ക്ഷേത്രങ്ങളില്‍ നടത്താറുള്ള വഴിപാടുകളിലൊന്ന്. കാടാമ്പുഴ ശ്രീപാര്‍വതീക്ഷേത്രത്തില്‍ പൂവുമൂടല്‍ പ്രധാനമാണ്. ശ്രീശങ്കരാചാര്യര്‍ ഒരിക്കല്‍ കാടാമ്പുഴയില്‍ക്കൂടി സഞ്ചരിക്കവേ ഒരു തേജസ്‌സ് താണുവാനിടയായി. കീരാതിയുടെ രൂപം ധരിച്ച ശ്രീപാര്‍വ്വതിയാണെന്നു മനസ്‌സിലായി. ആ ദിവ്യചൈതന്യം അവിടെ പ്രതിഷ്ഠിക്കാന്‍ നിശ്ചയിച്ചു. ആ തേജസ്‌സ് വിലയം പ്രാപിച്ച കുഴി ഒരു തൂശനിലകൊണ്ട് മൂടി. തെച്ചപ്പൂക്കള്‍ ഉപയോഗിച്ചാണ് ശങ്കാരാചാര്യര്‍ പൂജ നടത്തിയത്. വൃശ്ചികത്തിലെ തൃക്കാര്‍ത്തികയായിരുന്നു ആ ദിവസം ആചാര്യസ്വാമികള്‍ പുഷ്പാഞ്ജലി ചെയ്ത് അവിടെ മൂടി. പില്‍ക്കാലത്ത് ഭഗവതിക്ക് പൂവുമൂടല്‍ ഇഷ്ടപ്രദമായിത്തീരുന്നു. കാടാമ്പുഴയിലെ പൂമൂടലിന്റെ ഐതിഹ്യം ഇതാണ്. കിരാതമൂര്‍ത്തിയായ പരമേശ്വരന്റെ നേര്‍ക്ക് അര്‍ജുനന്‍ അയച്ച അമ്പുകള്‍ പൂക്കളാക്കി മാറ്റിയ ശ്രീപാര്‍വതിയാണത്. അഭീഷ്ടസിദ്ധിക്ക് അവിടെ നിന്നും ഇന്നും പൂമൂടല്‍ വഴിപാട് നടത്തപ്പെടുന്നു.

ഓണത്തിന് മണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനെയാണ് പൂജിക്കുക. അപ്പോള്‍ വിവിധതരം പൂക്കള്‍കൊണ്ട് തൃക്കാക്കരയപ്പനെ മൂടുക പതിവാണ്. ഇതിനും പൂമൂടല്‍ എന്നു പറയും. പൂക്കളില്‍ തുമ്പപ്പൂവിന് പ്രാമുഖ്യമുണ്ട്.