തിരുവനന്തപുരം: തലസ്ഥാനത്ത് അക്ഷരവിരുന്നൊരുക്കി മാതൃഭൂമി മാതൃകയായി. എന്തു വായിക്കണം, എന്തു കാണണം, എന്തു കഴിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള മനുഷ്യന്റെ അവകാശം ഇല്ലാതാവുന്ന അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളതെന്ന് ഉത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനെതിരെ പ്രതികരിക്കാന്‍ കൂടുതല്‍ വായനയും ചര്‍ച്ചകളും ആവശ്യമാണ്. ഇതിനായി കൂടുതല്‍ പുസ്തകോത്സവങ്ങളും വായനായിടങ്ങളും ചര്‍ച്ചകളും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്രചിന്ത വച്ചുപുലര്‍ത്തുന്ന എഴുത്തുകാരും പത്രപ്രവര്‍ത്തകരും കൊല്ലപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇങ്ങനെ ഒരവസ്ഥ ഇതിനുമുമ്പ് ഉണ്ടായിരുന്നില്ല. സിനിമകളെ പോലും വെറുതെ വിടാത്ത അവസ്ഥയാണ്-മുഖ്യമന്ത്രി പറഞ്ഞു.

കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ സ്വാഗതം പറഞ്ഞു. കവയത്രി സുഗതകുമാരി, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, എക്‌സിക്യുട്ടീവ് എഡിറ്റര്‍ പി.ഐ. രാജീവ്, ശശി തരൂര്‍ എം.പി. എന്നിവര്‍ പങ്കെടുത്തു.

ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നും വന്ന എഴുത്തുകാര്‍ക്ക് മുഖ്യമന്ത്രി കേരളത്തിലേക്ക് സ്വാഗതം ആശംസിച്ചു. ലോകത്തിന്റെ സാഹിത്യഭൂപടത്തില്‍ കേരളത്തിന് ഇടം നേടിത്തരാന്‍ മാതൃഭൂമിയുടെ സാഹിത്യോത്സവത്തിനായി. വലിയൊരു സാഹിത്യ പാരമ്പര്യമാണ് മാതൃഭൂമിക്കുള്ളത്. മലയാളിയുടെ വായനശീലത്തെ തലമുറകളായി സ്വാധീനിക്കുവാനും മാതൃഭൂമിക്ക് സാധിച്ചു. കേരളീയ നവോത്ഥാനത്തിന്റെ വക്താവായി നിലകൊള്ളാന്‍ മാതൃഭൂമിക്കായിട്ടുണ്ട്. ഒരു വലിയ സാംസ്‌കാരിക പ്രസ്ഥാനമായി പിന്നീട് വളര്‍ന്നു വരാന്‍ മാതൃഭൂമിക്കായി.