വാകമരത്തിന്റെ തൊലി ഉണക്കിപ്പൊടിച്ച പൊടി. കുളിക്കുമ്പോള്‍ ശരീരത്തിലെ അഴുക്കുകളയുവാന്‍ ഉപയോഗിക്കാറുണ്ട്. വാകപ്പൊടി തനിച്ചോ അത്തോടുകൂടിയോ തേക്കാം. ‘വാകത്തട്ടി’ലാണ് വാകപ്പൊടിയെടുക്കുക. പണ്ട് എണ്ണതേച്ചുകുളിക്ക് അത്തും വാകയും ഒഴിച്ചുകൂടാത്തവയായിരുന്നു. വാകപ്പൊടിക്ക് ഔഷധവീര്യമുള്ളതിനാല്‍ ചര്‍മപരിശുദ്ധിക്കും സൗന്ദര്യത്തിനും അത് ഉത്തമമാണ്.

വാകപ്പൊടി ഉപയോഗിക്കുന്നതുപോലെ, അശോരത്തിന്റെയോ മാവിന്റെയോ തൊലികള്‍ ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. മാവിന്റെ തൊലിയും മഞ്ഞളും കൂടി പൊടിച്ചുതേച്ചാല്‍ ശരീരകാന്തി വര്‍ദ്ധിക്കും. ഈ പൊടി, പ്രസവിച്ച സ്ത്രീകളെ കുളിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്.

തിരണ്ടുകുളിക്കും മറ്റും വാകപ്പൊടി ഉപയോഗിക്കുകയെന്നത് ചില സമുദായക്കാര്‍ക്കിടയില്‍ ഇന്നും ഒരു ചടങ്ങാണ്.