ആധുനിക സാഹിത്യവിമര്‍ശനത്തിലെ ഏറ്റവും ശക്തനായ സാഹിത്യ ചിന്തകനാണ് ഐ.എ.റിച്ചാര്‍ഡ്‌സ്. ശാസ്ത്രത്തിന്റെ ആരാധകനായി നിന്നുകൊണ്ട് കവിതയ്ക്ക് ഒരു പുതിയ മൂല്യകല്പന നല്‍കി എന്നതാണ് റിച്ചാര്‍ഡ്‌സിന്റെ ഏറ്റവും വലിയ നേട്ടം. ‘സാഹിത്യവിമര്‍ശന തത്വങ്ങള്‍’, ‘ശാസ്ത്രവും കവിതയും’ എന്നീ ഗ്രന്ഥങ്ങളില്‍ കൂടിയാണ് പ്രധാനമായും ആധുനിക മന:ശാസ്ത്രത്തിന്റെ സഹായത്തോടെ ശാസ്ത്രീയമായി കവിതയുടെ മൂല്യം നിര്‍ണയിക്കാന്‍ അദ്ദേഹം ശ്രമിച്ചത്. സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാനം, പ്രായോഗിക വിമര്‍ശനം, ഭാവനയെക്കുറിച്ച് കോള്‍റിഡ്ജ് എന്നിവയാണ് റിച്ചാര്‍ഡ്‌സിന്റെ മറ്റു പ്രധാന വിമര്‍ശനഗ്രന്ഥങ്ങള്‍.
ഐ.എ.റിച്ചാര്‍ഡ്‌സിന്റെ ഏറ്റവും പ്രധാന കൃതി സാഹിത്യവിമര്‍ശന തത്വങ്ങള്‍ ആണ്. ഗൗരവമായ തത്ത്വങ്ങളെ തികച്ചും ശാസ്ത്രീയമായ രീതിയില്‍ പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥമാണത്. സൗന്ദര്യത്തെക്കുറിച്ചും, കലയുടെ മൗലിക സ്വഭാവത്തെക്കുറിച്ചും, കലകള്‍ ആസ്വാദകരില്‍ ഉളവാക്കുന്ന പ്രതികരണ വിശേഷങ്ങളെക്കുറിച്ചും, അവയുടെ സാംസ്‌കാരിക മൂല്യത്തെക്കുറിച്ചും വിശദീകരിക്കുന്ന ഈ ഗ്രന്ഥം ഏറെക്കാലത്തെ പഠനത്തിന്റെയും ചിന്തയുടെയും അന്വേഷണത്തിന്റെയും ഫലമാണ്.
ആ അന്വേഷണത്തിന്റെ ആരംഭഘട്ടം സൗന്ദര്യശാസ്ത്രത്തെ സംബന്ധിക്കുന്ന ഒരു ചര്‍ച്ചയാണ്. ഇതിനെക്കുറിച്ച് മനസ്സിലാക്കാന്‍ സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാനം എന്ന സൗന്ദര്യ മീമാംസാഗ്രന്ഥം അറിയണം. സി.കെ.ഓഗ്ഡന്‍, ജയിംസ് വുഡ് എന്നിവരുടെ സഹായത്തോടെ 1922 ലാണ് റിച്ചാര്‍ഡ്‌സ് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. സൗന്ദര്യം എന്നാല്‍ എന്തെന്നു വ്യക്തമായി മനസ്സിലാക്കുന്നതിനുവേണ്ടി നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം. സൗന്ദര്യം എന്ന പദത്തിന് വിഭിന്നചിന്തകന്മാര്‍ നല്‍കിയിട്ടുള്ള പതിനാറ് നിര്‍വചനങ്ങള്‍ റിച്ചാര്‍ഡ്‌സ് ആദ്യമായി ഈ ഗ്രന്ഥത്തില്‍ ക്രോഡീകരിക്കുന്നു. എന്നാല്‍, ഈ നിര്‍വചനങ്ങളെ തിരസ്‌കരിച്ച് സൗന്ദര്യശാസ്ത്രത്തില്‍ ആധുനിക കാലത്തെ പ്രമുഖ വക്താക്കളില്‍ ഒരാളായ ജോര്‍ജ് സന്താനയുടെ നിര്‍വചനത്തെ അനുകൂലിക്കുന്നു. ദാര്‍ശനികനായ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ‘ആനന്ദകരമായതെന്തും സുന്ദരമാണ്’ എന്നാല്‍, ഈ നിര്‍വചനത്തെയും അവര്‍ നിരാകരിക്കുന്നു. പിന്നെ ക്ലൈവ് ബെല്‍ റോജര്‍ ഫ്രൈ എന്നിവരുടെ വിശദീകരണങ്ങള്‍ അവര്‍ പരിശോധിക്കുന്നു. തിയോഡര്‍ ലിപ്‌സ് അവതരിപ്പിച്ച എംപതി എന്ന സംജ്ഞയെ പരിശോധിക്കുന്നു. എംപതി എന്ന പ്രക്രിയയുളവാക്കാന്‍ കഴിവുളള വികാരമാണ് സൗന്ദര്യാത്മകവികാരം. ഈ വിവരണം ശ്രദ്ധേയമാണെങ്കിലും നമ്മുടെ ഗ്രന്ഥകര്‍ത്താക്കളെ അത് തൃപ്തിപ്പെടുത്തുന്നില്ല. ‘സൈക്കോളജി ഓഫ് ബ്യൂട്ടി’ എന്ന ഗ്രന്ഥത്തില്‍ സൗന്ദര്യാനുഭവത്തിന്റെ സാമാന്യമായ അവസ്ഥ വിരുദ്ധശക്തികളുടെ തുലനാവസ്ഥയെയാണ് സൂചിപ്പിച്ചിട്ടുള്ളതെന്ന് ഉദ്ധരിച്ചുചേര്‍ത്തുകൊണ്ട്. സൗന്ദര്യാത്മക വികാരം നമ്മില്‍ ഉണ്ടാക്കുന്നത് വിരുദ്ധചോദനകളുടെ തുലനാവസ്ഥയാണെന്ന് സ്ഥാപിക്കുന്നുണ്ട്. ഈ മാനസിക ഭാവത്തെയാണ് സിനേസ്തസിസ് എന്ന് ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നത്.

സമനിലയും ക്രമവും തെറ്റിക്കിടക്കുന്ന ചോദനകളെ നവീകരിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് കവിതയുടെ മൂല്യം. നമ്മുടെ ചോദനകള്‍ പലപ്പോഴും ക്രമംതെറ്റിയും വിശുദ്ധമായും പ്രവര്‍ത്തിക്കുന്നതുകൊണ്ട് മനസ്സിന് ആയാസം ഉണ്ടാകുന്നു. എന്നാല്‍, സൗന്ദര്യാസ്വാദന വേളയില്‍ സിനേസ്തസിസ് എന്ന അവസ്ഥയ്ക്ക് വിധേയമാകുന്നു. ചോദ്യങ്ങളുടെ ഈ തുലനാവസ്ഥ മാനസികമായ ഒരു സ്തംഭനമല്ല. ക്രിയോന്മുഖമായ ഒരു പ്രശാന്തതയാണ്. എന്നാല്‍, ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യുന്നതിനുള്ള പ്രേരണ അതിനില്ല. കാവ്യാസ്വാദനവേളയില്‍ സിരാപടലങ്ങളിലുണ്ടാകുന്ന ഈ സമീകരണം ക്രിയോന്മുഖമായ മാനസികാവസ്ഥ സൃഷ്ടിക്കുന്നു എന്നതില്‍ കവിഞ്ഞാല്‍ സത്വരമായ ബാഹ്യക്രിയയിലേക്ക് നയിക്കുന്നില്ല. ‘സാഹിത്യവിമര്‍ശന തത്വങ്ങളില്‍ ‘ സിനേസ്തസിസ് എന്ന പദം റിച്ചാര്‍ഡ്‌സ് ഉപയോഗിക്കുന്നില്ല. അതിനു പകരമായി രണ്ടുപദങ്ങള്‍ സുലഭമായി ഉപയോഗിക്കുന്നുണ്ട്-ഇന്‍ക്ലൂഷന്‍, സിന്തസിസ് എന്നിവ. നിസ്സര്‍ഗചോദനകളുടെ ഏകഭാവവും സമവായവുമാണ് ആ പദങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. പരിപക്വമായ ഒരു മാനസിക സമനിലയാണ് ഇതിന്റെ ഫലം. അടിസ്ഥാനപരമായി സീനേസ്തസിസ് എന്ന ആശയത്തില്‍നിന്ന് ഇതു ഭിന്നമല്ല.
സാഹിത്യത്തിന്റെ ആവിഷ്‌കരണോപാധി ഭാഷയാണ്. അതുകൊണ്ടുതന്നെ ഭാഷയുടെ പ്രയോഗത്തെക്കുറിച്ചും റിച്ചാര്‍ഡ്‌സ് ചിന്തിക്കുന്നുണ്ട്. ഭാഷാ പ്രയോഗത്തെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം സി.കെ ഓഗ്ഡനുമായി സഹകരിച്ച് 1923 -ല്‍ റിച്ചാര്‍ഡ്‌സ് പ്രസദ്ധീകരിച്ചിട്ടുണ്ട്. ഭാഷാപ്രയോഗം രണ്ടുതരത്തിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു:

1. ശാസ്ത്രീയമായ പ്രയോഗം
2. വൈകാരികമായ പ്രയോഗം

നിശ്ചിതമായ അര്‍ഥത്തെ മാത്രം ഉണര്‍ത്തി ആശയപ്രകാശനം നിര്‍വഹിക്കുന്നതിനുവേണ്ടി ഭാഷയെ ഉപയോഗിക്കുന്നതാണ് ശാസ്ത്രീയമായ പ്രയോഗം. നേരെമറിച്ച്, വായനക്കാരില്‍ വികാരങ്ങളെയും ചില പ്രത്യേക മനോഭാവങ്ങളെയും ഉണര്‍ത്തിവിടാന്‍ പര്യാപ്തമാകുമാറ് ഭാഷ പ്രയോഗിക്കുമ്പോള്‍ അതു വൈകാരികമായ പ്രയോഗമാകും. ഇതില്‍ വൈകാരിക പ്രയോഗത്തെയാണ് സാഹിത്യം അവലംബിക്കുന്നത്. ഇങ്ങനെ വൈകാരികമായി പ്രയോഗിക്കപ്പെടുന്ന പദങ്ങളുടെ സഞ്ചയം അത്യന്തം സങ്കീര്‍ണങ്ങളായ പ്രതികരണങ്ങളാണ് ഒരാസ്വാദകനില്‍ ഉണര്‍ത്തുന്നത്. ആ പ്രതികരണങ്ങളുടെ ആകെത്തുകയാണ് ആസ്വാദനം. ‘ഒരു കവിതയുടെ അപഗ്രഥനം’ എന്ന അധ്യായത്തില്‍ ശാസ്ത്രീയമായൊരു ചിത്രത്തിന്റെ സഹായത്തോടെ റിച്ചാര്‍ഡ്‌സ് ഭംഗിയായി ഇതു വന്നുവീഴുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അതില്‍ ഒരു കവിതയിലെ ഏതാനും വാക്കുകള്‍, വായനക്കാരന്റെ കണ്ണില്‍ അടച്ചിട്ട വാക്കുകള്‍ കണ്ണില്‍ പതിയുന്നതു മുതല്‍ അര്‍ഥഗ്രഹണം വരെ അനുവാചകനില്‍ സംഭവിക്കുന്ന സങ്കീര്‍ണമായ ഒരു ദ്രുതപ്രക്രിയയെ അനുക്രമമായ ആറു ഘട്ടങ്ങളായി അദ്ദേഹം വിവരിക്കുന്നു:

I ) വിഷ്വല്‍ സെന്‍സേഷന്‍സ്

അച്ചടിച്ച ലിപികള്‍ ദര്‍ശനേന്ദ്രിയത്തില്‍ ഉണ്ടാക്കുന്ന വികാരം. അച്ചിന്റെ വടിവ്, വലുപ്പം, അച്ചുകള്‍ തമ്മിലുള്ള അകലം, ക്രമീകരണരീതി എന്നീ സംഗതികള്‍ ഒരു വായനക്കാനില്‍ പ്രഥമദര്‍ശനത്തില്‍ത്തന്നെ ഉളവാക്കുന്ന വികാരമാണിത്. അത് നിസ്സാരമായ ഒന്നായിരിക്കണം, എന്നാലും അവഗണിക്കാവുന്നതല്ല.

II) ടൈഡ് ഇമേജറി

മൂകമായിട്ടാണ് വായിക്കുന്നതെങ്കിലും ശബ്ദം മനസ്സിന്റെ കാതുകളില്‍ വന്നലയ്ക്കാറുണ്ട്. ശബ്ദത്തിന്റെ ഈ അനുരണനം ആസ്വാദകന്റെ സങ്കല്പത്തില്‍ അവ്യക്തങ്ങളായ ചില ചിത്രങ്ങളും ഉണര്‍ത്തുന്നു. അവയുടെ സ്പഷ്ടതയല്ല, വികാര ജനകത്വമാണ് ഉദ്ദിഷ്ടഫലമുളവാക്കാന്‍ അവയെ സമര്‍ഥമാക്കിത്തീര്‍ക്കുന്നത്. അര്‍ഥബോധം ഉണ്ടാക്കുന്നതിനു മുമ്പുള്ളതാണ് ഈ രണ്ടു ഘട്ടങ്ങളും.

III ) ഫ്രീ ഇമേജറി

മേല്‍പ്പറഞ്ഞ രണ്ടു ക്രിയകളും ഒന്നിച്ചുചേര്‍ന്ന് അവയുടെ ആകെത്തുകയാണ് ഈ ഘട്ടം. കൂറെക്കൂടി വ്യക്തമായ ചിത്രങ്ങള്‍ എല്ലാ ആസ്വാദക സങ്കല്പത്തിലുണര്‍ത്തുന്നു. ഈ ചിത്രങ്ങള്‍ വായനക്കാരിലും ഐക്യരൂപ്യമുള്ളതായിരിക്കണമെന്നില്ല, ആയിരിക്കുകയുമില്ല. എങ്കിലും ഇപ്രകാരം ചില ചിത്രങ്ങള്‍ ആസ്വാദക പ്രക്രിയയില്‍ ഉദയംകൊള്ളുമെന്നുള്ളത് ഒരു പ്രത്യേകതയാണ്.

IV) റെഫറന്‍സ്

ഈ ഘട്ടത്തിലാണ് പൂര്‍ണമായ അര്‍ഥഗ്രഹണത്തിലേക്ക് നാം കടക്കുന്നത്. ഇതുവരെയുള്ള സകല അനുഭവങ്ങളും നമ്മുടെ നിസ്സര്‍ഗവാസനകളുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. പിന്നീടുണ്ടാകുന്ന എല്ലാ ക്രിയകളുടെയും ഉറവിടം ഈ വാസനകളാണെന്നു പറയാം. കവിതാസ്വാദനത്തിന്റെ മൗലികമായ ഘടകവും ഇതുതന്നെ. ഇവിടെവച്ചാണ് കണ്ണില്‍ ആദ്യമായി പതിഞ്ഞ കറുത്ത അക്ഷരങ്ങള്‍ മറ്റു പലതുമായി ഇണങ്ങിച്ചേര്‍ന്ന് വികാരജനകമാംവിധം വികസിക്കുന്നത്. ഈ ക്രിയയോടൊത്ത് ഏകകാലികമായി സംഭവിക്കുന്നതാണ് അര്‍ഥഗ്രഹണവും. ശരിയായ അര്‍ഥബോധനം നിര്‍വഹിക്കാതെയും കവിതയുണ്ടാകാവെന്ന് റിച്ചാര്‍ഡ്‌സ് പറയുന്നുണ്ട്. എങ്കിലും, സാധാരണഗതിയില്‍ കവിതയില്‍നിന്ന് സുവ്യക്തവും ശ്യംഖലാബന്ധമുള്ളതുമായ ഒരാശയധാര നമുക്കു ലഭിക്കും. ഈ ആശയധാര നമ്മുടെ മനസ്സിലുറഞ്ഞുകൂടിക്കിടക്കുന്ന ഭൂതകാലസ്മരണകളെ ഉണര്‍ത്തുകയും അവയോടു കെട്ടുപിണഞ്ഞുകിടക്കുന്ന പല വികാരങ്ങളെയും ഉദ്ദീപിപ്പിക്കുകയും ചെയ്യും.

v ഇമോഷന്‍സ്

കവിത ഉണര്‍ത്തുന്ന ആശയധാര പല വികാരങ്ങളെയും ഉദ്ദീപിപ്പിക്കുന്നു. അര്‍ഥഗ്രഹണത്തോട് അടുത്തതും അതിനെ അനുഗമിച്ചും നടത്തുന്നൊരു പ്രക്രിയയാണിത്. അര്‍ഥഗ്രഹണം ആസ്വാദകരില്‍ ഉളവാക്കുന്ന പ്രതികരണത്തിന്റെ ഫലമായി പല വികാരങ്ങളും മനസ്സില്‍ സൃഷ്ടിക്കപ്പെടുന്നു. പുതിയൊരു ലോകത്തിന്റെ ദര്‍ശനമാണ് ഇതിന്റെ ഫലം.

vi ആറ്റിട്യൂഡ്

പ്രത്യേകമായ ഒരു മനോഭാവത്തിന്റെ രൂപീകരണമാണ് ഈ ഘട്ടം. ആവിഷ്‌കൃതമാകുന്ന ഭാവത്തിന്റെ നേര്‍ക്ക് ഒരു പ്രത്യേക മനോഭാവം വായനക്കാരില്‍ രൂപീകൃതമാവുന്നു. കാവ്യാനുഭൂതിയുടെ പരമപ്രധാനമായ ഘടകവും ഇതുതന്നെ. ഈ മനോഭാവത്തിന്റെ സ്വഭാവത്തെ അനുസരിച്ചിരിക്കും കവിതയുടെ മൂല്യം.

ജീവിതത്തിലെ ഭിന്നങ്ങളായ സംഭവങ്ങളെയെല്ലാം വിശാലവും ഉദാത്തവുമായ സഹാനുഭൂതിയോടുകൂടി വീക്ഷിക്കാന്‍ ഉപകരിക്കുന്ന മനോഭാവത്തെ വായനക്കാരിലുളവാക്കാന്‍ പര്യാപ്തമായ കവിതയാണ് മഹത്തായ കവിതയെന്ന് റിച്ചാര്‍ഡ്‌സ് പറയുന്നു. കവിതയുടെ ഘടകങ്ങളെക്കുറിച്ചും സാഹിത്യത്തെ വിലയിരുത്താനുപകരിക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ചും റിച്ചാര്‍ഡ്‌സ് വിശദീകരിക്കുന്നുണ്ട്. രണ്ടുതരത്തിലാണ് കവിതയില്‍ വൈകല്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. i ) വിലപ്പെട്ട അനുഭവത്തെ വികലമായി ആവിഷ്‌കരിക്കുന്നതുമൂലം. ii) ആവിഷ്‌ക്കരണം വിദഗ്ധമായിട്ടുണ്ടെങ്കിലും ആവിഷ്‌കൃതമായ അനുഭവം വിലകെട്ടതുമൂലം ആദ്യത്തേത് രൂപത്തിന്റെയും, രണ്ടാമത്തേത് ഭാവത്തിന്റേയും തകരാറാണ്.
ഈ യുഗത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ താത്വികനായ വിമര്‍ശകന്‍ എന്ന പദവി റിച്ചാര്‍ഡ്‌സിന്റെ തത്വങ്ങളെ എതിര്‍ക്കുന്നവര്‍ പോലും അദ്ദേഹത്തിന് നല്‍കുന്നു. ‘നവ വിമര്‍ശനം’ എന്ന ഗ്രന്ഥത്തില്‍ ജെ.സി. റാന്‍സം റിച്ചാര്‍ഡ്‌സിന്റെ പല തത്ത്വങ്ങളെയും വിദഗ്ധമായി ഖണ്ഡിക്കുന്നുണ്ട്. ആംഡ് വിഷന്‍ എന്ന പുസ്തകത്തില്‍ ‘സാഹിത്യ വിമര്‍ശനതത്ത്വങ്ങള്‍’ എന്ന കൃതിയുടെ പാളിച്ചകള്‍ ഹെമാന്‍ എടുത്തുകാട്ടുന്നു. അതില്‍ കവിതാസ്വാദനത്തെപ്പറ്റി റിച്ചാര്‍ഡ്‌സ് നല്‍കുന്ന ചിത്രം പരിഹാസ്യമായ പ്രതികരണമാണ് സൃഷ്ടിക്കുന്നതെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും സാഹിത്യത്തിന് മനുഷ്യമനസ്സിന്റെ മേലുള്ള സ്വാധീനത്തെക്കുറിച്ചും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ കൃതികളുടെ മൂല്യത്തെ നിര്‍ണയിക്കുന്നതിനെക്കുറിച്ചും ആദ്യമായി ശാസ്ത്രബോധാധിഷ്ഠിതവും ഗൗരവപൂര്‍ണവുമായ ഒരു സിദ്ധാന്തം
ആവിഷ്‌ക്കരിച്ച സൈദ്ധാന്തികന്‍ എന്ന നിലയില്‍ നവീനവിമര്‍ശന രംഗത്ത് ഐ.എ. റിച്ചാര്‍ഡ്‌സിന്റെ സ്ഥാനം അതുല്യമാണ്.