ഡോ. സി. സ്റ്റീഫന്‍

1957ല്‍ തിരുവനന്തപുരം ജില്ലയില്‍  നെയ്യാറ്റിന്‍കര താലൂക്കില്‍ ആലത്തൂര്‍ ഗ്രാമത്തില്‍ ജനനം. തത്തിയൂര്‍ അരുവിക്കര ഗവ. എല്‍.പി.എസ്, മാരായമുട്ടം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, കേരളസര്‍വ്വകലാശാല മലയാളം ഡിപ്പാര്‍ട്ടമെന്റ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരളസര്‍വ്വകലാശാല മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രമാക്കി, ഡോ.ഡി. ബഞ്ചമിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ 'സാമൂഹിക പരിവര്‍ത്തനത്തില്‍ ആദ്യകാല മലയാളനാടകങ്ങള്‍ക്കുള്ള പങ്ക്' എന്ന വിഷയത്തില്‍ ഗവേഷണം. 1986ല്‍ പി.എച്ച്.ഡി ബിരുദം. 1987 മുതല്‍ 2008 വരെ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ മലയാളവിഭാഗം അദ്ധ്യാപകന്‍. തുടര്‍ന്ന് തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജില്‍ മലയാള വിഭാഗം തലവന്‍. കേരളസര്‍വ്വകലാശാലയില്‍ മലയാളം റിസേര്‍ച്ച് ഗൈഡ്. പി.എച്ച്.ഡി അവാര്‍ഡ് ചെയ്യപ്പെട്ട മൂന്ന് ഗവേഷണപ്രബന്ധങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. 2008 മുതല്‍ 2011 വരെ കേരളസര്‍വ്വകലാശാലയില്‍, ബിരുദതലത്തില്‍ മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചെയര്‍മാന്‍. സെമസ്റ്ററൈസേഷന്റെ ഭാഗമായി കേരളസര്‍വ്വകലാശാലയില്‍ ബിരുദതലത്തില്‍ നടന്ന മലയാളം സിലബസ് പരിഷ്‌കരണത്തില്‍ നേതൃത്വം. 2006 മുതല്‍ കേരളസംസ്ഥാന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഡെയ്‌ലി ബുള്ളറ്റിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം. 2011ലെ കേരളസംസ്ഥാന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഓര്‍ഗനൈസിംഗ് കമ്മിറ്റിഅംഗം. ബഞ്ചമിന്‍ ബെയിലി ഫൗണ്ടേഷന്റെ മലയാളം റിസേര്‍ച്ച് ജേര്‍ണലില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം.

പ്രചാരണം നാടകങ്ങളിലൂടെ: പി. കേശവദേവിന്റെ നാടകങ്ങളെ അടിസ്ഥാനമാക്കി ഒരു പഠനം, അസ്തിത്വത്തെക്കുറിച്ച് ഒരു മുഖദര്‍ശനം, നാടകംസാംസ്‌കാരികവ്യതിയാനത്തിന്റെ സാക്ഷ്യപത്രം, ആഖ്യായികകളിലെ നാടകീയത (സി.വി.യുടെ സാഹിത്യലോകം, പ്രഭാത് ബുക്ക് ഹൗസ്), ഔസേപ്പിന്റെ മക്കള്‍ (തകഴിയും മലയാള നോവലും, കേരളസര്‍വ്വകലാശാല), ഉറങ്ങുന്ന സിംഹംമുറിവേറ്റ ജന്മത്തിന്റെ ഓര്‍മ്മപ്പുസ്തകം എന്നിവ പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന പഠനങ്ങള്‍.

Mob: +919447556150
email: cstephen.ros @gmail.com
 

ഗവേഷണപ്രബന്ധത്തെക്കുറിച്ച്

വിഷയം: സാമൂഹികപരിവര്‍ത്തനത്തില്‍ ആദ്യകാല മലയാള നാടകങ്ങള്‍ക്കുള്ള പങ്ക്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കേരളത്തില്‍ കണ്ടുതുടങ്ങിയ പരിവര്‍ത്തനപ്രവണതകളോട് അനുകൂലമായി പ്രതികരിച്ചുകൊണ്ടാണ് മലയാളത്തിലെ സ്വതന്ത്രനാടകങ്ങളുടെ പ്രസ്ഥാനം ആരംഭിച്ചത്. സാമൂഹികപരിവര്‍ത്തനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ അന്ന് നിരവധിനാടകങ്ങള്‍ രചിക്കപ്പെട്ടു. കേരളത്തിലെ സാമൂഹിക പരിവര്‍ത്തനത്തില്‍ ഈ നാടകങ്ങള്‍ വഹിച്ച പങ്ക് വിലയിരുത്തുകയാണ് പഠനത്തിന്റെ ലക്ഷ്യം. 1889 മുതല്‍ 1939 വരെയുള്ള അരനൂറ്റാണ്ടു കാലത്തു പുറത്തുവന്ന സ്വതന്ത്രനാടകങ്ങളെയാണ് പഠനത്തിനായി വിനിയോഗിച്ചത്. സാമൂഹികപരിവര്‍ത്തനം ലക്ഷ്യമാക്കിയ ഇരുപത്തിനാലു നാടകങ്ങള്‍ ഈ കാലഘട്ടത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതായി കണ്ടെത്തി. കല്യാണി നാടകം, മറിയാമ്മ നാടകം, ബാലാകലേശം, ജന്മിയുടെ ജന്മാന്തരം അഥവാ ജാനകീവിജയം, പാക്കനാര്‍ ചരിതം, അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, മറക്കുടയ്ക്കുള്ളിലെ മഹാനരകം, ഹരിജനാനന്ദം അഥവാ ക്ഷേത്രപ്രവേശനം, പാട്ടബാക്കി, ഋതുമതി, രക്തപാനം എന്നീ നാടകങ്ങള്‍ ഉള്ളടക്കത്തിന്റെ പ്രാതിനിധ്യസ്വഭാവം കൊണ്ട് ശ്രദ്ധേയങ്ങളാണ്.

സമൂഹം, സാമൂഹിക പരിവര്‍ത്തനം, സാമൂഹിക പരിവര്‍ത്തനത്തിന്റെ ബാഹ്യവും ആഭ്യന്തരവുമായ പ്രേരണകള്‍ എന്നിവ താത്വികമായി വിശകലനം ചെയ്യുന്ന പ്രബന്ധത്തില്‍ ആശയപ്രചാരണത്തിനുള്ള മാധ്യമം എന്ന നിലയ്ക്ക് നാടകത്തിനുള്ള സാദ്ധ്യതകള്‍ വിലയിരുത്തുകയും ചെയ്യുന്നു. ജാതി, കൂട്ടുകുടുംബം, ജന്മി-കുടിയാന്‍ ബന്ധത്തിലധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ എന്നിവയെ കേരളത്തിന്റെ സാമൂഹികഘടനയെ നിര്‍മ്മിക്കുകയും നിലനിര്‍ത്തുകയും സങ്കീര്‍ണ്ണമാക്കുകയും ചെയ്ത അടിസ്ഥാനപ്രശ്‌നങ്ങള്‍ എന്ന നിലയില്‍ പ്രബന്ധത്തില്‍ വേര്‍തിരിച്ചുകാണിക്കുന്നു. ഈ പ്രശ്‌നങ്ങളെ നാടക പ്രസ്ഥാനം അതിന്റെ ഉള്ളടക്കംകൊണ്ടും ഘടനകൊണ്ടും എങ്ങനെ നേരിട്ടു എന്ന് വിശദമായി പരിശോധിക്കുകയും സാമൂഹികപരിവര്‍ത്തനപ്രക്രിയയെ മുന്നോട്ടു കൊണ്ടു പോകുന്ന കാര്യത്തില്‍ നാടകപ്രസ്ഥാനം നിര്‍ണ്ണായകമായ പങ്കുവഹിച്ചു എന്നു കണ്ടെത്തുകയും ചെയ്യുന്നു.