കേരളത്തില്‍ കഥാഗാനങ്ങളായ പാട്ടുകള്‍ പ്രധാനമായും രണ്ട് വിഭാഗങ്ങളാണ്-വടക്കന്‍ പാട്ടും തെക്കന്‍പാട്ടും. അതില്‍ തെക്കന്‍പാട്ട് വിഭാഗത്തിലുള്ളതാണ് രാമകഥപ്പാട്ടും ഭാരതംപാട്ടും. ഇവ രചിച്ചത് കോവളം കവികള്‍ എന്ന് പ്രഖ്യാതരായ അയ്യപ്പിള്ളി ആശാനും സഹോദരന്‍ അയ്യനപ്പിള്ളി ആശാനും.
രാമകഥപ്പാട്ട്, ഭാരതംപാട്ട് എന്നിവയാണ് കോവളം കവികളുടേതായി കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ രാമകഥപ്പാട്ട് അയ്യപ്പിള്ളി ആശാന്റെയും ഭാരതംപാട്ട് അയ്യനപ്പിള്ളി ആശാന്റെയുമാണ്.
തെക്കന്‍പാട്ട് ഗണത്തിലാണ് പണ്ഡിതന്മാര്‍ ഈ കൃതികളെ പെടുത്തിയിട്ടുള്ളത്. തമിഴ്-മലയാള മിശ്രശാഖയിലുള്ളതാണ് ഈ കൃതികള്‍. ക്രിസ്തുവര്‍ഷം പതിനാലാം ശതകത്തിന്റെ അന്ത്യത്തോടെയാണ് കോവളത്ത് ആവാടുതുറയില്‍ ഈ കവിസഹോദരര്‍ ജീവിച്ചിരുന്നതെന്ന് മഹാകവി ഉള്ളൂര്‍ പറയുന്നു.

മലയാളത്തിലെ ആദ്യത്തെ പൂര്‍ണരാമായണകൃതിയും രാമകഥപ്പാട്ടാണ്. രാമചരിതത്തില്‍ യുദ്ധകാണ്ഡം മാത്രമാണല്ലോ ഉള്ളത്. രാമകാവ്യം എന്നാണ് അയ്യപ്പിള്ള ആശാന്‍തന്നെ തന്റെ കൃതിയെ വിളിച്ചിട്ടുള്ളത്.

രാമചരിതത്തിലെ ഭാഷ തികച്ചും ക്ലാസിക് രീതിയിലുളള സമ്മിശ്രണമാണെങ്കില്‍ രാമകഥപ്പാട്ട് തെക്കന്‍തിരുവിതാംകൂറിലെ നാടോടിത്തമിഴില്‍ നിന്നുണ്ടായതാണ്. എന്നാല്‍, രാമകഥപ്പാട്ടിലെ ഭാഷയില്‍ തമിഴ്, മലയാളം, സംസ്‌കൃതം എന്നിവയുടെ കലര്‍പ്പുണ്ട്. ഒരു ദ്വിഭാഷാ പ്രദേശത്തെ മിശ്രഭാഷയാണ് ഇതിലെന്ന് പ്രൊഫ. എന്‍.കൃഷ്ണപിള്ള അഭിപ്രായപ്പെടുന്നു. ഭാരതം പാട്ടിനെക്കാള്‍ പ്രസിദ്ധി രാമകഥപ്പാട്ടിനാണ്.

വിരുത്തം, പാട്ട് എന്നിങ്ങനെയാണ് രാമകഥപ്പാട്ടിന്റെ സംവിധാനം. ആകെ 279 വിരുത്തവും 3163 പാട്ടുകളുമാണ് ഇതിലുളളത്. ഇരുനൂറ്റമ്പതിലധികം വൃത്തവിശേഷങ്ങളുണ്ട് ഇതില്‍. മലയാള കവിതയില്‍ വൃത്തപ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി എന്ന നിലയിലും രാമകഥപ്പാട്ട് അറിയപ്പെടുന്നു.
തമിഴും മലയാളവും സംസ്‌കൃതവും ഭിന്നഭാഷകളാണെന്ന കാര്യംപോലും കവി മറക്കുന്നതായി പണ്ഡിതന്മാര്‍ പറയുന്നു. ഈ മൂന്നുഭാഷകളിലെയും പദങ്ങള്‍ ഒരുപോലെ അദ്ദേഹത്തിന് സ്വീകാര്യമാണ്.     സംസ്‌കൃതഭാഷയുടെ ചൈതന്യം പ്രകടമാക്കുന്ന പ്രയോഗങ്ങള്‍ രാമകഥപ്പാട്ടില്‍ സുലഭമാണ്. ശിവായ, ആകാശേ തുടങ്ങിയ സംസ്‌കൃതവിഭക്ത്യന്ത പദങ്ങള്‍ക്കുപുറമെ സംസ്‌കൃതരീതിക്കനുസരിച്ച് വിശേഷണവിശേഷ്യപ്പൊരുത്തം കൂടി കാണുന്നു.
അണ്ണനെ രാവണനെ പണിന്താന്‍,കണ്ഠം മൂന്റുള്ളോനെ അസുരനെ എന്നീ പ്രയോഗങ്ങളും കാണാം.

തെക്കന്‍പാട്ടുകളിലെ നടുനായകമായ കൃതി എന്നാണ് മഹാകവി ഉള്ളൂര്‍ ഇതിനെ വിശേഷിപ്പിച്ചത്. മലയാളത്തിലെ കളഞ്ഞുകിട്ടിയ നിധിയായി, എക മുത്തമിഴ് കാവ്യമായിട്ടാണ് പി.കെ.നാരായണപിള്ള അതിനെ കണ്ടത്. അദ്ദേഹമാണ് രാമകഥപ്പാട്ട് പൂര്‍ണരൂപത്തില്‍ കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത്. പി.കെ.നാരായണപിള്ള അതിന് പ്രൗഢമായ അവതാരികയും വ്യാഖ്യാനവും എഴുതി. 'ഭാഷാപരിമളം' എന്നാണ് വ്യാഖ്യാനത്തിന് നല്‍കിയിട്ടുള്ള പേര്.

വില്ലടിച്ചാന്‍ പാട്ടുകള്‍ക്ക് പാടാന്‍ രചിച്ച ഒരു ജനകീയ കാവ്യം കൂടിയാണ് രാമകഥപ്പാട്ട്.രാമകഥപ്പാട്ട് പാടാന്‍ ഉപയോഗിച്ചിരുന്ന വാദ്യം ചന്ദ്രവളയമാണ്.

വര്‍ണനാരീതിയും ഭാഷയും മനസ്സിലാക്കാന്‍ രാമകഥപ്പാട്ടിലെ ഒരു ഭാഗം ഉദ്ധരിക്കാം:
” വേട്ട പെണ്ണൈക്കളവാണ്ട കള്ളനങ്കിരിക്ക
വെറുതാവിലേ നാനും കിടന്തിങ്കെ മരിക്ക
ചാട്ടമറ്റ കുരങ്കെയെറുമ്പരിക്ക-തമൈ-
ത്തരം കെടുത്ത രാവണനുമങ്കിരുന്തുചിരിക്ക
ചതിത്തിരുന്തു വാളിതൊടലാമോ?-ആര്‍ക്കും
എതിര്‍ത്തുപ്പോരിലെന്നൈ വെല്ലലാമോ-േതവി-
യിവനാലേ ചിറമീണ്ടു ഇക്കരയിലാമോ?”