അഞ്ച്

എന്തൊരു മാറ്റമാ, ണയ്യോ, ഞാന്‍ പണ്ടൊരു
ഗന്ധര്‍വ ബാലകനായിരുന്നു.

മഞ്ഞുമ്മവെച്ചൊര ച്ചെമ്പനീര്‍പ്പൂപോലെ
മന്ദഹസിക്കും മനസ്‌സുമായി,

അല്‌ളലെന്താണെന്നറിയാതൊരു കൊച്ചു
പുല്‌ളാങ്കുഴലുമെന്‍ കയ്യിലേന്തി,

മേയുവാനാടുകള്‍ പൂകുന്നകാടുകള്‍
മേളിച്ച താഴ്വരപ്പച്ചകളില്‍,

കണ്ണഞ്ചും പൂ ചൂടിക്കാനനവല്‌ളികള്‍
കണ്ണാടിനോക്കുന്നൊരാറ്റുവക്കില്‍

ഉച്ചവെയിലരിച്ചൂര്‍ന്നിറങ്ങാത്തൊര
പ്പച്ചമരങ്ങള്‍ തന്‍ പൂന്തണലില്‍,

സ്വര്‍ഗ്ഗമാണീ ലോകമന്നമ, ട്ടെപെ്പാഴും
സ്വപ്നവും കണ്ടു കഴിച്ചുകൂട്ടി !

കാപട്യമെന്തന്നറിയാതെ സര്‍വ്വവും
കാണുന്നമട്ടില്‍ ഞാന്‍ വിശ്വസിച്ചു.

മാനസത്തിങ്കലിടവിടാതന്നോരോ
ഗാനം തുളുമ്പി ത്രസിച്ചിരുന്നു.

ചിത്രശലഭം പോലോരോ സുഷമയില്‍
ചിത്തം മദിച്ചു പറന്നിരുന്നു.

ഉത്സുകനായിരുന്നില്‌ള ഞാനൊട്ടുമ
ന്നുല്‍ക്കര്‍ഷലക്ഷ്മിക്കതിഥിയാകാന്‍.

ആവശ്യമെന്നെ ച്ചുഴന്നിരുന്നില്‌ള, ഞാ
നാഡംബരത്തില്‍ മുഴുകിയില്‌ള.

ഓലക്കുടിലിലെപ്പായ്ത്തുണ്ടി,ലന്നല്‌ളി
ലോമല്‍ക്കിനാക്കള്‍ കുണുങ്ങിയെത്തി

എന്നെപ്പുണര്‍ന്നു; ഞാന്‍ കോള്മയിര്‍ക്കൊണ്ടുകൊ
ണ്ടെന്നെയും കൂടി മറന്നിരുന്നു.

വിത്തമി,ല്‌ളുല്‍കൃഷ്ടവിദ്യയി,ല്‌ളുജ്ജ്വല
വിഖ്യാതിയില്‌ള, വിഭവമില്‌ള.

പാരിലുണ്ടിമ്മട്ടൊരാളെന്നു പോലുമ
ന്നാരുമൊരാളുമറിഞ്ഞതില്‌ള.

ഏവമഗണ്യനാ, യജ്ഞാതനായ്ത്തന്നെ
ജീവിച്ചിരുന്നെങ്കിലൂഴിയില്‍ ഞാന്‍!

ഒന്നുമില്‌ളാത്തവ, നൊന്നുമിലാത്തവന്‍
മന്നിലവനാണു ഭാഗ്യശാലി!

നൊന്തിടുന്നെന്മനംമാറിപേ്പായ് കാല,മി
ന്നെന്തുഫലമീയനുശയത്താല്‍?

ഉല്‍കര്‍ഷലക്ഷ്മിതന്‍ സല്‍ക്കാരശാലയില്‍
നില്‍ക്കയാണിന്നണഞ്ഞുദ്ധതന്‍ ഞാന്‍.

പേരും പെരുമയും നേടി,യെന്‍ ജീവിത
പേ്പാരാട്ടമേവം വിജയമായി.

ചിന്തിച്ചിരിക്കാതൊരായിരം ഭാഗ്യങ്ങള്‍
ചെന്തളിര്‍ പാകുന്നിതെന്‍ വഴിയില്‍.

എങ്കിലു,മയ്യോ,മരവിച്ചുപോയി മല്‍
സ്‌സങ്കല്‍പംഞാനൊരു യന്ത്രമായി.