രാവണന്‍ തന്നെയും നിഗ്രഹിയ്ക്കും ക്ഷണാ
ലേവമിതിന്നു വഴിയെന്നു നിര്‍ണ്ണയം
‘രത്‌നാകരം ശതയോജനവിസ്തൃതം
യത്‌നേന ചാടിക്കടന്നു ലങ്കാപുരം
പുക്കു വൈദേഹിയെക്കണ്ടു പറഞ്ഞുട
നിക്കരെച്ചാടിക്കടന്നു വരുന്നതും
തമ്മില്‍ നിരൂപിക്ക നാ,മെന്നൊരുമിച്ചു
തമ്മിലന്യോന്യം പറഞ്ഞുതുടങ്ങിനാര്‍
സമ്പാതിതന്നുടെ പൂര്‍വ്വവൃത്താന്തങ്ങ
ളമ്പോടു വാനരന്മാരോടു ചൊല്‌ളിനാന്‍
‘ഞാനും ജടായുവാം ഭ്രാതാവുമായ് പുരാ
മാനേന ദര്‍പ്പിതമാനസന്മാരുമായ്
വേഗബലങ്ങള്‍ പരീക്ഷിപ്പതിന്നതി
വേഗം പറന്നിതു മേല്‍പേ്പാട്ടു ഞങ്ങളും
മാര്‍ത്താണ്ഡമണ്ഡലപര്യന്തമുല്‍പതി
ച്ചാര്‍ത്തരായ് വന്നു ദിനകരരശ്മിയാല്‍
തല്‍ക്്ഷണേ തീയും പിടിച്ചിതനുജനു
പക്ഷപുടങ്ങളി,ലപേ്പാളവനെ ഞാന്‍
രക്ഷിപ്പതിന്നുടന്‍ പിന്നിലാക്കീടിനേന്‍
പക്ഷം കരിഞ്ഞു ഞാന്‍ വീണിതു ഭൂമിയില്‍
പക്ഷദ്വയത്തോടു വീണാനനുജനും
പക്ഷികള്‍ക്കാശ്രയം പക്ഷമലേ്‌ളാ നിജം
വിന്ധ്യാചലേന്ദ്രശിരസി വീണീടിനേ
നന്ധനായ് മൂന്നു ദിനം കിടന്നീടിനേന്‍
പ്രാണശേഷത്താലുണര്‍ന്നോരു നേരത്തു
കാണായിതു ചിറകും കരിഞ്ഞങ്ങനെ
ദിഗ്ഭ്രമം പൂണ്ടു ദേശങ്ങളറിയാഞ്ഞു
വിഭ്രാന്തമാനസനായുഴന്നങ്ങനെ
ചെന്നേന്‍ നിശാകരതാപസന്തന്നുടെ
പുണ്യാശ്രമത്തിനു പൂര്‍ണ്ണഭാഗ്യോദയാല്‍
കണ്ടു മഹാമുനി ചൊല്‌ളിനാനെന്നോടു
പണ്ടു കണ്ടുള്ളൊരറിവുനിമിത്തമായ്
‘എന്തു സമ്പാതേ! വിരൂപനായ് വന്നതി
നെന്തുമൂലമിതാരാലകപെ്പട്ടതും?
എത്രയും ശക്തനായോരു നിനക്കിന്നു
ദഗ്ദ്ധമാവാനെന്തു പക്ഷം പറക നീ’
എന്നതു കേട്ടു ഞാനെന്നുടെ വൃത്തന്ത
മൊന്നൊഴിയാതെ മുനിയോടു ചൊല്‌ളിനേന്‍
പിന്നെയും കൂപ്പിത്തൊഴുതി ചോദിച്ചിതു
‘സന്നമായ് വന്നു ചിറകും ദയാനിധേ!
ജീവനത്തെദ്ധരിക്കേണ്ടുമുപായമി
ന്നേവമെന്നെന്നോടു ചൊല്‌ളിത്തരേണമേ!’
എന്നതു കേട്ടു ചിരിച്ചു മഹാമുനി
പിന്നെദ്ദയാവശനായരുളിച്ചെയ്തു
‘സത്യമായുള്ളതു ചൊല്‌ളുന്നതുണ്ടു ഞാന്‍
കൃത്യം നിനക്കൊത്തവണ്ണം കുരുഷ്വ നീ
ദേഹം നിമിത്തമീ ദുഃഖമറിക നീ
ദേഹമോര്‍ക്കില്‍ കര്‍മ്മസംഭവം നിര്‍ണ്ണയം
ദേഹത്തിലുള്ളോരഹംബുദ്ധി കൈക്കൊണ്ടു
മോഹാദാഹംകൃതികര്‍മ്മങ്ങള്‍ ചെയ്യുന്നു
മിഥ്യയായുള്ളോരവിദ്യാസമുത്ഭവ
വസ്തുവായുള്ളോന്നഹങ്കാരമോര്‍ക്ക നീ
ചിച്ഛായയോടു സംയുക്തമായ് വര്‍ത്തതേ
തപ്തമായുള്ളോരയഃപിണ്ഡവല്‍ സദാ
തേന ദേഹത്തിന്നു താദാത്മ്യയോഗേന
താനൊരു ചേതനവാനായ് ഭവിയ്ക്കുന്നു
ദേഹോഹമെന്നുള്ള ബുദ്ധിയുണ്ടായ് വരു
മാഹന്ത! നൂനമാത്മാവിനു മായയാ
ദേഹോഹമദ്യൈവ കര്‍മ്മകര്‍ത്താഹമി
ത്യാഹന്ത! സങ്കല്‍പ്യ സര്‍വ്വദാ ജീവനും
കര്‍മ്മങ്ങള്‍ ചെയ്തു ഫലങ്ങളാല്‍ ബദ്ധനായ്
സമ്മോഹമാര്‍ന്നു ജനനമരണമാം
സംസാരസൗഖ്യദുഃഖാദികള്‍ സാധിച്ചു