ഒരു മംഗളാചാരമാണ് ‘നിറപറ’ വയ്ക്കല്‍. പറയിലും ഇടങ്ങഴിയിലും നിറയെ നെല്ലും, നാഴിയില്‍ അരിയും വയ്ക്കും. തെങ്ങിന്‍പൂക്കുല പറയില്‍ കുത്തിവയ്ക്കാറുണ്ട്. കാവുകളിലും ഗൃഹങ്ങളിലും നടത്താറുള്ള പല അനുഷ്ഠാന കര്‍മ്മങ്ങള്‍ക്കും പൂജകള്‍ക്കും നിറപറ പതിവുണ്ട്. ‘പാന’ തുടങ്ങിയവയ്ക്ക് നിറപറ ഒഴിച്ചുകൂടാത്തതാണ്. മധ്യകേരളത്തില്‍ ‘പറയെടുപ്പ്’ എന്നൊരു ആഘോഷമുണ്ട്. കാളിയൂട്ട് തുടങ്ങിയ അനുഷ്ഠാന കലോല്‍സവങ്ങളോടനുബന്ധിച്ച് ഭവനങ്ങളില്‍ നിറപറ വെച്ച് കാളിയെ സ്വീകരിക്കും.

നിറപറ വയ്ക്കുന്നതുപോലെയുള്ള ഒരു മംഗളാചാരമാണ് ‘നിറനാഴി’ വയ്ക്കല്‍. ഇടങ്ങഴിയില്‍ നിറയെ നെല്ലും, നാഴിയില്‍ നിറയെ അരിയുമാണ് അതിനു വേണ്ടത്. ‘അഷ്ടമംഗല്യ’ങ്ങളിലൊന്നാണിത്. ‘നിറപറ’ വയ്ക്കുകയെന്നത് ഇന്ന് ഒരു സാമൂഹികമായ ചടങ്ങും കേരളീയമായ സാംസ്‌കാരിക ചിഹ്നവും കൂടിയാണ്. വിവാഹമണ്ഡപങ്ങളിലും ഉല്‍ഘാടനവേദികളിലും മറ്റും ‘നിറപറ’ വയ്ക്കാറുണ്ട്.