ദേവീദേവന്മാരെ പല കൃതികളിലും കവികള്‍ കീര്‍ത്തിക്കുന്നുണ്ടെങ്കിലും പതിനാറാം ശതകം മുതല്‍ നിരവധി സ്‌തോത്ര കൃതികളും പ്രാര്‍ഥനാഗാനങ്ങളും മലയാളത്തില്‍ ഉടലെടുത്തിട്ടുണ്ട്. എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനം ഇതിലെല്ലാം മുന്നില്‍ നില്‍ക്കുന്നു. മലയാളികളുടെ തിരുക്കുറള്‍ എന്നാണ് ഹരിനാമകീര്‍ത്തനം അറിയപ്പെട്ടത്.

മാല, മാലികകള്‍, പഞ്ചകങ്ങള്‍, ശതകങ്ങള്‍, ദശകങ്ങള്‍, കീര്‍ത്തനം എന്നൊക്കെ പേരിന്റെ അന്ത്യത്തില്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ഒട്ടേറെ സാഹിത്യകൃതികളുണ്ട്. രാമപുരത്ത് വാര്യര്‍, പൂന്താനം, ഇരയിമ്മന്‍ തമ്പി, മച്ചാട്ട് ഇളയത്, മേല്പത്തൂര്‍ തുടങ്ങി നിരവധി എഴുത്തുകാര്‍.

പാമരജനങ്ങള്‍ക്കുവേണ്ടി ഒട്ടൊക്കെ അവരുടെ ഭാഷയില്‍ രചിക്കപ്പെട്ടതാണ് മിക്ക കൃതികളും. 

എസ്.ഗുപ്തന്‍ നായര്‍ ഇങ്ങനെ എഴുതുന്നു:
”വഞ്ചി തുഴയുന്ന കൈകള്‍ക്ക് ആയാസമകറ്റുന്ന വഞ്ചിപ്പാട്ടും, ഗ്രാമകന്യകമാരുടെ മാരമഹോത്സവത്തിന് മഹിമ വളര്‍ത്തുന്ന തിരുവാതിരപ്പാട്ടും
ഓണനിലാവിന് നാണംചേര്‍ക്കുന്ന ഊഞ്ഞാല്‍പ്പാട്ടും ജനകീയമല്ലെങ്കില്‍ പിന്നെന്താണ്? ഇവയൊക്കെ രചിച്ച പരശ്ശതം പാട്ടുകവികളില്‍ ഒരു രാമപുരത്തുവാര്യരോ ഒരു മച്ചാട്ടിളയതോ ഒഴികെ എല്ലാവരും പിന്‍തലമുറയുടെ ഓര്‍മയില്‍നിന്ന് മറഞ്ഞുപോയിരിക്കാം. പക്ഷേ അവരൊക്കെയാണ് നമ്മുടെ ജനസാമാന്യത്തെ കവിതയുമായി ബന്ധപ്പെടുത്തിനിര്‍ത്തിയത്.”

ഗുപ്തന്‍നായരുടെ മറ്റൊരു നിരീക്ഷണം കൂടി നമുക്ക് പരിശോധിക്കാം:

''നമ്മുടെ പാട്ട് സാഹിത്യത്തെ ഒന്നാകെ നോക്കിയാല്‍, മതപരമെന്നും മതേതരമെന്നും രണ്ടുവലിയ കൈവഴികളായി അതു പിരിയുന്നതു കാണാം. ഊഞ്ഞാല്‍പ്പാട്ടും അമ്മാനപ്പാട്ടും വള്ളപ്പാട്ടും തിരുവാതിരപ്പാട്ടും ഒക്കെ മതേതരമാണ്. അവയ്ക്ക് പ്രകടമായ ചായ്‌വ് സാമൂഹ്യജീവിതത്തിന്റെ നേര്‍ക്കാണ്. എഴുത്തച്ഛന്‍, കണ്ണശ്ശന്മാര്‍, പൂന്താനം തുടങ്ങിയവരാല്‍ പരിപോഷിപ്പിക്കപ്പെട്ട പാട്ടുകളാകട്ടെ, നമ്മുടെ മതപരമായ ജീവിതത്തോട് കെട്ടുപെട്ടു കിടക്കുകയാണ്.''

പൂന്താനം നമ്പൂതിരിയാണ് ഭക്തകവി എന്നു വിശേഷിപ്പിക്കാവുന്ന ആദ്യയാള്‍. വള്ളുവനാട് താലൂക്കില്‍ നെന്മേനി അംശത്തില്‍ പൂന്താനം എന്ന് പേരായ ഒരു ഇല്ലമുണ്ടായിരുന്നു. മേല്പത്തൂര്‍ നാരായണഭട്ടതിരിയുടെ സമകാലികനായിരുന്നു പൂന്താനം. രണ്ടുപേരും ഗുരുവായൂരപ്പന്റെ ഭക്തന്മാരായിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യം വരെ നീളുന്നു ഇരുവരുടെയും കാലം.

മേല്പത്തൂരിന്റെ വിഭക്തിയും പൂന്താനത്തിന്റെ ഭക്തിയും തമ്മിലിടഞ്ഞതും ഗുരുവായൂരപ്പന് ഇഷ്ടമായത് ഭക്തിയായതിനാല്‍ ഭക്തിയുടെ മുമ്പില്‍ വിഭക്തി മുട്ടുമടക്കിയതുമെല്ലാം ഐതിഹ്യങ്ങളിലാണുള്ളത്. പൂന്താനം ഭക്തനായിരുന്നെങ്കിലും വ്യുത്പന്നനായിരുന്നില്ലത്രെ. അതിനും ഒരു ഐതിഹ്യം കിടക്കുന്നു. ' പത്മനാഭോ അമരപ്രഭു എന്നതിന് പത്മനാഭോ മരപ്രഭു എന്ന് ഉച്ചരിച്ചു എന്നാണ് കഥ. 

ഗുപ്തന്‍നായര്‍ ഇങ്ങനെ പറയുന്നു: 
പാണ്ഡിത്യം കുറഞ്ഞവരെപ്പറ്റി ഇത്തരം കഥകള്‍ ചമയ്ക്കുക പാണ്ഡിത്യഗര്‍വിന്റെ സഹജവിനോദങ്ങളില്‍പ്പെട്ടതാണ്. ലളിതമായ മലയാള ഭാഷയില്‍ എഴുതി എന്ന ഒരപരാധം എന്തായാലും പൂന്താനം ചെയ്തിട്ടുണ്ട്. അതില്‍ക്കവിഞ്ഞ് വലിയ അപകടമൊന്നും കാട്ടിയിട്ടില്ല.
പൂന്താനത്തിന്റേതായി അനേകം സ്‌തോത്രകൃതികളുണ്ട്. ഇതില്‍ പ്രധാനം ജ്ഞാനപ്പാനയും ശ്രീകൃഷ്ണകര്‍ണാമൃതവും സന്താനഗോപാലവും ആണ്.

നമ്മുടെ കീര്‍ത്തനസാഹിത്യത്തിന്റെ കീര്‍ത്തി പതാകയാണ് പൂന്താനം എന്ന് എസ്.ഗുപ്തന്‍നായര്‍.

ജ്ഞാനപ്പാനയ്ക്കു തുല്യമായി മലയാളത്തില്‍ ജ്ഞാനപ്പാന മാത്രമേയുള്ളൂ എന്നാണ് ഗുപ്തന്‍ നായര്‍ പറയുന്നത്. തത്വജ്ഞാനത്തെ ഇതിലധികം സരളമായി പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം നമുക്കില്ല. ഭക്തിപ്പാനയെന്നാണ് അതിനെ വിളിക്കേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. മണിപ്രവാളം കൊടികുത്തിവാണ കാലത്ത് പച്ചമലയാളത്തില്‍ കവിത എഴുതി എന്നതാണ് പൂന്താനത്തിന്റെ മഹത്വം.

ഭക്തിപ്രസ്ഥാനത്തിലെ അഗ്രഗണ്യനായ കവി. മേല്പത്തൂരിന്റെ സമകാലികനായിരുന്നു. പാന എന്ന കാവ്യശാഖയില്‍ ശോഭിച്ച ഒരേയൊരു കവി പൂന്താനമാണ്. ജ്ഞാനപ്പാന പ്രസിദ്ധമാണല്ലോ. പാനപ്പാട്ടിന്റെ വൃത്തം പാന എന്ന പേരില്‍ത്തന്നെയാണ് അറിയപ്പെടുന്നത്. പൂന്താനത്തെ സൂര്‍ദാസിനോടാണ് ഡോ.കെ.ഭാസ്‌കരന്‍ നായര്‍ എന്ന വിമര്‍ശകന്‍ താരതമ്യം ചെയ്തത്. പൂന്താനത്തിന്റെ സന്താനഗോപാലത്തിലെ ഈ വരികള്‍ നോക്കുക:

ഒരു കോപംകൊണ്ടങ്ങോട്ടു ചാടിയാ-
ലിരുകോപം കൊണ്ടിങ്ങോട്ടു പോരാമോ’

ജ്ഞാനപ്പാനയിലെ മിക്കവാറും എല്ലാ വരികളും മലയാളികള്‍ക്ക് ഹൃദിസ്ഥമാണ്. ചില വരികള്‍ കാലികപ്രസക്തമാണ്.

കാലമിന്നു കലിയുഗമല്ലയോ
ഭാരതമിപ്രദേശവുമല്ലയോ
ജന്മവും നരജന്മവുമല്ലയോ
ചെമ്മേ നിരൂപിപ്പിനെല്ലാരും
നരകങ്ങളില്‍ പേടി കുറകയോ
നാവുകൂടാതെ ജാതന്മാരാകയോ
നമുക്കിന്നിവിനാശമില്ലായ്കയോ..”

സംസ്‌കൃതത്തില്‍ സ്‌ത്രോത്രകൃതികള്‍ കൊണ്ട് കേരളത്തെ സമ്പന്നമാക്കിയ കവീശ്വരനായിരുന്നു സാക്ഷാല്‍ ശ്രീനാരായണഗുരു. ശിവസ്‌തോത്രവും ഷണ്മുഖ സ്‌തോത്രവും അവയില്‍ പ്രധാനമാണ്.

കേരളത്തിലെ ജയദേവന്‍ എന്നറിയപ്പെട്ടത് ഇരയിമ്മന്‍ തമ്പിയാണ്. കുഞ്ചന്‍ നമ്പ്യാര്‍പോലും കീര്‍ത്തനം രചിച്ചിട്ടുണ്ട്. മാത്തൂരംബികാഷ്ടകം അതില്‍പ്പെടുന്നു. മച്ചാട്ടിളയതിന്റെ ഗോപികാ ഗീതം പ്രസിദ്ധമായിരുന്നു.

കീര്‍ത്തനസാഹിത്യത്തിന്റെ മറ്റുചില കാര്യങ്ങള്‍ കൂടി നമുക്ക് പരിശോധിക്കാം:

സംസ്‌കൃത പാരമ്പര്യത്തില്‍ നിന്നാണ് അവ വരുന്നത്. ആ ഭാഷയിലെ കൊടിമുടി ചൂടിയ ചില കൃതികളുണ്ട്. അതിലേറ്റവും ജനകീയം ജയദേവ കവിയുടെ ഗീതഗോവിന്ദമാണ്. ശ്രീകൃഷ്ണ കര്‍ണാമൃതം രചിച്ചത് കൃഷ്ണലീലാംശുകന്‍ എന്ന കവിയാണ്. മയൂരഭട്ടനാണ് സൂര്യശതകം എഴുതിയത്. സോമനാഥന്റെ കൃഷ്ണഗീത, ഗോവിന്ദ ദാസന്റെ സംഗീതമാധവം, ദേവരാജന്റെ ആര്യാമഞ്ജരി തുടങ്ങിയവയെല്ലാം പ്രാചീനകാലത്തെ ആയിരക്കണക്കായി ഉണ്ടായ സംസ്‌കൃതകീര്‍ത്തന കൃതികളില്‍ പ്രധാനമാണ്. കുമാരനാശാന്റെ ശിവസ്‌ത്രോത്രമാല, സുബ്രഹ്മണ്യശതകം എന്നിവ പ്രധാനമാണ്.

മലയാളത്തിലുണ്ടായ മറ്റു ചില കീര്‍ത്തനകൃതികളെക്കൂടി അറിയേണ്ടതുണ്ട്.

മലയാളത്തില്‍ അക്ഷരരൂപത്തിലുള്ള സ്‌തോത്രമാണ് ശിവപഞ്ചകം. സിദ്ധാന്തരൂപത്തിലുള്ളതാണ് ഹരിനാമകീര്‍ത്തനം. നമസ്‌കാര രൂപത്തിലുള്ളത് അനന്തപുര വര്‍ണനമാണ്.
കേരളത്തിലെ നദികളെ സ്തുതിക്കുന്ന സ്‌തോത്രങ്ങളുമുണ്ട്. വള്ളത്തോള്‍ എഴുതിയ ഭാരതപ്പുഴ, ഗംഗാഷ്ടകം, യമുനാഷ്ടകം എന്നിവ അതിലുള്‍പ്പെടുന്നു. ഗദ്യ സ്‌തോത്രങ്ങളാണ് മറ്റൊരു വക. രാമന്തളി സ്‌തോത്രം, പയ്യന്നൂര്‍ ഗദ്യം, കൊടിക്കുന്നില്‍ ഗദ്യം എന്നിവ അതില്‍പ്പെടുന്നു. പാന മട്ടില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എഴുതിയ വേട്ടക്കൊരുമകന്‍, വൈക്കത്തപ്പന്‍ എന്നിവയും പ്രഖ്യാതമാണ്. അദ്ദേഹത്തിന്റെ തന്നെ ഗുരുവായൂരപ്പന്‍ കീര്‍ത്തനവുമുണ്ട്.

മലയാളത്തില്‍ ക്രിസ്തു സ്‌തോത്രം രചിച്ചിട്ട് അഞ്ഞൂറു വര്‍ഷത്തിലേറെയായി. അര്‍ണോസ് പാതിരി എഴുതിയ പുത്തന്‍പാന ഒരുകാലത്ത് കേരളത്തിലെ ഒരേയൊരു ക്രിസ്തീയ സ്‌തോത്രകൃതിയായിരുന്നു. ക്രിസ്തുവിന്റെ അമ്മയെ സ്തുതിക്കുന്നതാണ് അത്. പുത്തന്‍പാനയ്ക്ക് മറ്റു പേരുകളുമുണ്ടായിരുന്നു. മിശിഹാ പാന, കൂദാശ പാന എന്നിങ്ങനെ.
വിഷ്ണു സഹസ്രനാമത്തിന്റെ മാതൃകയില്‍ ക്രിസ്തു സഹസ്രനാമം വരെ മലയാളത്തില്‍ രചിക്കപ്പെട്ടു. ഐ.സി ചാക്കോ ആണ് അതെഴുതിയത്.

മഹാകവി കെ.സി.കേശവപിള്ള എഴുതിയ ഗാനമാലിക ശ്രദ്ധേയമാണ്. നാഗര്‍കോവില്‍ കല്യാണിക്കുട്ടി അമ്മച്ചി എഴുതിയ സ്തവമാലിക, വി.സി ബാലകൃഷ്ണപ്പണിക്കര്‍ എഴുതിയ കുമാരസ്‌തോത്രമാല, മഹാകവി കുട്ടമത്തിന്റെ മൂകാംബികാ കടാക്ഷമാല,  ഭക്തിവിലാപം, രാമപുരത്ത് വാര്യരുടെ പ്രഭാതകീര്‍ത്തനം, കോട്ടയത്ത് തമ്പുരാന്റെ രാഗമാലിക തുടങ്ങിയവ ഒരുകാലത്ത് മലയാളികളില്‍ ഭക്തിജനിപ്പിക്കുന്നതിന് ഉതകിയവയാണ്. പന്തളം കേരളവര്‍മയുടെ ഗൗരീസ്തവം, ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിയുടെ ആനന്ദമുരളി, ശ്യാമസുന്ദരന്‍, വി.കെ.ഗോവിന്ദന്‍നായരുടെ അവില്‍പ്പൊതി, ഉള്ളൂരിന്റെ ഭക്തിദീപിക തുടങ്ങിയവയും ഈ സാഹിത്യശാഖയെ സമ്പന്നമാക്കിയവയാണ്.