സങ്കീര്‍ണമായ സിദ്ധാന്തങ്ങളിലൊന്നാണിത്. ഡ്രമാറ്റിക് ചിന്തകരില്‍ത്തന്നെ രചനാരീതിയാണ് പ്രധാനമെന്ന് വാദിക്കുന്നവരും അവതരണമാണ് പ്രധാനമെന്ന് വാദിക്കുന്നവരുമുണ്ട്. പാശ്ചാത്യ നാടകങ്ങളിലാണ് ഡ്രമാറ്റിക് തിയറി വ്യാപകമായി പ്രയോഗിച്ചുവരുന്നത്. ഡ്രമാറ്റിക് സിദ്ധാന്ത സ്വഭാവങ്ങള്‍ക്കനുസരിച്ച് കഥാപാത്രങ്ങളെ സൃഷ്ടിച്ച പ്രധാന നാടകകൃത്തായിരുന്നു ഷെയ്ക്‌സ്പിയര്‍. യാഥാര്‍ഥ്യത്തെ അനുകരിക്കുകയോ പ്രതിഫലിപ്പിക്കുകയോ ആണ് പൊതുവെയുള്ള കലാധര്‍മമെന്ന് പ്‌ളേറ്റോയും അരിസ്റ്റോട്ടിലും അഭിപ്രായപ്പെട്ടിട്ടുണ്ട്. അരിസ്റ്റോഫെനിസിന്റെ ദ് ഫ്രോഗ്‌സ് എന്ന നാടകമാണ് ഡ്രമാറ്റിക് തിയറിയുടെ പ്രായോഗികതയ്ക്ക് ഏറ്റവും നല്ല ഉദാഹരണം.

എക്‌സ്പ്രഷനിസം

    ജീവിത യാഥാര്‍ഥ്യങ്ങളുടെ ഉപരിപ്ലവമായ ചിത്രീകരണത്തെക്കാള്‍ ആന്തരികാനുഭവങ്ങളെ പ്രകടമാക്കുന്ന രീതിയാണ് എക്‌സ്പ്രഷനിസം. ചിത്രരചനയിലാണ് ഇത് ആദ്യം ദൃശ്യമായത്. ബാഹ്യലോകത്തിന്റെ കൃത്രിമച്ചേരുവകളിലൂടെ വൈകാരികാനുഭൂതികള്‍ പ്രേക്ഷകനുമായി പങ്കുവയ്ക്കുന്നത് ഈ നാടകസിദ്ധാന്തത്തിന്റെ പ്രത്യേകതയാണ്.മധ്യയൂറോപ്പില്‍ പൊതുവേയും ജര്‍മിനിയില്‍ പ്രത്യേകിച്ചും 1920കളില്‍ സോര്‍ജ്, ഹസ്സല്‍ ക്ലവര്‍, കൈസര്‍ തുടങ്ങിയവര്‍ എക്‌സ്പ്രഷനിസ്റ്റ് രീതി അവലംബിച്ച നാടകകൃത്തുക്കളായിരുന്നു. മാനവരാശിയുടെ ആത്മീയമായ പുനരുത്ഥാനമാണ് എക്‌സ്പ്രഷനിസത്തിന്റെ കാതലായ സന്ദേശം. സംവിധാനം, പ്രകാശവിധാനം, വേദി, രംഗസംവിധാനം തുടങ്ങിയ ഘടകങ്ങളിലാണ് ഈ സിദ്ധാന്തം കൂടുതല്‍ പ്രായോഗികമാകുന്നത്. രംഗാവിഷ്‌കാരവും കഥാപാത്രങ്ങളുടെ ഭാവാഭിനയരീതിയും എക്‌സപ്രഷനിസ്റ്റ് രീതിയെ വ്യത്യസ്തമാക്കുന്നു. എക്‌സ്പ്രഷനിസം ജര്‍മനിയില്‍ നിന്നും തുടങ്ങി അമേരിക്കന്‍- ലാറ്റിനമേരിക്കന്‍ നാടകസിദ്ധാന്തങ്ങളില്‍ വരെ എ്
തതി.യൂജിന്‍ ഒ നീല്‍ ഏറ്റവും പ്രസിദ്ധനായ എക്‌സ്പ്രഷനിസ്റ്റാണ്.

ഫ്യൂച്ചറിസം

    ആധുനികതയുടെ സ്വാധീനമുള്ള നാടകസിദ്ധാന്തമാണ് ഇത്. വേഗത, ചലനാത്മകത, ഊര്‍ജസ്വലത, ആത്മപ്രചോദനം എന്നിവയാണ് ഫ്യൂച്ചറിസത്തിന്റെ സവിശേഷതകള്‍. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടും മൂന്നും ദശാബ്ദങ്ങളിലാണ് ഫ്യൂച്ചറിസ്റ്റ് കലാപ്രസ്ഥാനം വികാസം പ്രാപിച്ചത്. എഫ്.ടി. മറിനെറ്റിയാണ് ഇതിന്റെ പ്രയോക്താവ്. പ്രസിദ്ധീകരണങ്ങള്‍, പ്രദര്‍ശനങ്ങള്‍, ഫ്യൂച്ചറിസ്റ്റ് ഇവനിങ്‌സ് എന്നിവയായിരുന്നു ഇതിന്റെ പ്രത്യേകതകള്‍.

റിയലിസം

    എമിലി സോള മുന്നോട്ടുവച്ച നാടകസിദ്ധാന്തമാണ് റിയലിസം. സമകാലിക ജീവിതത്തിന്റെ യഥാതഥമായ ചിത്രീകരണമാണ് റിയലിസം എന്ന സിദ്ധാന്തത്തിന്റെ കാതല്‍. ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക് കലാചാരുത ചേര്‍ക്കുന്നതാണ് റിയലിസ്റ്റ് തത്ത്വം. കലാകാരന്റെ ഭാവനയ്ക്കുള്ളില്‍ വികസിക്കുന്ന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് റിയലിസം. കലാകാരന്റെ മനോവ്യാപാരത്തിനപ്പുറമുള്ള യാഥാര്‍ഥ്യങ്ങളെ നാച്വറലിസം എന്ന് വിളിക്കുന്നു. ഒരു ആശയത്തിന്റെ കേവലമായ അവതരണമോ കേവലമായ യാഥാര്‍ഥ്യമോ അല്ല കല. ആശയവാദത്തെ സൈദ്ധാന്തികമായി അസാധുവാക്കുന്നതിന് ഉയര്‍ന്നുവന്ന സൈദ്ധാന്തിക രൂപമാണ് റിയലിസം. ക്ലാസ്സിക്കല്‍ ഗ്രീക്ക് തത്ത്വശാസ്ത്രത്തിനും പാശ്ചാത്യചിന്താധാരയ്ക്കും ഇടയില്‍ സ്ഥാനം നേടിയാണ് റിയലിസത്തിന്റെ വളര്‍ച്ച.
    നാടകവിദഗ്ദ്ധര്‍ പിന്തുടരുന്ന ഏറ്റവും പ്രധാനപ്പെട്ട സൈദ്ധാന്തിക നിലപാടാണ് റിയലിസം. നാടകത്തിലെ ഹാസ്യവും ജീവിതപ്പകര്‍ച്ചയും ജീവിതരീതികളുടെ പ്രതിഫലനവുമാണെന്ന് റിയലിസത്തെക്കുറിച്ച് സിസറോ പ്രസ്താവിച്ചിട്ടുണ്ട്. നിയോക്‌ളാസ്സിക്കല്‍ സംവാദം നാടകവേദിയെ സ്ഥലകാല ബദ്ധമായിട്ടാണ് വിലയിരുത്തുന്നത്. നാടകാവതരണ സമയത്ത് പ്രേക്ഷകര്‍ അരങ്ങില്‍ കാണുന്ന കഥാപാത്രത്തെ അനുകരിക്കുന്ന അവസ്ഥയുണ്ടായാല്‍ അത് 'റിയലിസ്റ്റു നേച്വര്‍' ആയി നിര്‍വചിക്കപ്പെടും.

ജീവിതത്തിന്റെ സുതാര്യവും, സുശക്തവും യഥാര്‍ഥവുമായ ചിത്രം അവതരിപ്പിക്കുകയാണ് റിയലിസത്തിന്റെ കടമയെന്ന് ടോള്‍സ്‌റ്റോയി, ഇലിയറ്റ്, സോള തുടങ്ങിയ നാടകാചാര്യന്മാര്‍ കണ്ടെത്തി. റിയലിസ്റ്റ് നാടകങ്ങളില്‍ സാമൂഹിക മൂല്യങ്ങള്‍ക്ക് മുന്തിയ പ്രാധാന്യമാണ് നല്‍കുന്നത്.

നിയോറിയലിസം

    യഥാതഥ നാടകങ്ങളുടെ രൂപഘടനയെ അതേപടി അനുകരിച്ച്, സൃഷ്ടിക്കപ്പെടുന്ന നാടകങ്ങളാണ് നിയോറിയലിസ്റ്റിക് നാടകങ്ങള്‍. സാമൂഹ്യനിഷ്ഠതയാണ് റിയലിസത്തിന്റെ കാതല്‍. ജീവിതക്കാഴ്ചകളെ അതിശയോക്തി കൂടാതെ രംഗത്തവതരിപ്പിക്കാനാണ് റിയലിസ്റ്റിക് നാടകങ്ങള്‍ ശ്രമിച്ചത്. സാമൂഹിക വിവേചനത്തിനും അരാജകത്വത്തിനുമെതിരെയുള്ള നേര്‍പ്രയോഗം എന്ന നിലയില്‍ റിയലിസ്റ്റിക് ഭാവുകത്വത്തെ നിലനിര്‍ത്താനാണ് 'നിയോ റിയലിസം' പ്രചരിപ്പിക്കപ്പെട്ടത്. ക്ലാസ്സിക്കുകളായി മാറിയ റിയലിസ്റ്റിക് നാടകങ്ങളെ സാന്ദര്‍ഭികമായി നവീകരിക്കുകയും രംഗത്ത് അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ സാമൂഹ്യാധിഷ്ഠിതമായ നാടകദര്‍ശനം ചുവടുറപ്പിക്കുകയാണ് ചെയ്യുന്നത്. വിജയിച്ച നാടകങ്ങളെ അന്ധമായി അനുകരിച്ചുകൊണ്ടും അവയുടെ ലാവണ്യദര്‍ശനം സ്വീകരിച്ചുകൊണ്ടും അരങ്ങേറുന്ന നാടകങ്ങളാണ് നിയോറിയലിസത്തിന്റെത്. കച്ചവട നാടകവേദി, നിയോറിയലിസ്റ്റിക് നാടകങ്ങളിലൂടെയാണ് മുന്നോട്ട് നീങ്ങുന്നത്.

സിംബലിസം

    അടയാളങ്ങളിലൂടെയും സൂചനകളിലൂടെയും അര്‍ഥം ധ്വനിപ്പിക്കുന്ന രീതിയാണ് സിംബലിസം. സിംബോളിക് നാടകപ്രസ്ഥാനം 19ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലാണ് രൂപംകൊണ്ടത്. ചാള്‍സ് ബൗദ്‌ലെയര്‍, പോള്‍ വെര്‍ലെയ്ന്‍, ആര്‍തര്‍ റിംബാഡ് എന്നിവരായിരുന്നു പ്രമുഖരായ സിംബലിസ്റ്റുകള്‍. മറച്ചുവയ്ക്കപ്പെടുന്ന കഥാംശങ്ങളെ പ്രകടമാക്കുന്നതിന് ആംഗ്യവിക്ഷേപങ്ങള്‍ നടത്തുകയാണ് സിംബലിസ്റ്റ് രീതി. ശാസ്ത്രീയവും യുക്തിഭദ്രവുമായ നാച്വറലിസത്തിന്റെ സ്വാധീനത്തോടെയാണ് സിംബലിസ്റ്റ് തിയേറ്റര്‍ വികസിച്ചത്. തീസിസ് -ആന്റിതീസിസ് -സിന്തസിസ് ഘടനാശ്രേണിയുടെ ആരംഭം ഈ സൈദ്ധാന്തികാടിത്തറയിലാണ്. വേദിയും നാടകവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നടന്റെ സ്ഥാനത്ത് ഒരു പാവയോ പ്രതിരൂപമോ സ്ഥാപിച്ചാല്‍ മതിയാകും.

കാല്‍പ്പനികത

    സമഗ്ര സര്‍ഗാത്മക സ്വഭാവമുള്ള ആശകളും ആശങ്കകളും പ്രകടിപ്പിക്കുന്ന സൈദ്ധാന്തിക സ്വത്വമാണ് റൊമാന്റിസിസം. ഫ്രഞ്ച് വിപ്ലവത്തിന്റെ സ്വാധീനത്താലാണ് ഈ സിദ്ധാന്തത്തിന്റെ പ്രയോക്താക്കളും പ്രചോദകരും പിറന്നത്. പതിനെട്ടാം ശതകത്തിന്റെ അവസാനത്തിലും പത്തൊമ്പതാം ശതകത്തിന്റെ ആരംഭത്തിലും യൂറോപ്പിലും അമേരിക്കയിലും ഈ സിദ്ധാന്തം പ്രചുരപ്രചാരം നേടി. ആദ്യഘട്ടത്തില്‍ ശുഭാപ്തിവിശ്വാസം ഉയര്‍ത്തിപ്പിടിച്ച റൊമാന്റിസിസം നെപ്പോളിയന്റെ പതനത്തോടെ വിഷാദാത്മകത്വത്തിലായി. കാഴ്ചപ്പാടുകളുടെ സാംഗത്യത്തെക്കാള്‍ സൂക്ഷ്മമായ സദുദ്ദേശ്യങ്ങള്‍, വിവേകത്തിനപ്പുറമുള്ള വികാരം, ലൗകികമായ സ്‌നേഹ വിചാരം, പ്രകൃതിയെ ആരാധിക്കല്‍ തുടങ്ങിയ പ്രത്യേകതകള്‍ റൊമാന്റിസിസത്തിനുണ്ട്. പ്രാപഞ്ചിക സംഘര്‍ഷങ്ങളുടെ കേന്ദ്രബിന്ദുവായി മനുഷ്യമനസ്സിനെ പ്രതിഷ്ഠിച്ചതും റൊമാന്റിസിസമാണ്. 'എപ്പിസോഡ്' ഘടനാരീതിയാണ് കാല്പനിക നാടകങ്ങള്‍ക്കധികവും. ഇക്കാലത്തെ പ്രധാന ജര്‍മ്മന്‍ നാടകകൃത്തുക്കളായിരുന്നു കോഹാന്‍ വോണും ഗോയ് ഥെയും ഫ്രെഡെറിക് ഷില്ലറും. നരകത്തില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക് യാത്ര തിരിക്കുന്ന ഫൗസ്റ്റിന്റെ കഥ പറയുന്ന ഫൗസ്റ്റ് ഗൊയ്‌ഥെയുടെ പ്രധാന നാടകകൃതിയാണ്.
    ഫ്രഞ്ച് സാഹിത്യത്തില്‍ കാല്പനികതയുടെ വരവ് 1830 കളില്‍ വിക്ടര്‍ ഹ്യൂഗോയുടെ ഹെര്‍നാനി എന്ന നാടകത്തോടെയാണ്. ഫ്രഞ്ച് കാല്പനിക നാടകവും ജര്‍മ്മന്‍ കാല്പനിക നാടക പ്രസ്ഥാനങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം, ഫ്രഞ്ചിനെ അപേക്ഷിച്ച് തത്ത്വചിന്തയിലധിഷ്ഠിതമായ നാടകങ്ങളായിരുന്നു ജര്‍മ്മനില്‍ അവതരിപ്പിച്ചിരുന്നത്. മെലോഡ്രാമയുടെ ആവിര്‍ഭാവത്തോടെ കാല്പനിക നാടകങ്ങള്‍ക്ക് ജനപ്രീതി കുറഞ്ഞു.

ഇമേജിസം

    ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഇംഗ്ലണ്ടിലും അമേരിക്കയിലും നിലനിന്ന സാഹിത്യ കലാ പ്രസ്ഥാനമാണ് ഇമേജിസം അഥവാ 'പ്രതിമാനവാദം'. എസ്രാ പൗണ്ട്, ടി.ഇ. ഹ്യൂം, എഫ്.എസ്. ഫ്‌ളിന്റ് തുടങ്ങിയ സാഹിത്യകാരന്മാരുടെ രചനകളിലാണ് 'ഇമേജിസം' വളര്‍ന്നുവന്നത്. താളത്തിന്റെ ക്രമവും സൂക്ഷ്മവുമായ ആവിഷ്‌കാരമാണ് ഇമേജിസത്തെ വേറിട്ടു നിര്‍ത്തുന്നത്. സാഹിത്യ കൃതികളില്‍ ഭാവുകത്വ സംസ്‌കാരമായി പ്രത്യക്ഷപ്പെട്ട ഇമേജിസം, നാടകത്തിലും വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
സിംബലിസവും ഇമേജിസവും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ടെന്ന് എസ്രാപൗണ്ട് അവകാശപ്പെടുന്നു. സിംബലിസത്തിലെ പ്രതീക മുദ്രകള്‍ അരിത്തമെറ്റിക്‌സിലെ അക്കങ്ങളെപ്പോലെയും ഇമേജിസത്തിന്റെ ആശയങ്ങള്‍ ആള്‍ജിബ്രിയിലെ ചിഹ്നങ്ങള്‍ പോലെയുമാണെന്ന് എസ്രാപൗണ്ട് ചൂണ്ടിക്കാട്ടുന്നു. ശിഥിലമായ ബിംബ കല്പനകളിലേക്ക് നീങ്ങിപ്പോകാതെ, മികച്ച ബിംബങ്ങള്‍ മാത്രം ഉപയോഗിച്ച് ദൃശ്യഭാഷ ചമയ്ക്കുന്ന നാടകങ്ങളുണ്ട്.

മോഡേണിസം

    സാമൂഹികരാഷ്ട്രീയ അനുരണനങ്ങള്‍ അനാവരണം ചെയ്യുന്ന സൈദ്ധാന്തിക ശൈലിയാണ് ആധുനികത അഥവാ മോഡേണിസം. പതിനെട്ടാം ശതകത്തിലാണ് ആധുനികതയുടെ അടിവേരുകള്‍ കണ്ടെത്താനാവുക. ദൈവകേന്ദ്രീകൃതമായ ലോക വ്യാഖ്യാനത്തിനപ്പുറം മാനുഷിക യുക്തിക്ക് പ്രാധാന്യമേറിയതാണ് ഈ കാലഘട്ടത്തിന്റെ എടുത്തുപറയത്തക്ക സവിശേഷത. മനുഷ്യന് ശാസ്ത്രബോധവും തത്ത്വചിന്താപരമായ വളര്‍ച്ചയും നല്‍കിയത് ഈ സൈദ്ധാന്തിക പശ്ചാത്തലമാണ്. പ്രകൃതി നിയമങ്ങളെ നിയന്ത്രിക്കുന്നിടംവരെയുള്ള മനുഷ്യരാശിയുടെ വളര്‍ച്ച ആധുനികതയെ കൂടുതല്‍ യാഥാര്‍ഥ്യമാക്കുന്നു. അമാനുഷികമായ ശക്തിവൈഭവങ്ങളെ സുതാര്യമായി അനാവരണം ചെയ്യുന്ന രംഗങ്ങള്‍ ഒരുക്കുകവഴി ആധുനികത നാടകവേദികളിലും പ്രമേയങ്ങളിലും നിര്‍ണായക സ്ഥാനം പിടിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അവസാനിച്ച സാംസ്‌കാരിക പ്രവണതയാണ് ആധുനികത. റൊമാന്റിസിസത്തിനും റിയലിസത്തിനും ബദലായിട്ടാണ് ആധുനികതയുടെ ഉദ്ഭവം.

സര്‍റിയലിസം

    യുക്തിഭദ്രതയെക്കാള്‍ ഭാവനാവിലാസത്തിനു പ്രാധാന്യം നല്‍കുന്ന സൈദ്ധാന്തിക ശൈലിയാണിത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്പില്‍ രൂപപ്പെട്ട പ്രസ്ഥാനം. സ്വയം പ്രചോദിതമാകുന്ന ഭാവങ്ങള്‍ക്കനുസൃതമായി രംഗാവിഷ്‌കാരം ചെയ്യുകയാണ് ഇതിന്റെ സവിശേഷത. സര്‍റിയലിസത്തിന്റെ ആദ്യത്തെ പ്രകടനപത്രിക പുറത്തിറക്കിയത് 1924ലാണ്. ബോധമനസ്സിന്റെ നിയന്ത്രണമില്ലാത്ത ഭാവാഭിനയത്തിനാണ് ഇതില്‍ പ്രാധാന്യം.സര്‍റിയലിസ്റ്റ് നാടകവേദിയില്‍ സിംബലിസ്റ്റ്, ഫ്യൂച്ചറിസ്റ്റ്, ദാദായിസ്റ്റ് സിദ്ധാന്തങ്ങളുടെ സ്വാധീനമുണ്ട്. മുഖംമൂടികളും വസ്ത്രധാരണരീതികളും ഉപയോഗിച്ച് കഥാപാത്രത്തിന്റെ സ്വഭാവ വൈശിഷ്ട്യങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു. രംഗവേദി മനോഹരമായി സുസ്സജ്ജമാക്കിയിരിക്കും. കടുംനിറങ്ങള്‍ പ്രകാശവിധാനത്തിനുപയോഗിക്കും. റോബര്‍ട്ട് വില്‍സണ്‍, റിച്ചാര്‍ഡ് ഫോര്‍മാന്‍ എന്നിവര്‍ സര്‍റിയലിസ്റ്റ് നാടകങ്ങളുടെ പ്രമുഖരായ പ്രണേതാക്കളും പ്രയോക്താക്കളുമായിരുന്നു.

ഉത്തരാധുനികത

    നാടകകലയെ സാംസ്‌കാരികവും രാഷ്ട്രീയവുമായ വ്യവസ്ഥിതികളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുകയും പ്രതിരോധപ്രതീകമായി ഉപയോഗിക്കുകയും ചെയ്യുന്ന ലാവണ്യദര്‍ശനമാണിത്. സാംസ്‌കാരികബോധത്തിന് ഉപയുക്തമായി എല്ലാ ജീവല്‍ചോദനകളെയും നാട്യവത്കരിക്കുന്ന ഈ കലാദര്‍ശനത്തില്‍ സംസ്‌കാരവും ദര്‍ശനവും സാമൂഹികവ്യവസ്ഥകളുമെല്ലാം വിഷയകേന്ദ്രമായി മാറുന്നു.
നിലവിലിരിക്കുന്ന മൂല്യവ്യവസ്ഥകളെ പ്രശ്‌നവത്കരിക്കുന്ന ഇടപെടലുകളാണ് ഉത്തരാധുനിക നാടകം സങ്കല്പനം ചെയ്യുന്നത്. മനുഷ്യവൃത്തികളുടെ കലാംശത്തിനപ്പുറം സര്‍വമൂല്യങ്ങളും എല്ലാത്തരത്തിലും വിശകലനം ചെയ്യുകയും ഒരു പുതുവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. കലയെന്നും അനുഷ്ഠാനമെന്നും സമരമെന്നും ആഘോഷമെന്നുമൊക്കെ മുന്‍വിധി ചെയ്യപ്പെട്ട എല്ലാ പ്രവൃത്തികളും നാട്യരൂപങ്ങളായിത്തീര്‍ന്ന് പുതിയൊരു ജൈവപരിസ്ഥിതിതന്നെ സംജാതമാക്കുന്നു. അതിനുവേണ്ടി ആധുനികതയുടെ വിചാരമാതൃകകളും കാല്പനികതയുടെ വികാരഭ്രമങ്ങളും റിയലിസത്തിന്റെ മൂര്‍ത്തരൂപങ്ങളും പോസ്റ്റ് മോഡേണ്‍ കലാകാരന്മാര്‍ ഉപയോഗിക്കുന്നു. നാട്യകല, ഇവിടെ പുതിയ രാഷ്ട്രീയമൂല്യങ്ങളെ സൃഷ്ടിക്കുകയും കല, സംസ്‌കാരം, സാഹിത്യം തുടങ്ങിയ യാഥാസ്ഥിതിക മൂല്യഭാവനകളെ തച്ചുടയ്ക്കുകയും ചെയ്യുന്നു.
    വംശം, ദേശം, രാഷ്ട്രം, വ്യക്തി, ആശയം തുടങ്ങിയ മൂല്യാതിര്‍ത്തികളെ നിരന്തരം ലംഘിക്കുന്ന നാട്യവ്യവസ്ഥയാണ് പുതിയ കലയുടെ കാതല്‍. ഷെഹ്നര്‍ ഇതിനെ 'അന്തര്‍ സംസ്‌കാര നാട്യ'മെന്ന് വിളിക്കുന്നു. റോബര്‍ട്ട് വില്‍സണ്‍, ലോറി ആന്‍ഡേഴ്‌സണ്‍, മെറിഡിത്ത് മോങ്ക്, റിച്ചാര്‍ഡ് ഫോര്‍മാന്‍, പിനാബാഷ്, റെയ്ച്ചല്‍ റസന്‍താന്‍ തുടങ്ങിയവരാണ് വര്‍ത്തമാന നാട്യകലയുടെ മുന്നണിപ്പോരാളികള്‍. ലൈംഗികത, സ്‌ത്രൈണബോധം, കക്ഷിരാഷ്ട്രീയം, പരിസ്ഥിതിവാദം, ഹരിതരാഷ്ട്രീയം തുടങ്ങിയവയെല്ലാം രാഷ്ട്രീയനാട്യങ്ങളായി ആവിഷ്‌കരിക്കാനും പുതിയ ആലോചനകളെ ഉത്പാദിപ്പിക്കാനും ഇവര്‍ ശ്രമിക്കുന്നു. ഭാഷാവിജ്ഞാനീയം, ഫോക്ലോറിസ്റ്റിക്‌സ്, നരവംശശാസ്ത്രം, മനോവിജ്ഞാനം, ചേഷ്ടാശാസ്ത്രം, ശരീരഭാഷാശാസ്ത്രം തുടങ്ങിയവയെല്ലാം നാട്യകലയുടെ ആഖ്യാനമാതൃകകള്‍ കൂടിയാണ്. ജ്ഞാനവും വിജ്ഞാനവും അതിന്റെ സൈദ്ധാന്തിക ആദര്‍ശങ്ങളും ഒരുമിക്കുന്ന ആവിഷ്‌കാരമാണ് പുതിയ നാട്യകല.
നാട്യവത്കരണം എന്ന വൃത്തിയെ വിശദീകരിക്കാന്‍ ഷെഹ്നര്‍ ഉപയോഗിക്കുന്നത് വിയറ്റ്‌നാമിലെ യുദ്ധവിരുദ്ധപ്രകടനങ്ങള്‍, രാമലീല, ബെര്‍ലിന്‍ മതില്‍ തകര്‍ച്ച, ടിയാനെന്‍മെന്‍ സ്‌ക്വയര്‍ ഉപരോധം തുടങ്ങിയ സംഭവങ്ങളെയാണ്.