തത്ത്വഭേദങ്ങള്‍ വിജ്ഞാനജ്ഞാനവൈരാഗ്യാദി
ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികളും
കേ്ഷത്രോപവാസഫലം യാഗാദികര്‍മ്മഫലം
തീര്‍ത്ഥസ്‌നാനാദിഫലം ദാനധര്‍മ്മാദിഫലം
വര്‍ണ്ണധര്‍മ്മങ്ങള്‍ പുനരാശ്രമധര്‍മ്മങ്ങളു
മെന്നിവയെല്‌ളാമെന്നോടൊന്നൊഴിയാതവണ്ണം
നിന്തിരുവടിയരുള്‍ചെയ്തു കേട്ടതുമൂലം
സന്തോഷമകതാരിലേറ്റവുമുണ്ടായ്‌വന്നു. 130
ബന്ധമോക്ഷങ്ങളുടെ കാരണം കേള്‍ക്കമൂല
മന്ധത്വം തീര്‍ന്നുകൂടി ചേതസി ജഗല്‍പതേ!
ശ്രീരാമദേവന്‍തന്റെ മാഹാത്മ്യം കേള്‍പ്പാനുളളില്‍പാരമാഗ്രഹമുണ്ടു,
ഞാനതിന്‍ പാത്രമെങ്കില്‍
കാരുണ്യാംബുധേ! കനിഞ്ഞരുളിച്ചെയ്തീടണ
മാരും നിന്തിരുവടിയൊഴിഞ്ഞില്‌ളതു ചൊല്‍വാന്‍.''
ഈശ്വരി കാര്‍ത്ത്യായനി പാര്‍വ്വതി ഭഗവതി
ശാശ്വതനായ പരമേശ്വരനോടീവണ്ണം
ചോദ്യംചെയ്തതു കേട്ടു തെളിഞ്ഞു ദേവന്‍
ജഗദാദ്യനീശ്വരന്‍ മന്ദഹാസംപൂണ്ടരുള്‍ചെയ്തുഃ  140
'ധന്യേ! വല്‌ളഭേ! ഗിരികന്യേ! പാര്‍വ്വതീ! ഭദ്രേ!
നിന്നോളമാര്‍ക്കുമില്‌ള ഭഗവത്ഭ്കതി നാഥേ!
ശ്രീരാമദേവതത്വം കേള്‍ക്കേണമെന്നു മന
താരിലാകാംക്ഷയുണ്ടായ്‌വന്നതു മഹാഭാഗ്യം.
മുന്നമെന്നോടിതാരും ചോദ്യംചെയ്തീല, ഞാനും
നിന്നാണെ കേള്‍പ്പിച്ചതില്‌ളാരെയും ജീവനാഥേ!
അത്യന്തം രഹസ്യമായുളെളാരു പരമാത്മ
തത്വാര്‍ത്ഥമറികയിലാഗ്രഹമുണ്ടായതും
ഭക്ത്യതിശയം പുരുഷോത്തമന്‍തങ്കലേറ്റം
നിത്യവും ചിത്തകാമ്പില്‍ വര്‍ദ്ധിക്കതന്നെ മൂലം. 150
ശ്രീരാമപാദാംബുജം വന്ദിച്ചു സംകേ്ഷപിച്ചു
സാരമായുളള തത്വം ചൊല്‌ളുവന്‍ കേട്ടാലും നീ.
ശ്രീരാമന്‍ പരമാത്മാ പരമാനന്ദമൂര്‍ത്തി
പുരുഷന്‍ പ്രകൃതിതന്‍കാരണനേകന്‍ പരന്‍
പുരുഷോത്തമന്‍ ദേവനനന്തനാദിനാഥന്‍
ഗുരുകാരുണ്യമൂര്‍ത്തി പരമന്‍ പരബ്രഹ്മം
ജഗദുത്ഭവസ്ഥിതിപ്രളയകര്‍ത്താവായ
ഭഗവാന്‍ വിരിഞ്ചനാരായണശിവാത്മകന്‍
അദ്വയനാദ്യനജനവ്യയനാത്മാരാമന്‍
തത്ത്വാത്മാ സച്ചിന്മയന്‍ സകളാത്മകനീശന്‍ 160
മാനുഷനെന്നു കല്‍പിച്ചീടുവോരജ്ഞാനികള്‍
മാനസം മായാതമസ്‌സംവൃതമാകമൂലം.
സീതാരാഘവമരുല്‍സൂനുസംവാദം മോക്ഷ
സാധനം ചൊല്‍വന്‍ നാഥേ! കേട്ടാലും തെളിഞ്ഞു നീ.
എങ്കിലോ മുന്നം ജഗന്നായകന്‍ രാമദേവന്‍
പങ്കജവിലോചനന്‍ പരമാനന്ദമൂര്‍ത്തി
ദേവകണ്ടകനായ പങ്കതികണ്ഠനെക്കൊന്നു
ദേവിയുമനുജനും വാനരപ്പടയുമായ്