കബന്ധം
ആര്യ അരവിന്ദ്
ഒന്ന്
ഇരുളിന്റെ അങ്ങേയറ്റം വെളിച്ചമാണ്. ഇരുളിലൂടെ ദീർഘ സഞ്ചാരം ചെയ്താൽ ഒടുവിൽ എത്തപ്പെടുന്നത് വെളിച്ചത്തിലാണ്. ആരംഭം ഓർത്തെടുക്കാൻ കഴിയാത്ത, അവസാനം കണ്ടെത്താൻ കഴിയാത്ത, ഒന്നിനെയും വേർതിരിച്ചറിയാൻ കഴിയാത്ത കൂടിക്കലരൽ ഒരു ധവളപ്രകാശം.
കഴുത്തിൽ നിന്നും ചോര ഇറ്റുവീഴുന്ന ഈ ശിരസ്സുമായി ഞാൻ നടക്കാൻ തുടങ്ങിയിട്ട് എത്ര സമയമായെന്ന എന്റെ ശിരസ്സിന്റെ ബോധം നഷ്ടപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകളോ അനേകായിരം ജന്മങ്ങളോ കഴിഞ്ഞിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. എന്റെ പരവേശം-ഭയം-നിരാശ ഇവയൊക്കെ എന്നെക്കൊണ്ട് അങ്ങനെ തോന്നിപ്പിക്കുന്നു. എങ്ങനെയാണ് ഇവിടെ എത്തപ്പെട്ടതെന്ന് അറിയില്ല. ഓർമ്മയിൽ തുടക്കം മുതൽക്കേ ഈ ശിരസ്സ് എന്റെ കയ്യിൽ ഉണ്ടായിരുന്നു. നിലം മുഴുവൻ തളംകെട്ടിയ രക്തവും നിരന്ന് അടിഞ്ഞ് കിടക്കുന്ന ശരീരങ്ങളും അങ്ങിങ്ങായി കൂനകൂടിയിരിക്കുന്ന അവയുടെ ശിരസ്സുകളും.
ആദ്യം ഭയന്നില്ല, അന്വേഷിച്ചു. കണ്ടെത്താനാകുമെന്ന പ്രതീക്ഷ. ഒന്നും നടന്നില്ല ഇപ്പോഴും അലയുന്നു.
രണ്ട്
ഈ തല എന്റെ പരിചയക്കാരന്റേതാണ്. അതുപക്ഷേ ആരുടേതെന്ന് എനിക്ക് കണ്ടെത്താനാവുന്നില്ല. ആരംഭത്തിൽ അവന്റെ ഉടൽ എന്റെ കൺമുമ്പിൽ കാണാൻ കഴിയുന്നുണ്ടായിരുന്നു. ശിരസ്സറ്റ ഓരോ ശരീരവും മാറിമാറി പരിശോധിച്ചു.
പത്തു ശരീരങ്ങൾ…
നൂറു ശരീരങ്ങൾ…
കാക്കത്തൊള്ളായിരം തലയില്ലാത്ത ശരീരങ്ങൾ…
ഇപ്പോൾ എല്ലാം അവന്റേതാണെന്ന് തോന്നുന്നു. എല്ലാം ഒരാളുടേതുതന്നെ. അവന്റെ പേര്… ഓർക്കാൻ കഴിയുന്നില്ല. അവന്റെ കാക്കത്തൊള്ളായിരം കോപ്പികൾ Ctrl➕️C, വേഗം സാധിച്ചിരിക്കണം.
മൂന്ന്
തലകൾ ഓരോന്നും വ്യത്യസ്തമാണ്. ശരീരങ്ങളും വ്യത്യസ്തങ്ങൾ തന്നെയായിരിക്കണം. അതെ, എന്റെ കയ്യിലെ ശിരസ്സിന്റെ ശരീരം കണ്ടെത്തിയേ മതിയാവൂ. കണ്ടെത്തുവോളം തിരയണം. ഒരുപക്ഷേ കാത്തിരിക്കുന്ന ആ ഒരെണ്ണം വ്യത്യസ്തമാണെന്ന് എന്റെ മസ്തിഷ്കം കണ്ടെത്തിയേക്കാം എനിക്കങ്ങനെ തോന്നിയേക്കാം… തോന്നലുകൾ…!
ആരാണെന്നെ ഈ ദൗത്യം ഏൽപ്പിച്ചത്? എന്റെ കയ്യിൽ ഈ തല വെച്ചുതന്നത് ആരാണ്? ഒന്നും ഓർക്കാൻ കഴിയുന്നില്ല. എന്റെ തലയ്ക്കു വല്ലാത്ത ഭാരം… വല്ലാത്ത വേദന…
നാല്
എന്തിന് തലയും ഉടലും മാത്രം അറുത്തകറ്റി? ഇരു കാലുകളും കൈകളും അറുത്തു മാറ്റാമായിരുന്നുവല്ലോ? കാൽവിരലുകളും കൈവിരലുകളും അറുത്തുമാറ്റാമായിരുന്നു. നിരന്നു കിടക്കുന്ന ശരീരങ്ങൾ…
തലകളുടെ കൂമ്പാരം…
കൈകളുടെ കൂമ്പാരം…
കൈവിരലുകളുടെയും കാൽവിരലുകളുടെയും വെവ്വേറെ, തള്ളവിരലിന്റെ മുതൽ ചെറുവിരലിന്റെ വരെ ഓരോ കൂനകൾ…
ഏറ്റവും ചെറിയ കൂമ്പാരം കാലിലെ ചെറുവിരലുകളുടെതാവും!.
വിരലുകൾ ഇല്ലാതെയും കൈകാലുകൾ ഇല്ലാതെയും ആളുകൾ ജനിക്കുന്നു. തലയില്ലാതെ ആരും തന്നെ പിറവികൊള്ളുന്നില്ല…! അതിനാലാവും ഇത്തരത്തിൽ ശിരസ്സും ഉടലും ആയി ഛേദിച്ചത്.
അഞ്ച്
ഞാൻ തീർത്തും ക്ഷീണിച്ചിരിക്കുന്നു. ഒന്നും വേർതിരിച്ചറിയാൻ കഴിയുന്നില്ല. ഇല്ല. എനിക്കീ തലയുടെ ഉടൽ കണ്ടെത്താൻ കഴിയില്ല. ഞാൻ തോൽവി സമ്മതിക്കുന്നു. ഞാൻ തളർന്നു കഴിഞ്ഞു. നിരന്നു കിടക്കുന്ന ശരീരങ്ങളുടെ ഒരറ്റത്ത് ഞാൻ ഇരു തലകളുമായി ചെന്നുകിടന്നു.
ഇരുതലകൾ… ഇരുതലകൾ…
ഞാൻ മെല്ലെ വലതു കൈപ്പടം ഉയർത്തി, എന്റെ വേദനിക്കുന്ന ശിരസ്സു തലോടാൻ വിരലുകൾ വിടർത്തി… ഞാൻ സ്തംഭിച്ചുപോയി…! എന്റെ കാൽവിരലുകളിലൂടെ ഒരു തരിപ്പ് അരിച്ചുകയറി തരംഗം സൃഷ്ടിച്ച് മുന്നേറി. പെട്ടെന്ന് ഞാൻ കൈ പിൻവലിച്ചു… എന്റെ ഇടതുകൈവിരലുകൾ വലയം ചെയ്തിരുന്ന ശിരസ്സ് കയ്യിൽ നിന്നും വഴുതിവീണ് ഉരുണ്ടു നീങ്ങി..