പുഷ്പാര്‍ച്ചനയാണ് പൂപ്പട. ദേവതാപ്രീണനത്തിനു വേണ്ടിയും ബാധോച്ചാടനത്തിനും പൂപ്പട നടത്താറുണ്ട്. ഗന്ധര്‍വവാദി ബാധകളുണ്ടായാല്‍ കന്യകമാരുടെയും സ്ത്രീകളെയും പുരസ്‌കരിച്ച് ഗണകന്മാര്‍ പൂപ്പട എന്ന കര്‍മ്മം നടത്തിവരുന്നു. മണ്ണടിയിലും മറ്റും സന്താനലാഭത്തിനും ഗര്‍ഭം അലസാതിരിക്കുവാനുമായി അവര്‍ പ്രസ്തുത കര്‍മ്മം കഴിക്കാറുണ്ട്. പിണിയാള്‍ വ്രതമെടുത്തിരിക്കും. പ്രത്യേകം പന്തല്‍ അലങ്കരിച്ച്, നിറപറയും വിളക്കും വയ്ക്കും. ഗാര്‍ഹികാന്തരീക്ഷത്തില്‍ രാത്രിയിലാണ് ഇത്തരം പൂപ്പടകള്‍ പതിവ്. ഗന്ധര്‍വകോലം തുള്ളുകയെന്നത് ഇതിന്റെ പ്രത്യേകതയാണ്. ഉടുക്ക്, കിണ്ണം തുടങ്ങിയവയാണ് വാദ്യോപകരണങ്ങള്‍. മാരന്‍ പാട്ടും പാടും. സുന്ദരയക്ഷിക്കോലങ്ങളുടെ പുറപ്പാടുണ്ടാവും. അപ്പോള്‍ പിണിയാള്‍ ഇളകിത്തുള്ളുക പതിവാണ്.

കോലം തുള്ളാതെ, കളമെഴുതി, പൂപ്പട നടത്തുന്ന പതിവുണ്ട്. പാട്ടുപോടി പിണിയകറ്റും. ഗണകന്‍മാര്‍ക്കും പറയര്‍ക്കുമിടയില്‍ ഈ പതിവുണ്ട്. ഗണകന്മാര്‍ പൂപ്പടയ്ക്ക് അനേകം പാട്ടുകളും പാടാറുണ്ട്.

പടയണിയില്‍ അവസാനത്തെച്ചടങ്ങിലൊന്നായി പൂപ്പട നടത്തിവരുന്നു. പടേനിക്കോലങ്ങളെല്ലാം തുളഅളിക്കഴിഞ്ഞശേഷം, കാവിന്റെ മുറ്റത്ത് നടയില്‍ പൂക്കള്‍ കൂട്ടിയിടുകയും, പാട്ടുപാടുകയും ചെയ്യുകയാണ് അതിന്റെ പ്രത്യേകത. മാരാന്മാരാണ് പാടുന്നത്. പടയണിയിലെ പൂപ്പട ചിലേടങ്ങളില്‍ അനുഷ്ഠാനാംശം കുറഞ്ഞാണ് കാണുന്നത്.