തെക്കന്‍തിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളില്‍ നടത്താറുള്ള അനുഷ്ഠാനകര്‍മ്മം. കണിയാനാശാന്മാരാണ് തമ്പൂരാനൂട്ട് നടത്തുക. നന്തുണി കൊട്ടിപ്പാടുകയും ചെയ്യും. ദേവാസുരയുദ്ധവും നടന്ന അടര്‍ക്കളത്തിലെ രുധിരത്തില്‍നിന്ന് പൊട്ടിമുളച്ച ഉലകുടപെരുമാള്‍ തമ്പുരാന്‍, ഇലഞ്ഞിക്കല്‍ തമ്പുരാന്‍, മൂവോട്ട് മല്ലന്‍തമ്പുരാന്‍, അയണി (അശണി)യൂട്ടു തമ്പുരാന്‍ മുതലായവര്‍ കീഴ്‌ലോകത്തേക്കിറങ്ങി. അതില്‍ അയണിയൂട്ടു തമ്പുരാന്‍ ശ്രീകൈലാസത്തില്‍ ചെന്ന് ശ്രീമഹാദേവനില്‍ നിന്ന് വരവും വാങ്ങി, സഹായത്തിനായി മലയക്ഷി, നാഗയക്ഷി, മലങ്കാളി, കരിങ്കാളി തുടങ്ങിയ ദേവതകളെയും കൂട്ടിയാണ് ഭൂമിയിലെത്തിയത്. ഈ തമ്പൂരാക്കന്മാര്‍ക്കുള്ള ബലികര്‍മ്മമാണ് തമ്പുരാനൂട്ട്.

തമ്പുരാനൂട്ടിന് ആദ്യം ഗണപതി സ്തുതിയാണ്, നാഗസ്തുതി, നാഗങ്ങള്‍ക്കുള്ള നൂറും പാലും കൊടുക്കല്‍, ഭദ്രകാളിസ്തുതി, കൈപ്പൂപ്പട (പുഷ്പാഞ്ജലി) എന്നിവ തുടര്‍ന്നു തുടങ്ങും. തമ്പുരാന്റെ തോഴികളായ കണ്ണാന്‍തുറക്കന്നി, നടുകടലില്‍ക്കന്നി, ഉയിര്‍മിണ്ടക്കന്നി, പാടക്കനാച്ചി, വേളിപ്പൊഴിക്കന്നി, നാട്ടാറ്റിന്‍കന്നി, ഒറ്റപ്പനത്തോഴി എന്നീ സപ്തകന്യാക്കളെ പാടി തേരേറ്റുകയെന്ന ചടങ്ങാണ് പിന്നീട്. ആ കന്യകമാര്‍ കന്യാകുമാരിക്കു പോകുന്നുവെന്നാണ് സങ്കല്പം. പൊങ്കാലനിവേദ്യത്തിനുശേഷമാണ് പൂപ്പടവാരുന്നത്. അവസാനം ഊട്ടിന് ദൃഷ്ടിദോഷം പെടാതിരിക്കാനുള്ള കമ്പേറ് എന്ന ചങ്ങാണ്. ജനങ്ങളെ ചിരിപ്പിക്കുന്ന രംഗമാണത്. തമ്പുരാനൂട്ടിന്റെ ചടങ്ങുകള്‍ രാത്രിതൊട്ട് പിറ്റേന്നാള്‍ ഉച്ചവരെ നീണ്ടുനില്‍ക്കും.