ്യൂണിസ്റ്റ് ചട്ടക്കൂടുകൾക്കും നക്സൽ സിദ്ധാന്തങ്ങൾക്കും അതീതമായി കൂടുതൽ ജനാധിപത്യപരമായും മനുഷ്യസ്നേഹപരമായും വിപ്ളവാത്മകമായ പുതിയൊരു സാമൂഹിക വ്യവസ്ഥ വിഭാവനം ചെയ്ത് അതിനുവേണ്ടിയുള്ള ഒരു ആശയ സമരത്തിന് കളമൊരുക്കുവാനാണ് ‘സ്ട്രീറ്റ്’ മാസിക ആരംഭിച്ചത്. ബോസിന്റെ എല്ലാമായിരുന്നു സ്ട്രീറ്റ്.
‘മിസാ’ വാറണ്ട് അനുസരിച്ച് ബോസ് ജയിലിലേക്കും ഞാൻ ഒളിവിലേക്കും പോവുകയായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം പിന്നീട് ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല. രാഷ്ട്രീയമായി കടുത്ത വിയോജിപ്പുള്ളപ്പോഴും ഞങ്ങൾ രാഷ്ട്രീയം പറഞ്ഞിരുന്നില്ല. കാണുമ്പോഴൊക്കെ ബോസ് വാതോരാതെ എന്നോട് പറഞ്ഞിരുന്നത് ഉൽപ്പൽദത്തിനെക്കുറിച്ചും ബംഗാൾ തിയേറ്ററിനെക്കുറിച്ചും ബർടോൾട്ട് ബ്രഹ്ത്തിനെക്കുറിച്ചും ശംഭുമിത്രയെക്കുറിച്ചും ചെറുകാട് നാടകങ്ങളെക്കുറിച്ചും ആയിരുന്നു.
എന്തുകൊണ്ടാണെന്ന് അറിയില്ല, പരിചയപ്പെട്ട കാലം മുതൽ ബോസിനെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ എന്റെ മനസ്സിൽ തെളിഞ്ഞുവരുന്നത് പൊടിമീശ മേലോട്ട് പിരിച്ചുവച്ച ഭഗത് സിംഗിന്റെ ഓമനത്തമുള്ളമുഖമാണ്.
ബോസിന്റെയും സ്ട്രീറ്റിന്റെയും കഥ മാത്രമല്ല, ഒരു കാലഘട്ടത്തിന്റെ കൂടി കഥ-കൗതുകകരമായി-പറയുന്നതാണ് ‘നക്സൽബാരിക്ക് ശേഷം പത്രാധിപർ’ എന്ന ഈ ചരിത്രാഖ്യായിക. ഇടയ്ക്ക് മുറിഞ്ഞുപോയ ഒരു ഗന്ധർവ്വ ഗീതം പോലെ സാന്ദ്രമായ ഒരു മേഘജ്യോതിസ്സിന്റെ കണ്ണീരിൽ കുതിർന്ന ഈ ചുവന്ന ചിന്തകൾ അതീവ അഭിമാനത്തോടെ ഒരു മാറ്റത്തിന് വേണ്ടി പോരാടുന്ന പുതിയ തലമുറയ്ക്ക് മുമ്പിൽ ഞാൻ സമർപ്പിക്കുന്നു.

ഹൃദയാഭിവാദനങ്ങളോടെ നിങ്ങളുടെ സ്വന്തം

പിരപ്പൻകോട് മുരളി

(ഡി.അശ്വിനീ കുമാറിന്റെ ‘
‘നക്‌സല്‍ബാരിക്ക് ശേഷം പത്രാധിപര്‍’ എന്ന കൃതിക്ക് പിരപ്പൻകോട് മുരളി എഴുതിയ അവതാരിക.