കാളിയുടെ പരിവാരദേവത. ദേവാസുരയുദ്ധം കഴിഞ്ഞപ്പോള്‍ പോര്‍ക്കളത്തിലെ രക്തത്തില്‍ പൊടിച്ചുണ്ടായവരാണ് രുധിരമണ്ഡിയും പരവമക്കളും. ഒന്നു നൂറായിരം പരവമക്കളില്‍ മുന്‍കൂട്ടി മകള്‍, വീരപരവയാണ്. വീരപരവയ്ക്കു പുറമേ, പുള്ളിപ്പരവ, തീപ്പരവ, കോയ്പ്പരവ, കാലിപ്പരവ, നീര്‍പ്പരവ, പൊടിപ്പരവ, കോല്‍പ്പരവ, കളിപ്പരവ, മയില്‍പ്പരവ, എന്നിങ്ങനെ അനേകം പരവകള്‍ ഉണ്ടായത്രേ. ആരിയക്കരയില്‍ നിന്ന് പുറപ്പെട്ട ഈ ദേവതകള്‍ പുഴാതിയിലും നരിക്കോട്ടും മറ്റും സഞ്ചരിച്ചതായി മാവിലരുടെ ഒരു പാട്ടില്‍ പ്രസ്താവിച്ചുകാണുന്നു. മാവിലര്‍ പരവയുടെ തെയ്യം കെട്ടിയാടാറുണ്ട്. പരവയെ ജനങ്ങളെ ബാധിക്കുന്ന ഒരുദുര്‍ദേവതയായി സങ്കല്പിക്കാറുണ്ട്. പരവയെ നീക്കുന്ന മാന്ത്രികകര്‍മ്മമുണ്ട്. അതിന് കുറിക്കുന്ന കളത്തില്‍ ദേവതാരൂപം ചിത്രീകരിക്കുന്നു.