ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥശാലയാണ് പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാല. സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെട്ട പി.കെ.നാരായണപിള്ളയുടെ സ്മാരകമാണ് ഈ ഗ്രന്ഥശാല.അമ്പലപ്പുഴയിലെ കരൂര്‍ പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാര്‍ ചേര്‍ന്ന് പി.കെ.വിലാസം ലൈബ്രറി എന്ന പേരില്‍ ഒരു ഗ്രന്ഥശാല ആദ്യകാലത്തു തുടങ്ങിയെങ്കിലും ആറുമാസമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. പിന്നീട് കുട്ടനാട്ടിലെ നീലംപേരൂര്‍ ഗ്രാമത്തില്‍ നിന്ന് പ്രൈമറി സ്‌കൂള്‍ അധ്യാപകനായി അമ്പലപ്പുഴയിലെത്തിയ പി.എന്‍. പണിക്കര്‍ ഈ വായനശാല ജസ്റ്റിസ് പി.കെ. വിലാസം ലൈബ്രറി എന്ന പേരില്‍ പുനരാരംഭിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിന്റെ തെക്കേനടയില്‍ ഒരു രൂപ വാടകയ്ക്ക്  ചെറിയ കെട്ടിടം വാടകയ്‌ക്കെടുത്താണ് പ്രവര്‍ത്തനം തുടങ്ങിയത്. 1938 ഫെബ്രുവരിയില്‍ പി.കെ.നാരായണപിള്ള അന്തരിച്ചു. തൊട്ടടുത്തമാസം ഗ്രന്ഥശാലയുടെ പേര് പി.കെ.മെമ്മോറിയല്‍ ലൈബ്രറി എന്നാക്കി. 1945 ല്‍ ഗ്രന്ഥശാലയ്ക്ക് സ്വന്തം കെട്ടിടം ഉണ്ടായി. കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ബീജാവാപം ചെയ്യുന്നതില്‍ ഈ ഗ്രന്ഥശാല നിര്‍ണായക പങ്ക് വഹിച്ചു. 1945 ല്‍ അമ്പലപ്പുഴയിലെ സാഹിത്യപഞ്ചാനന തിയേറ്ററില്‍ നടന്ന തിരുവതാംകൂര്‍ ഗ്രന്ഥശാലാസംഘ രൂപീകരണയോഗത്തില്‍ പി.എന്‍.പണിക്കരെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കേരളത്തില്‍ ആദ്യം രൂപീകരിക്കപ്പെട്ട ഗ്രന്ഥശാല അല്ലെങ്കിലും ഗ്രന്ഥശാലകളുടെ രജിസ്‌ട്രേഷനില്‍ ഒന്നാം നമ്പര്‍ പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയ്ക്കായിരുന്നു. 1996 ല്‍ ആലപ്പുഴ ജില്ലയിലെ ഏക മോഡല്‍ വില്ലേജ് ലൈബ്രറിയായി മാറി. 1997 ലെ പ്രഥമ ഇ.എം.എസ് പുരസ്‌ക്കാരം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ നിന്നും ലഭിച്ചു. നിരവധി റഫറന്‍സ് പുസ്തകങ്ങള്‍ ഉള്‍പ്പെടെ 40000 പുസ്തകങ്ങളും മുപ്പതിലധികം ആനുകാലികങ്ങളും ഇവിടെയുണ്ട്.