ഇംഗ്ലീഷ് നിരൂപണത്തെ ഗൗരവമുള്ള ഒരു പ്രസ്ഥാനമായി ഉയര്‍ത്തുകയും അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സമര്‍ഥമാക്കുകയും ചെയ്തത് സര്‍ ഫിലിപ്പ് സിഡ്‌നിയാണ്. അദ്ദേഹത്തിന്റെ ‘അപ്പോളജി ഫോര്‍ ‘പൊയട്രി’ ആണ് ഇംഗ്ലീഷ് വിമര്‍ശനത്തിന് നാന്ദി കുറിച്ചതെന്നു പറയാം. 1579 -ല്‍ സ്റ്റീഫന്‍ ഗോസണ്‍ എഴുതിയ ‘സ്‌കൂള്‍ ഓഫ് അബ്യൂസ്’ എന്ന കൃതിക്കുള്ള മറുപടിയാണ് ഈ പ്രബന്ധം. 1580-ല്‍ അപ്പോളജി എഴുതപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, ഗ്രന്ഥകര്‍ത്താവിന്റെ മരണത്തിനുശേഷം 1895-ല്‍ മാത്രമേ അതു പ്രസിദ്ധീകൃതമായുള്ളൂ. എങ്കിലും സുഹൃത്തുക്കള്‍ക്കിടയില്‍ അതിനുമുമ്പുതന്നെ ഈ കൃതി പ്രചരിച്ചുകഴിഞ്ഞിരുന്നു. കവികള്‍ നുണയുടെ പിതാക്കന്മാരും പൊങ്ങച്ചത്തിന്റെ കുഴല്‍ക്കാരും ദുര്‍വൃത്തി പ്രസ്ഥാനക്കാരും ആണെന്ന് ഗോസണ്‍ അധിക്ഷേപിച്ചു. ഈ അധിക്ഷേപത്തിന് മറുപടി എന്നോണമാണ് ഈ പ്രബന്ധം രചിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, അപ്പോളജിയില്‍ ഒരിടത്തും ഗോസണെപ്പറ്റി പരാമര്‍ശനം ഇല്ല. അന്തസ്സുറ്റ മൗനം പാലിക്കുമ്പോഴും ആവശ്യമായ സൂചനകള്‍ അതിലുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കവിതയുടെ ശത്രുക്കളെ നേരിടാന്‍ സിഡ്‌നി തൊടുക്കുന്ന ആദ്യത്തെ ശരം കവിതയുടെ പ്രാചീനതയെക്കുറിച്ചുള്ള അവകാശവാദമാണ.് അജ്ഞാനത്തിന്റെ മധ്യത്തില്‍ അറിവിന്റെ ദീപം ആദ്യം കൊളുത്തിയത് കവികളാണ്. ശാസ്ത്രജ്ഞന്മാരും തത്വചിന്തകന്മാരും ആദ്യം സംസാരിച്ചത് പദ്യത്തിന്റെ ഭാഷയിലാണ്. സംസാരത്തിന്റെയും നാഗരികതയുടെയും ആദ്യഘട്ടത്തില്‍ വിജ്ഞാനത്തിന്റെ എല്ലാ പൂക്കളും വിരിഞ്ഞത് കവിതയുടെ സുഗന്ധത്തോടു കൂടിയാണെന്ന തത്വം ചൂണ്ടിക്കാട്ടി, കവിതയെ എതിര്‍ക്കുന്നവര്‍ തങ്ങളെ വിജ്ഞരാക്കിയ മഹാരഥന്മാരെ തള്ളിപ്പറയുന്ന നന്ദികെട്ടവരാണെന്ന് സിഡ്‌നി പറഞ്ഞു.
കാവ്യത്തിന്റെ പ്രാചീനത മാത്രമല്ല സിഡ്‌നി പരിഗണിക്കുന്നത്. കാവ്യം സാര്‍വത്രികമാണ്. എല്ലാ രാജ്യങ്ങളിലും, എല്ലാ സംസ്‌കാരങ്ങളിലും കാവ്യം നിലനിന്നു. ആദരപൂര്‍ണമായ സ്ഥാനം നേടുകയും ചെയ്തു. കവികള്‍ക്ക് പുരാതന സംസ്‌കാരങ്ങള്‍ കൊടുത്തിരുന്ന സ്ഥാനം വളരെ വലുതാണ്. റോമാക്കാര്‍ കവികളെ വാറ്റെസ് എന്നാണ് വിളിച്ചിരുന്നത്. ക്രാന്തദര്‍ശികള്‍, ദൈവപുരുഷന്മാര്‍, പ്രവാചകന്മാര്‍ എന്നെല്ലാമാണ് ഇതിനര്‍ഥം. ഗ്രീക്കുകാര്‍ കവിയെ നിര്‍മ്മാതാവ് അല്ലെങ്കില്‍ സ്രഷ്ടാവ് എന്നാണ് വിളിക്കുന്നത്. കവി ശാസ്ത്രജ്ഞന്മാരില്‍നിന്നും തൊഴില്‍ക്കാരില്‍ നിന്നും വ്യത്യസ്തനാകുന്നത് സൃഷ്ടിശക്തി കൊണ്ടാണ്..

കവികള്‍ സൃഷ്ടിക്കുന്ന ലോകം യഥാര്‍ഥ ലോകത്തേക്കാള്‍ ശ്രേഷ്ഠമാണ്. ഭാവനാശക്തിയെ മെച്ചപ്പെട്ട ലോകത്തിന്റെ സൃഷ്ടിക്കായി ഉപയോഗിക്കുന്നു. ഇവിടെയാണ് കാവ്യത്തിന്റെ മഹത്വം സിഡ്‌നി സൃഷ്ടിക്കുന്നത്. കവി ഒരിക്കലും സൃഷ്ടി പ്രപഞ്ചത്തിന്റെ പ്രതിച്ഛായകള്‍ നിര്‍മ്മിക്കുകയല്ല ചെയ്യുന്നത്. യഥാര്‍ഥ ലോകത്തേക്കാള്‍ ഉത്തമമായ ലോകം സൃഷ്ടിക്കുമ്പോള്‍ തന്റെ ദര്‍ശനകോടിയില്‍ ആവര്‍ഭവിച്ച ആദര്‍ശലോകത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
ഭാവനാസൃഷ്ടമായ ഒരു ലോകത്തിലേക്ക് ഒളിച്ചോടാന്‍ സഹായിക്കുന്നു എന്ന നിലയിലല്ല സിഡ്‌നി സാഹിത്യത്തെ കാണുന്നത്. കവി സൃഷ്ടിക്കുന്ന ലോകം യഥാര്‍ഥ ലോകത്തേക്കാള്‍ നല്ലതാണെന്നു മാത്രമല്ല, അത്തരം ഒരു ലോകം സൃഷ്ടിക്കുന്നതിന് ആളുകളെ ഒരുക്കാനും കാവ്യത്തിനു കഴിയും. കാവ്യാര്‍പ്പിതമായ ജീവിതത്തെ അതിലെ ധാര്‍മികതയും ഉത്കൃഷ്ടമായ മറ്റു മനുഷ്യഗുണങ്ങളും അനുകരിക്കുന്നതിലൂടെയാണ് ഇതു സാധ്യമാവുക. കവിത ജീവിതത്തെ അനുകരിക്കുകയല്ല, ജീവിതം കവിതയെ അനുകരിക്കുകയാണ് ചെയ്യുന്നത് എന്നര്‍ഥം.
കവിയും വിജ്ഞരായ മറ്റു പ്രബോധകന്മാരും തമ്മിലുള്ള വ്യത്യാസവും ഇവിടെയാണ്. തത്ത്വചിന്തകന്മാര്‍ പൊതുവായ തത്ത്വങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ആ പൊതുതത്ത്വങ്ങള്‍ വായനക്കാരന്റെ അനുഭവസത്യം അല്ല. മറ്റാരെങ്കിലും സഹായിക്കാന്‍ ഇല്ലെങ്കില്‍ ആശയങ്ങള്‍ മനസ്സിലാക്കിവരുമ്പോഴേക്കും വായനക്കാരന്‍ വൃദ്ധനായിത്തിരും. എന്നാല്‍, കവിയാകട്ടെ ഈ സാമാന്യവിശേഷങ്ങളെ ഓര്‍മിപ്പിക്കുന്നു. അതുകൊണ്ട് കവിതയാല്‍ ദീപ്തിമത്താകുന്നില്ലെങ്കില്‍, വാചാലമായ വാങ്മയചിത്രങ്ങളാല്‍ രൂപസമഗ്രമാകുന്നില്ലെങ്കില്‍, ഏതു ആശയവും ഇരുളില്‍ കിടക്കുകയേ ഉള്ളൂ.

കവിതയുടെ ആകര്‍ഷണീയതയുടെ അടിസ്ഥാനം എന്തായാലും അനുവാചകനെ ഉത്കൃഷ്ട ജീവിതത്തിലേക്ക് നയിക്കാന്‍ കഴിയുന്നതുകൊണ്ടാണ് അതു വിലയുറ്റതായി മാറിയിരുന്നത്. സിഡ്‌നിയുടെ മാനദണ്ഡം തികച്ചും ധാര്‍മികമാണെന്നു വ്യക്തം. പ്ലേറ്റോയെക്കുറിച്ച് അദ്ദേഹം എഴുതുമ്പോള്‍ പറയുന്ന ഒരു കാര്യമുണ്ട്. പ്ലേറ്റോ ഒരിക്കലും കവിതയുടെ ശത്രു ആയിരുന്നില്ല. കവിതയുടെ ദുരുപയോഗത്തെയാണ് പ്ലേറ്റോ എതിര്‍ത്തത്. അതുകൊണ്ട് യഥാര്‍ഥ കവിതയുടെ രക്ഷാധികാരിയായി പ്ലേറ്റോയെ കാണാം എന്നുപോലും അദ്ദേഹം പറയുന്നു. കാവ്യത്തിന് അതിന്റേതായ മാനദണ്ഡങ്ങള്‍ ഉണ്ടെന്ന് സിഡ്‌നി വിചാരിക്കുന്നില്ല. ഉത്തമഗ്രന്ഥം ഉത്തമമാകുന്നത് ഉത്തമമായ ജീവിതലക്ഷ്യത്തിലേക്ക് മനുഷ്യനെ നയിക്കുന്നതകൊണ്ടാണ്. ‘ലോകത്തിലെ എല്ലാ വിജ്ഞാനങ്ങള്‍ക്കും ലക്ഷ്യമായി സ്വീകരിക്കാവുന്ന വിശ്രമസങ്കേതം നന്മയാണ്, കാവ്യം ആ നന്മയെ നന്നായി പഠിപ്പിക്കുന്നു; രാജോചിതമായി അതിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
ഇംഗ്ലീഷ് സാഹിത്യം വളരെയൊന്നും പുഷ്ടിപ്പെട്ടിട്ടില്ലാത്ത കാലത്താണ് ഫിലിപ്പ് സിഡ്‌നി ജീവിച്ചിരുന്നത്. ചോസറുടെ കാന്റര്‍ബറി കഥകള്‍ മാത്രമാണ് അന്നുണ്ടായിരുന്ന ഒരു നല്ല ഗ്രന്ഥം. അതുകൊണ്ടുതന്നെ, സാഹിത്യവിമര്‍ശന സിദ്ധാന്തം ആവിഷ്‌കരിക്കുന്നതിന് സിഡ്‌നിക്കുണ്ടായിരുന്ന പരിമിതികള്‍ വളരെയാണ്. സ്വന്തം രാജ്യത്തും സ്വന്തം ഭാഷയിലും വേണ്ടത്ര ഉദാഹരണങ്ങള്‍ ലഭിക്കാതിരുന്ന ഒരു കാലഘട്ടത്തില്‍ ഇരുപത്തിയാറ് വയസ്സുള്ള ഒരു യുവാവ് എഴുതിയതാണ് അപ്പോളജി എന്ന സത്യം. മനുഷ്യജീവിതത്തിലെ നന്മയുടെ പേരില്‍ കവിതയെ തള്ളിക്കളയാന്‍ സന്നദ്ധരായവര്‍ക്ക് മറുപടികൊടുക്കാന്‍ സാധിച്ചു എന്നതാണ് ഫിലിപ്പ് സിഡ്‌നിയുടെ നേട്ടം. കവിത മനുഷ്യജീവിതത്തില്‍ പ്രയോജനകരമായ ഒരു ധര്‍മ്മം നിറവേറ്റുന്നു എന്ന് അദ്ദേഹം സമര്‍ഥിച്ചു.