മലയാളകവിതയില്‍ ആധുനികതയുടെ സമീപകാലംവരെയുള്ള വൃത്ത-താള പരീക്ഷണങ്ങളെ സ്വാംശീകരിക്കുന്നതിനും ഒപ്പം പുതുക്കുന്നതിനുമുള്ള ശ്രമമാണ് പിന്നീടുവന്ന പല കവികളുടെയും രചനകളില്‍ കാണുന്നത്. വൃത്ത-താളങ്ങളുടെ വൈവിധ്യം എന്നതിനെക്കാള്‍ അവയുടെ ഉപയോഗത്തിലുള്ള സൂക്ഷ്മതയ്ക്കാണ് മിക്ക കവിതകളിലും പ്രാധാന്യം. അവയില്‍ ആധുനികകവിതയുടെതന്നെ തുടര്‍ച്ചകളുണ്ട്. ആധുനികപൂര്‍വമായ കാവ്യരീതിയെ അനുസ്മരിപ്പിക്കുന്നവയുണ്ട്. പരിചിതമായ ഏത് ആവിഷ്‌കാരരീതിയില്‍നിന്നും വഴിമാറി നടക്കാനുള്ള ശ്രമങ്ങളുമുണ്ട്. ഏതു രീതിയിലാണെങ്കിലും വൃത്ത-താളങ്ങളുടെ സ്വാഭാവികമായ ഉപയോഗമെന്നതില്‍ക്കവിഞ്ഞ് ഒരു ആധി താളം എന്ന കാവ്യഘടകത്തെക്കുറിച്ചു മാത്രമായി കവികള്‍ പുലര്‍ത്തുന്നുണ്ടെന്നു തോന്നുന്നില്‌ള. അതുകൊണ്ടുതന്നെ കവിതയുടെ ഇതരഘടകങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുവേണം അക്ഷരവിന്യാസത്തിന്റെ സൗന്ദര്യശാസ്ത്രത്തയും മനസ്‌സിലാക്കേണ്ടത്.