പുംസവനകര്‍മ്മത്തോടനുബന്ധിച്ചുള്ള ഒരു ചടങ്ങ്. അഞ്ചാം മാസത്തിലോ ഏഴാം മാസത്തിലോ ഒന്‍പതാം മാസത്തിലോ ആണ് പുളികുടി നടത്തുക. മുഹൂര്‍ത്തം നോക്കി ചെയ്യേണ്ട കര്‍മ്മമാണിത്. ഉന്നതജാതിക്കാരുടെ ഇടയില്‍ പുളികുടി സാധാരണയായി പതിവില്ല. പുളികുടിയുടെ ചടങ്ങുകള്‍ക്ക് ദേശസമുദായാദികള്‍ക്കനുസരിച്ച് വ്യത്യാസമുണ്ട്.

ഉത്തരകേരളത്തിലെ ചില സമുദായക്കാര്‍ വാളന്‍പുളി കലക്കിയാണ് ഗര്‍ഭിണികള്‍ക്ക് കുടിക്കുവാന്‍ കൊടുക്കുന്നത്. മറ്റു ചിലേടങ്ങളില്‍ അമ്പഴപ്പുളി, കൊടമ്പുളി, ആരമ്പുളി തുടങ്ങിയവയുടെ നീരാണ് പതിവ്. ദക്ഷിണ കേരളത്തിലെ വേലന്മാര്‍, ഈഴവര്‍ തുടങ്ങിയ സമുദായക്കാര്‍ക്കിടയില്‍ മറ്റൊരു രീതിയാണ് കണുന്നത്. ഏഴുതരം പുളിയുടെ ഇലകള്‍ അരച്ച് ഗുളികപോലെ ഉരുട്ടി, ഓരോ ഗുളിക തലയ്ക്കുഴിഞ്ഞ് നാലുഭാഗത്തേക്കും വലിച്ചെറിയുകയും ഒരെണ്ണം ഗര്‍ഭിണിക്ക് തിന്നാന്‍ കൊടുക്കുകയും ചെയ്യും. അങ്കണത്തില്‍വെച്ചാണ് ഈ കര്‍മ്മം നടത്തുക. അതിനുശേഷം ഗര്‍ഭിണിയുടെ തലയില്‍ നിറയെ എണ്ണ ഒഴിക്കും. അത് ഉദരത്തില്‍ക്കൂടി ഒഴുകിവരുന്നതു നോക്കി കുട്ടി ആണോ പെണ്ണോ എന്ന് ലക്ഷണം നോക്കുന്ന പതിവുണ്ട്. ഗര്‍ഭിണിക്ക് പുളി കൊടുക്കുന്നത് ഇന്നയാള്‍ വേണമെന്നുണ്ട്. ചിലേടങ്ങളില്‍ അമ്മാവനാണ് കൊടുക്കുക. ഗര്‍ഭിണിയുടെ സഹോദരന്‍ പുളി കൊടുക്കുന്ന പതിവുമുണ്ട്.

ഗര്‍ഭിണികള്‍ക്ക് നല്ല നാളിലേ പുളികൊടുപ്പാന്‍ പാടുള്ളുവെന്നാണ് പണ്ടത്തെ നിശ്ചയം. അശ്വതി, കാര്‍ത്തിക, രോഹിണി, പുണര്‍തം, പൂയം, അത്തം, അനിഴം, തിരുവോണം, പൂരുരുട്ടാതി, ഉതൃട്ടാതി എന്നീ നക്ഷത്രങ്ങളും ഞായര്‍, ചൊവ്വ, വ്യാഴം എന്നീ ആഴ്ചകളും മേടം, ഇടവം, മിഥുനം, കര്‍ക്കടകം, കന്നി, തുലാം, ധനു, മകരം, മീനം എന്നിവയില്‍ വെച്ച് വേലിയിറക്കമുള്ള രാശിയും ഊര്‍ധമുഖിയല്ലാത്ത രാശികളും പുളിയുണ്‍മാന്‍ നല്ലതാണ്.