വിവര സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ ലോകവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന നോവലാണിത്. രണ്ടുലോകങ്ങള്‍ തമ്മില്‍ നേരിട്ടല്ലാതെ നടക്കുന്ന ആശയവിനിമയമാണ് നൃത്തത്തിന്റെ പ്രമേയം. ടി.പി. ശ്രീധരന്‍ എന്ന മധ്യവയസ്‌ക്കന്‍ ഉണ്ടാക്കുന്ന ഇ മെയില്‍ വിലാസത്തില്‍ ലഭിക്കുന്ന 'അഗ്‌നി' എന്നൊരാളുടെ കത്തുകളിലൂടെയാണ് ഈ നോവല്‍ പുരോഗമിക്കുന്നത്. ശ്രീധരന്‍ പ്രതികരിക്കാന്‍ തുടങ്ങുന്നതോടെ 'അഗ്‌നി'യെന്നയാളിന്റെ ഭൂതകാലം വായനക്കാരന്‍ അറിയുന്നു. 'സന്ദേഹങ്ങളെ ദൂരീകരിക്കുക, കാണുന്നതിനെ വിശ്വസിക്കു. എന്നെ, അഗ്‌നിയെ വിശ്വസിക്കുക. നെറ്റിലെ സത്യമാണ് ഞാന്‍''. എന്നാണ് അഗ്‌നി നല്‍കുന്ന മറുപടി. എയിഡ്‌സ് പിടികൂടിക്കഴിഞ്ഞ അഗ്‌നി എന്ന നര്‍ത്തകന്‍ ഇന്ത്യയില്‍ തന്റെ ഗ്രാമത്തില്‍ വന്ന് അഹുയെയും ബാല്യകാല സഖിയെയും കണ്ട് തിരികെ പോകുന്നു. തന്റെ ഫോട്ടോഗ്രാഫ് ആവശ്യപ്പെട്ട ശ്രീധരന് അവസാനത്തെ ഇ മെയിലില്‍ അയാള്‍ ഒരു കമ്പ്യൂട്ടര്‍ ഗ്രാഫിക് ചിത്രം അയച്ചുകൊടുത്ത് അഗ്‌നി സൈബര്‍ സ്‌പേയ്‌സില്‍ മറയുന്നിടത്ത് നോവല്‍ അവസാനിക്കുന്നു. മലയാളത്തിലെ ആദ്യസൈബര്‍ നോവല്‍ എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു.