തുപ്പൽകോളാമ്പി (കാവ്യം)
മന്ത്രീന്ദ്രൻ പാലിയത്തച്ചനുമവനിപനും
 ഗൂഢമായ്‌പേണ്ടകാര്യം
 മന്ത്രിച്ചേതാണ്ടുറച്ചീമറുതല കരുതി-
 ക്കൊണ്ടു നിൽക്കാത്ത ലാക്കിൽ
 സന്ധിച്ചീടുന്ന സൈന്യക്കടലൊടുമൊരുമി-
 ച്ചൂക്കുകൈക്കൊണ്ടൊരുന്നാ-
 ളന്തിക്കാക്കോടിലിംഗക്ഷിതിയുടെയരികിൽ
 കൂടിപോൽ കോട്ടമുക്കിൽ.        11
ചിത്താന്തം കത്തിയോടിച്ചിലയരയരണ-
 ഞ്ഞുൾഭ്രമം നൾകുമാറീ-
 വൃത്താന്തം കണ്ടുകേൾപ്പിച്ചതിലധികമുഴു-
 ന്നമ്പിനാൻ തമ്പുരാനും;
ശുദ്ധാന്തസ്സാരരായിട്ടുടനുടനണയും
 നാട്ടുകാരോടു കൂടി-
 ബ്ബദ്ധാന്തർഭക്തിഭാരം ഭഗവതി നടയിൽ
 കൂടി മുട്ടിച്ചു കൂട്ടം        12
ആ രാവങ്ങിനെ നിദ്രയാരുമറിയാ-
 തേതന്നെ തീരുമ്പൊഴ-
 യ്ക്കാരാവങ്ങൾ മുഴക്കിവന്നു കയറീ
 ശത്രുക്കൾ തെക്കേപ്പുറം;
 ആരാഞ്ഞാത്മസുതാദി ജീവകഥയും
 കാണാഞ്ഞു നെഞ്ഞത്തടി-
 ച്ചാരാൽ വീടുകൾതോറുമുണ്ടു മുറയി-
 ട്ടീടുന്നു മുത്തശ്ശിമാർ.        13
അക്കാര്യം മുഴുവൻ ധരിച്ച ധരണീ
 പാലൻ കുളിച്ചമ്പലം
 പുക്കാക്കാളിയെഴും നടയ്ക്കൽ വടിപോ-
 ലന്നാശു വീണാനുടൻ
 ഉൾക്കാളും ഭയമല്ല ഭക്തി ശിവയിൽ –
 ശത്രുക്കളിൽ ക്രോധമ-
 ദുഖാക്രാന്ത ജനങ്ങളിൽ കൃപയുമായ്
 പ്രാർത്ഥിച്ചുപോലിത്തരം.        14
‘പെരുമ്പടപ്പിൽ ക്ഷിതിപാലരത്നം
 പെരുമ്പടക്കോപ്പിഹ കൂട്ടിവന്നു;
 ഒരുമ്പെടേണം പട നീ തടുപ്പാൻ
 കുരുമ്പയമ്മേ ! മമ തമ്പുരാട്ടി !’        15
എന്നർത്ഥിച്ചപ്പടിഞ്ഞാറുടയ നടയിലായ്
 മന്നവൻ വീണനേരം
 തന്നത്താനാ വടക്കേക്കതകു നടയിൽ നി-
 ന്നിട്ടു പൊട്ടിത്തുറന്നു;
എന്നല്ലത്യൂക്കരായിച്ചിലരുടനെയക-
 ത്തിന്നിറങ്ങിത്തുടങ്ങീ-
 യെന്നെല്ലാം തോന്നിയൊന്നേറ്റളവു നടയട-
 യ്ക്കുന്നതും കണ്ടു ഭൂപൻ.        16
അന്നാൾമുതൽക്കാനൃപവംശജന്മാർ
 ചെന്നാപ്രദേശത്തു നമിച്ചിടുമ്പോൾ
 ഒന്നാക്കവാടം വെളിയിൽ തുറക്കു-
 മെന്നാണു കേളിപ്പൊഴുമുള്ള ചട്ടം.        17
പെട്ടെന്നേറ്റു നരാധിനാഥനധികം
 ധൈര്യത്തൊടും പോന്നുടൻ
 കെട്ടിക്കാത്തു നടയ്ക്കൽ വാഴുമൊരു തൻ –
 നാട്ടാരൊടെല്ലാരൊടും
 ‘ധൃഷ്ടത്വത്തൊടു നിങ്ങളൊക്കെ വരുവിൻ;
 പോരിൽ ജയം കിട്ടിടും
 തിട്ടം തന്നെ’ യിതെന്നുരച്ചസിയുമായ്
 മുമ്പിട്ടിറങ്ങീടിനാൻ.        18
പിന്നത്തെക്കഥ പീവരസ്തനിമണേ!
 ചൊല്ലേണ്ടതുണ്ടോ? രണ-
 ത്തിന്നെത്തിക്കയറുമ്പൊഴുള്ളിൽ വെളിവു-
 ണ്ടാമോ ഭടന്മാർക്കെടോ?
 തന്നെത്താനസി കുന്തമെന്നിവകളാൽ –
 ശത്രുക്കളെക്കൊന്നുകൊ-
 ന്നന്നെത്തെപ്പകലന്തകന്നൊരു വിരു
 ന്നൂണിന്നൊരുക്കീടിനാർ.        19
തെക്കേബ്‌ഭാഗത്തുകാരെ ത്തെളുതെളെ വിലസും
 വാളു വീശിക്കിടയ്ക്കും
 തക്കത്തിൽക്കൊച്ചിയൂഴീപതിയുശിരൊടടു-
 ക്കുന്നു മുമ്പിട്ടുതന്നെ;
മുഷ്കന്മാരായ് രണത്തിൽ പടുതയൊടു കിളി-
 ക്കോട്ടുവീട്ടിൽ പണിക്ക-
 ച്ചെക്കന്മാരുണ്ടു നാലാളുകൾ നൃപനവിടെ-
 ദ്ദേഹരക്ഷയ്ക്കു കൂടെ.        20

Leave a Reply