വൈഷ്ണവഗാനങ്ങൾ

(ഗോവിന്ദദാസ്)

കാളിയദർപ്പം പോക്കിയോ,രന്നു
കാളിന്ദീനദീതീരത്തിൽ
ചേണിയലും കദംബകാകുല-
കാനനാഞ്ചലച്ഛായയിൽ,
ചേലിലൊന്നിച്ചുകൂടിനാരേറെ-
ശ്രീലഗോപാലബാലകൾ.
നിശ്ചലങ്ങളാം മാഞ്ഞുപോകാത്ത
കൊച്ചുമിന്നൽപ്പിണരുകൾ
മാറിമാറിത്തൊടുത്തെടുത്തൊരു
മാലകോർത്തതുമാതിരി!
മിന്നിയെന്മിഴികൾക്കു മുന്നിലാ-
സ്വർണ്ണവർണ്ണോപമാംഗികൾ
മത്സഖേ, ഹാ, സുബല, ഞാനതു
വിസ്മരിക്കുന്നതെങ്ങനെ?
കഷ്ടമില്ലെനിക്കിന്നതിൽ പിന്നീ-
ടൊട്ടുമുത്സാഹമൊന്നിലും
രാപ്പകൽപോലും വേർതിരിച്ചോതാ-
നാവതല്ല മേ തെല്ലുമേ!
ഉണ്ടവരിലാപ്പെൺകൊടികളിൽ
രണ്ടുമൂന്നുജ്ജ്വലാംഗികൾ
വിശ്വസൗന്ദര്യസാരനിർമ്മിത-
വിസ്മയാവഹഭൂഷകൾ.
കൊണ്ടൽവേണിയായ് കോമളാംഗിയാ-
യുണ്ടവരിലൊരോമലാൾ.
ഇല്ലവരിലഴകിലാരുമേ
വെല്ലുവാനക്കുമാരിയെ.
അത്രമാത്രം കവർന്നിതെൻമന-
മത്തരുണിതൻ സൗഭഗം.
പ്രേമജന്യവിരഹവഹ്നിതൻ
ധൂമവീചികൾ മേൽക്കുമേൽ
മന്മിഴികളിൽനിന്നു നീക്കുന്നി-
തുന്മദപ്രദനിദ്രയെ.
മാമകധ്യാനമെപ്പൊഴുമിന്നാ-
മായികയിങ്കൽ മാത്രമാം.

 

ഹാ, വിരഹത്തിലിത്രമാത്രമൊ-
രാവിലത്വമെഴുതുന്നതായ്
ഇത്തിരിപോലുമോർത്തിരുന്നതി-
ല്ലിത്രനാളും ഞാനേതു മേ.
ഞാനനുദിനം മേല്ക്കുമേലതി-
ക്ഷീണിതനായ്ച്ചമകയാം.
ആവിലത്വമതോർത്തിദമിതാ
ഗോവിന്ദദാസനോതുന്നു;
“ആവലാതിപ്പെടുന്നതേവമാ-
ണേവനും നവപ്രേമത്തിൽ!”

വസന്തം

(തോമസ് നാഷ്)

വസന്തം മോഹനവസന്തം വത്സര-
വസുന്ധരാധിപകലാപമൗക്തികം
എഴുന്നള്ളുമ്പൊഴുതഖിലവുമുണർ-
ന്നഴകിലുൽഫുല്ലപ്രസന്നമായ് നിൽപൂ.
ഒരു മനോഹരവലയം നിർമ്മിച്ചു
തരുണികൾ ചെയ്‌വൂ തരളനർത്തനം.
ഒഴിഞ്ഞകലുന്നു തണുപ്പെവിടെയു-
മൊഴുകുന്നു ഗാനതരംഗമാലകൾ.
പല കളകളസ്വനലഹരികൾ
പകരുന്നിതോമല്പതംഗപാളികൾ.
പരിചിലോലകൾ മെടഞ്ഞുമേഞ്ഞതാം
പരിലസൽഗ്രാമഭവനവീഥികൾ
പ്രസരിപ്പിക്കുന്നു പരിസരങ്ങളിൽ
പ്രസന്നഭാവത്തിൻ വിലാസവീചികൾ.
മിളിതകൗതുകമലഞ്ഞു ചാഞ്ചാടി-
ക്കളിപ്പതെമ്പാടുമജകിശോരങ്ങൾ.
പരമസംതൃപ്തി നുകർന്നിടയന്മാർ!
പതംഗപാളികൾ പകരുന്നു മേന്മേൽ
പല കളകളസ്വരലഹരികൾ!
വയലുകളിൽനിന്നതിമധുരമാ-
യുയരുന്നിതോരോ കുളിർത്ത വീർപ്പുകൾ,
നടക്കവേ കാലിൽത്തടവുന്നൂ മഞ്ഞ-
ക്കുടവിടുർത്തിയ ചെറുമുക്കുറ്റികൾ.

 

പ്രണയലോലരാം തരുണരാർജ്ജിപ്പൂ
പ്രണയിനിമാർതൻ സുഖസമ്മേളനം.
ഇളവെയിലേറ്റു രസിപ്പൂ സന്താന-
സുലഭകൾ, രാഗഭരപ്രഗല്ഭകൾ!
തെരുവുകൾതോറും, തരുനിരതോറും
തിരയടിക്കുന്നു തരളഗാനങ്ങൾ
പതംഗപാളികൾ പകർന്നൊഴിക്കുന്നു
പല കളകളസുധാലഹരികൾ!