അകാലത്തില്‍ അന്തരിച്ച സാംബശിവന്‍ മുത്താനയുടെ കവിതകളെക്കുറിച്ച്

സി.വി. വിജയകുമാര്‍

കൊടുമുടിയിലേക്ക് വസന്തംതേടി പോകുന്നത് ഏകാകിയുടെ സാഹസികതയാണ്. സ്വപ്നത്തില്‍ ഉദിച്ചുണരുന്ന ജാഗ്രതയുടെ ഗൂഢലഹരിയിലാണവര്‍ ഇങ്ങനെയുള്ള ഉന്മാദത്തിന്റെ സാന്ദ്രമായ പൂക്കാലത്തെ പ്രണയിച്ചു തുടങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ മരണത്തിനു നേരെയുള്ള ജീവിതത്തിന്റെ മാന്ത്രികമായ പ്രതിരോധമായി ഇവിടെ ഒരാളുടെ സര്‍ഗാത്മകതയുടെ സൗന്ദര്യവിസ്‌ഫോടനങ്ങള്‍ വിന്യസിക്കപ്പെടുകയാണ് ചെയ്യുന്നത്. കാലത്തിന്റെ അനന്തമായ പെരുവഴിയില്‍ അനുനിമിഷം കുറുകിക്കൊണ്ടിരിക്കുന്ന പാഴ്‌നിഴല്‍ മാത്രമാണ് ജീവിതമെന്നാണ് ക്ഷുഭിതമായ സമചിത്തത കൊണ്ടിവര്‍ രേഖപ്പെടുത്താന്‍ ശ്രമിക്കുന്നത്. അകാലത്തില്‍ നമ്മോട് യാത്രാമൊഴിചൊല്ലിക്കടന്നുപോയ കവി സാംബശിവന്‍ മുത്താനയുടെ കവിതകളിലെ ഭ്രാന്തന്‍വസന്തത്തിന്റെ രക്തഗന്ധമാണ് എന്നെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സ്‌ഫോടനാത്മകമായ നെടുവീര്‍പ്പുകളും ഘനീഭൂതമായ കണ്ണുനീര്‍ത്തുള്ളികളും കൊണ്ട് ജീവിതത്തെ വഴിനീളെ നോവിച്ചും കരയിച്ചും കൊണ്ടായിരുന്നു കവിതയെ ഈ കവി ആര്‍ദ്രമായി പ്രണയിച്ചുകൊണ്ടിരുന്നത്. ഒരുപക്ഷെ, ഹൃദയത്തില്‍ നന്മയുള്ളവരെ ദരിദ്രരാക്കി മാറ്റുന്ന ദൈവത്തിന്റെ അവിവേകത്തോടുള്ള നിഷേധം സാംബശിവന്റെ വലിയ കരുത്തായിട്ടുണ്ടാവണം. അതുകൊണ്ടാണ് സാംബശിവന്‍ തന്റെ കവിതയെ വെറും ദയാഹര്‍ജികളോ അര്‍ത്ഥനകളോ ആക്കിമാറ്റാന്‍ കൂട്ടാക്കാതിരുന്നത്. ജീവിതത്തിന്റെ വിഷാദഭരിതമായ ദൂരങ്ങളിലത്രയും അവ തനിക്ക് തുണയും കാവലുമായി കൂടെനിന്നു.