വൈക്കത്തെ ഗാന്ധിജിയും അംബേദ്കറും
(ചരിത്ര പഠനം)
ബോബി തോമസ്
സൈന്‍ ബുക്‌സ് കൊല്ലം 2024
ബോബി തോമസ് രചിച്ച ചരിത്രപഠന ഗ്രന്ഥമാണ് ഇത്. ഗാന്ധിജി വൈക്കത്തെത്തിയിട്ട് നൂറുവര്‍ഷങ്ങള്‍ കഴിഞ്ഞു. ഗാന്ധിജിയും അംബേദ്കറും തമ്മിലുള്ള സംവാദം നടന്നിട്ടും ഏതാണ്ട് ഇത്രയും കാലമായി. എന്നാലിന്നും അതിന്റെ അനുരണനങ്ങള്‍ ചര്‍ച്ചകളെ കൂടുതല്‍ സക്രിയമാക്കുകയാണ്. അവര്‍ തമ്മിലുണ്ടായത് രണ്ടു ശരികള്‍ തമ്മിലുള്ള അഭിപ്രായഭിന്നതയായിരുന്നോ, അതോ തെറ്റും ശരിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നോ?
വൈക്കം സത്യഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധിജി-അംബേദ്കര്‍ സംവാദത്തെ ചരിത്രപരമായി വിലയിരുത്തുന്ന ശ്രദ്ധേയമായ കൃതിയാണിത്. കീഴാളപക്ഷത്തിന്റെയും ഗാന്ധിയന്‍ പക്ഷത്തിന്റെയും വിമര്‍ശനങ്ങള്‍ക്കിടയാക്കിക്കൊണ്ട് ഗാന്ധി വിമര്‍ശകയായ അരുന്ധതിറോയി പറഞ്ഞും പറയാതെയും ധ്വനിപ്പിച്ച ചരിത്രവീക്ഷണമെന്താണെന്നും ഇതില്‍ പരിശോധിക്കപ്പെടുന്നു.
ഗ്രന്ഥത്തിന് ബോബി തോമസ് എഴുതിയ ആമുഖമാണ് ഇതോടൊപ്പം:
ആമുഖം
ഓര്‍മ്മകള്‍ക്കുള്ളിലും എപ്പോഴും ഒളിപ്പിച്ചുവയ്ക്കുന്ന ചില മറവികളുണ്ടാകും. മനുഷ്യമനസ്സ് പോലെയാണ് ചരിത്രവും. അത് രേഖപ്പെടുത്തുന്നവരുടെ ഓര്‍മ്മകള്‍ക്കൊപ്പം അവര്‍ അഭിലഷിക്കുന്ന മറവികളും നിലനില്‍ക്കും. അതുകൊണ്ടാണ് കാഴ്ചകള്‍ പലര്‍ക്കും പലതാകുന്നത്. സത്യത്തിന് പല മുഖങ്ങളുണ്ടാകുന്നതും. സത്യം അസത്യത്തോടെന്ന പോലെ വ്യത്യസ്തമായ മറ്റൊരു സത്യത്തോടും കലഹിച്ചുകൊണ്ടിരുന്നേക്കാം. നാമിന്ന് ചരിത്രത്തിന്റെ കണ്ണാടിയില്‍ തെളിഞ്ഞുകാണുന്ന പ്രതിച്ഛായകളെല്ലാം അനേകം നിറക്കൂട്ടുകള്‍ കൊണ്ട് നിര്‍മ്മിച്ചവയാണ്.
അങ്ങനെകൂടിയാകാം വിരുദ്ധങ്ങളായ ഇത്രയേറെ ഗാന്ധിവായനകളും അംബേദ്കര്‍ വായനകളും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത് ചരിത്രത്തിന്റെ ബഹുസ്വരതയാണ്. അല്ലെങ്കില്‍ ഓരോ മനുഷ്യനും ഭൂതകാലത്തെ തന്റേതായ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍സന്ദര്‍ശിക്കുന്നതിന്റെ സൂചനയുമാകാം. ചരിത്രം സമൂഹത്തിലും മനുഷ്യജീവിതത്തിലും നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് ആധുനികകാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.
വൈക്കത്തെ ബോട്ട് ജെട്ടിയില്‍ 1925ലെ ഒരു സായാഹ്നത്തില്‍ ബോട്ടില്‍ വന്നിറങ്ങിയ ഗാന്ധിജിയെ, നൂറു വര്‍ഷങ്ങള്‍ക്കുശേഷം ഇന്നു ജീവിക്കുന്ന മനുഷ്യര്‍ പരസ്പരവിരുദ്ധങ്ങളായ എത്രയേറെ വ്യത്യസ്തരീതികളിലാണ് നോക്കിക്കാണുന്നത്. ഗാന്ധിജി വെറും ഒരു ഗാന്ധിജി മാത്രമായിരുന്നില്ല എന്നതുകൊണ്ടാണത്. ഒരാളില്‍ പ്രതിഫലിച്ച പരസ്പരവിരുദ്ധരായ അനേകം ഗാന്ധിമാര്‍ക്കാണ്, ആരാധകരായി തടിച്ചുകൂടിയ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റിക്കൊണ്ട് സംഘാടകര്‍ മുമ്പോട്ടുള്ള വഴി തെളിച്ചുകൊടുത്തത്. വന്നിറങ്ങിയ ബോട്ട് ജെട്ടിക്കു സമീപമുള്ള മൈതാനത്ത് ആരാധന കൊണ്ട് ഭ്രാന്തുപിടിച്ച ജനക്കൂട്ടത്തോട് പിറ്റേദിവസം സംസാരിച്ചതും അനേകം ഗാന്ധിമാരാണ്.
അയിത്തത്തിനെതിരായ ഗാന്ധിജിയുടെ കാഴ്ചപ്പാട് പകല്‍പോലെ വ്യക്തമായിരുന്നു. അയിത്തവും ജാതി ഉച്ചനീചത്വങ്ങളും ഇല്ലാതായാലേ സ്വരാജ് പൂര്‍ണമാകൂ എന്നദ്ദേഹം പലതവണ പറഞ്ഞു. എന്നാല്‍ ഗാന്ധിജിയുടെ ജാതിയോടുള്ള സമീപനത്തിലെ അവ്യക്തത എക്കാലവും വലിയ ചര്‍ച്ചകള്‍ക്കാണ് കാരണമായത്. ഒരു ഗുജറാത്തി ബനിയയായ ഗാന്ധിജി വൈശ്യര്‍ക്ക് വിധിച്ചിട്ടുള്ള കച്ചവടം ഒരിക്കലും ചെയ്തില്ല. മറ്റുളളവരുടെ കക്കൂസുകള്‍ സ്വയം വൃത്തിയാക്കി, തോട്ടികള്‍ക്ക് അക്കാലത്തെ സമൂഹം വിധിച്ചിട്ടുള്ള ജോലികള്‍ പലപ്പോഴും ചെയ്യുകയും ചെയ്തു. അധഃകൃതവര്‍ഗത്തിന്റെ ദത്തുപുത്രനാണ് താനെന്ന് വിശ്വസിക്കുകയും അങ്ങനെ പറയുകയും ചെയ്തു. മുഴുവന്‍ യാഥാസ്ഥിതികരുടെയും എതിര്‍പ്പിനെ മറികടന്ന് ദളിത് പെണ്‍കുട്ടിയെ അദ്ദേഹം തന്റെ ആശ്രമത്തില്‍ താമസിപ്പിച്ചു. ജാതി നിയമങ്ങളൊന്നും ഗാന്ധിജി തന്റെ ജീവിതത്തിലൊരിക്കലും പാലിക്കുകയുണ്ടായില്ല. എന്നാല്‍, അങ്ങനെയായിരുന്നപ്പോള്‍ത്തന്നെ വര്‍ണാശ്രമ ധര്‍മ്മത്തെ ആദര്‍ശവത്കരിച്ചും, ഉച്ചനീചത്വമില്ലാത്തതും മനുഷ്യര്‍ തമ്മിലുള്ള തുല്യത ഉറപ്പുവരുത്തുന്നതും തൊഴില്‍ വിഭജനത്തിന്റെ മികച്ച സംഘടനാരൂപവുമായ, ഇന്ത്യയിലെവിടെയും നിലനില്‍ക്കുന്നതല്ലെന്ന് അദ്ദേഹത്തിനുതന്നെ ഉറപ്പുള്ളതുമായ ഒരു ജാതിയെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചും അദ്ദേഹം എപ്പോഴും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഗാന്ധിജിക്കുള്ളിലെ യാഥാസ്ഥിതികനായ ഒരു ഹിന്ദു സാമൂഹിക പരിഷ്‌കര്‍ത്താവും വിപ്ലവകാരിയും ആധുനികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിഷ്‌കാരിയുമായ ഗാന്ധിജിയോട് എപ്പോഴും സംഘര്‍ഷത്തില്‍ നിലനിന്നു. എന്നാല്‍, പുറമേയുള്ളവര്‍ക്കാണ് അത് സംഘര്‍ഷമായി അനുഭവപ്പെട്ടത്. അദ്ദേഹത്തിനുള്ളിലത് ജൈവരൂപത്തിലുള്ള ഒരു സ്വരച്ചേര്‍ച്ചയായിരുന്നു. അങ്ങനെ പുറമേയ്ക്ക് വിരുദ്ധങ്ങളായതിനെ സമന്വയിപ്പിക്കുന്നതും വേഗത്തില്‍ മനസ്സിലാക്കാനാകാത്തത്ര സങ്കീര്‍ണവുമായ ഗാന്ധിജിയുടെ വ്യക്തിത്വത്തെയും ചിന്തകളേയും വ്യഖ്യാനിച്ചെടുക്കാന്‍ ശ്രമിക്കുന്ന നൂറുകണക്കിനു പുസ്തകങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അയിത്തത്തെ നേരിടാനാണ് ഗാന്ധിജി വൈക്കത്തെത്തിയത്. എന്നാല്‍, ജാതിയുടെ കാര്യത്തില്‍ ഗാന്ധിജിയെ ചരിത്രത്തില്‍ എതിരിട്ടത് ഡോ. ബി.ആര്‍ അംബേദ്കറാണ്. അധഃകൃതവര്‍ഗത്തിനുവേണ്ടി അക്കാലത്ത് നടന്ന ഏറ്റവും പ്രസക്തമായ സാമൂഹിക മുന്നേറ്റമെന്നാണ് അംബേദ്കര്‍ വൈക്കം സത്യഗ്രഹത്തെ വിലയിരുത്തിയത്. എന്നാല്‍, അവര്‍ തമ്മിലുള്ള ഭിന്നത പിന്നീട് രൂക്ഷമായി. പുനക്കരാറിനു ശേഷം അത് കടുത്ത രാഷ്ട്രീയശത്രുതയായി വളര്‍ന്നു. ഒരു വശത്ത് ബ്രാഹ്മണ മേധാവിയായ ഇണ്ടംതുരുത്തില്‍ നമ്പ്യാതിരിയുടെ മാനസിക പരിവര്‍ത്തനത്തിന് വൃഥാ വ്യാമോഹിച്ച ഗാന്ധിജിയെ മറുവശത്ത് അംബേദ്കറുടെ ചോദ്യങ്ങള്‍ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നു. ഇന്നും ഈ ചോദ്യങ്ങള്‍ ഗാന്ധിജിയെ നിരായുധനാക്കികൊണ്ടിരിക്കുകയാണ് എന്നാണ് നിരീക്ഷിക്കപ്പെടാറുള്ളത്. അതുകൊണ്ടുതന്നെയാണ് ഗാന്ധിജിക്കൊപ്പമെന്നതിന് യാഥാസ്ഥിതികത്വത്തിനൊപ്പം എന്ന അര്‍ത്ഥം കൂടി ഇന്ന് കൈവരുന്നത്.
ഗാന്ധിജിയുടെയും അംബേദ്കറുടെയും ലോകവീക്ഷണങ്ങള്‍ വലിയ മുഴക്കത്തോടെയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതിന്റെ അനുരണനങ്ങള്‍ വര്‍ത്തമാനകാലത്തിലും പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍, ഈ ചരിത്രപുരുഷന്മാര്‍ ജീവിച്ച അതേ ലോകമല്ല ഇന്നുള്ളത്. എന്നിട്ടും അവരുടെ സംവാദവിഷയങ്ങളെ കാലം കൂടുതല്‍ സക്രിയമാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്തകാലത്ത് അരുന്ധതി റോയി അതിന് കൂടുതല്‍ തീവ്രത നല്‍കി. അരുന്ധതിയുടെ പ്രസിദ്ധമായ ഗാന്ധി വിമര്‍ശനം ആദ്യമുണ്ടാകുന്നത് തിരുവനന്തപുരത്ത് കേരളസര്‍വകലാശാല സെനറ്റ് ഹാളിലാണ്. 2014 ജൂലൈയിലായിരുന്നു അത്. അന്ന് അരുന്ധതിയുടെ പ്രസംഗം കേട്ടിരുന്ന സദസ്സില്‍ ഞാനും ഉണ്ടായിരുന്നു. എന്നാല്‍, അതെന്നില്‍ അന്ന് വലിയ ഞെട്ടലൊന്നും ഉളവാക്കിയില്ല. ഗാന്ധിജി വിമര്‍ശിക്കപ്പെടേണ്ടതാണ് എന്നൊരു ചിന്തയാണ് എനിക്കുണ്ടായിരുന്നത് എന്നതായിരുന്നു അതിനുള്ള പ്രധാന കാരണം. എന്നാല്‍, അരുന്ധതിയുടെ ജനപ്രിയത മൂലമുള്ള പൊതുസ്വീകാര്യത, അവരുടെ വാക്കുകള്‍ക്ക് അധികമായ സ്വാധീനമുണ്ടാക്കിയതായി ഞാന്‍ പിന്നീട് മനസ്സിലാക്കി. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍വരെ അതിന്റെ സ്വാധീനം വ്യക്തമായും കാണാന്‍ കഴിയുകയുണ്ടായി.
അരുന്ധതിയുടെ ഭാഷണം ചാട്ടുളിപോലെ തുളഞ്ഞുകയറുന്നതായിരുന്നു. ഈ പ്രഹരത്തില്‍ ഗാന്ധിജി തന്റെ മരണാനന്തരജീവിതത്തിലും ഒന്നു പുളഞ്ഞുപോയിട്ടുണ്ടാകണം. അവര്‍ പറഞ്ഞു, ‘ഏറ്റവും നിഷ്ഠുരമായ സാമൂഹ്യ ശ്രേണീഘടനയായ ജാതിവ്യവസ്ഥയുടെ അംഗീകാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അഹിംസാ സിദ്ധാന്തമവതരിപ്പിച്ചയാളെ ചില സത്യങ്ങളിലൂടെ തുറന്നുകാട്ടേണ്ട സമയമായിരിക്കുന്നു… നമ്മുടെ സര്‍വകലാശാലകള്‍ക്ക് അദ്ദേഹത്തിന്റെ പേരിടുന്നത് ശരിയാണോ’. ജാതിവാദിയായ ഗാന്ധിജി ഒരു വ്യാജ മഹാത്മാവായിരുന്നു എന്നവര്‍ തന്റെ പ്രഭാഷണത്തിലൂടെയും പിന്നീടുണ്ടായ എഴുത്തുകളിലൂടെയും സ്ഥാപിച്ചുറപ്പിച്ചു. അതിനായി അവര്‍ ചരിത്രത്തില്‍ നിന്നും തിരഞ്ഞെടുത്ത ചില പ്രത്യേക ഉദ്ധരണികളും സന്ദര്‍ഭങ്ങളും ഉപയോഗപ്പെടുത്തി. തിരുവനന്തപുരത്ത് അയ്യങ്കാളിയെയാണ് ഗാന്ധിജിയുടെ മഹാത്മാ പരിവേഷത്തിന് ബദലായി അവര്‍ അവതരിപ്പിച്ചത്. പിന്നീട് ഒരു അഖിലേന്ത്യാ കാഴ്ചപ്പാട് സ്വീകരിച്ചുകൊണ്ട് അംബേദ്കറെ അവര്‍ അതിനായി സ്വീകരിക്കുകയുണ്ടായി. അംബേദ്കറിസം എന്ന പ്രത്യയ ശാസ്ത്രത്തെ സ്വീകരിച്ചുകൊണ്ട്, ഗാന്ധിജിയും അംബേദ്കറും ജീവിച്ച കാലത്തെയും വര്‍ത്തമാനകാലത്തെയും അവര്‍ നിശിതമായി വിലയിരുത്തി.
അംബേദ്കറുടെ ‘ജാതി ഉന്മൂലനം’ എന്ന കൃതിയുടെ ആമുഖമായി അവര്‍ എഴുതിയ കൂടുതല്‍ വിശദമായ ഗാന്ധിവിമര്‍ശനമായ ‘ദ ഡോക്ടര്‍ ആന്റ് ദ സെയിന്റ് എന്ന വിവാദ പഠനവും 2014 ല്‍ തന്നെയാണ് പ്രസിദ്ധീകരി ക്കപ്പെടുന്നത്. അംബേദ്കറുടെ ആധുനികകാലത്തെ വക്താവായാണ് അരുന്ധതി സംസാരിച്ചത്. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ അംബേദ്കര്‍ വാദികളായ ചില വിപ്ലവകാരികള്‍ തന്നെയാണ് അവര്‍ക്കെതിരായ ഏറ്റവും ശക്തമായ പ്രതിരോധം തീര്‍ത്തത്. അംബേദ്കറെപ്പറ്റി സംസാരിക്കാന്‍ അരുന്ധതി ആരാണ് എന്ന ചോദ്യമാണവര്‍ ഉന്നയിച്ചത്.
അരുന്ധതി ആമുഖം എഴുതിയ അംബേദ്കറുടെ പുസ്തകത്തിന്റെ പ്രകാശനം 2014 മാര്‍ച്ച് 9 ന് ഹൈദരബാദിലാണ് പ്രസാധകര്‍ സംഘടിപ്പിച്ചത്. അരുന്ധതിയും അതില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍, ദളിത് പ്രതിഷേധത്തെത്തുടര്‍ന്ന് സംഘാടകര്‍ക്ക് ചടങ്ങുതന്നെ ഉപേക്ഷിക്കേണ്ടി വന്നു. അതിനുള്ള കാരണത്തെപ്പറ്റി പ്രതിഷേധക്കാരുടെ നേതാവും ദളിത് ശക്തി പ്രോഗ്രാമിന്റെ സംസ്ഥാന സഹ കണ്‍വീനറും ഹൈദരബാദ് സര്‍വകലാശാലയിലെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയുമായ ജെ. ശ്രീനിവാസ് സ്‌ക്രോള്‍.ഇന്‍നിനോട് ഇങ്ങനെ പ്രതികരിച്ചു: ‘അംബേദ്കറുടെ രചനകളില്‍ അരുന്ധതി റോയി വെള്ളംചേര്‍ത്തെന്നും പുസ്തകത്തെ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ഞങ്ങള്‍ കരുതുന്നു. റോയി എല്ലാക്കാലത്തും ഒരു മാവോവാദി അനുഭാവിയാണ്. ദളിതര്‍ക്കെതിരായ അക്രമത്തിനെതിരെ അവരൊരിക്കലും ശബ്ദമുയര്‍ത്തിയിട്ടില്ല. കാര്യങ്ങള്‍ അങ്ങനെയായതിനാല്‍, ഇത്തരമൊരു മനസ്സിലാക്കലിന്റെ അടിസ്ഥാന ത്തില്‍ എങ്ങനെയാണവര്‍ക്ക് ഈ പുസ്തകത്തിന്റെ ആമുഖം എഴുതാന്‍ കഴിയുക?” അരുന്ധതിയെ മാവോവാദിയും സവര്‍ണ ബുദ്ധിജീവിയുമായി ചിത്രീകരിച്ച്, അംബേദ്കറെപ്പറ്റി എഴുതാന്‍ അവര്‍ക്ക് അവകാശമില്ല എന്നു പറഞ്ഞാണ് ഹൈദരബാദിലെ ദളിത് ബുദ്ധിജീവികള്‍ അരുന്ധതിയുടെ ആമുഖത്തോട് പ്രതിഷേധിച്ചത്.
എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമായി കരുതുന്ന ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്‍പ്പികളിലൊരാളായ, ചിന്താസ്വാതന്ത്ര്യത്തില്‍ വിശ്വസിച്ച ഡോ.ബി.ആര്‍. അംബേദ്കര്‍ തന്റെ അനുയായികളുടെ ഈ പ്രവൃത്തിയോട് യോജിക്കുമോ? ‘അംബേദ്കറിസം’ എന്ന പ്രത്യയശാസ്ത്ര മൗലികവാദമാണ് തങ്ങളുടെ നേതാക്കളെ വ്യാഖ്യാനിക്കാന്‍ തങ്ങള്‍ക്കൊപ്പമുള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കും അവകാശമില്ല എന്ന ചിന്തയിലേക്ക് അനുയായികളെ എത്തിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഗാന്ധിവിമര്‍ശനം നടത്തുമ്പോള്‍ അരുന്ധതി റോയിയുടെ യുക്തിയും ഏതാണ്ട് ഇതിനു
സമാനമായിരുന്നു. ഒരു ബനിയ വൈശ്യനായ ഗാന്ധിക്ക് ദളിതരെപ്പറ്റി സംസാരിക്കാന്‍ എന്താണ് ധാര്‍മ്മിക അവകാശം എന്ന് അരുന്ധതിയും തന്റെ രചനയില്‍ ചോദിച്ചു. അവ കേവലയുക്തികളുടെ ഏറ്റുമുട്ടലുകളായിരുന്നു. അതിസങ്കീര്‍ണമായ സാമൂഹിക രാഷ്ട്രീയ ചരിത്രസാഹചര്യങ്ങളെ കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കാന്‍ കേവലയുക്തികൊണ്ട് കെട്ടിയുയര്‍ത്തുന്ന വാദങ്ങള്‍ എപ്പോഴും അപര്യാപ്തമായി മാറുകയാണ് ചെയ്യാറുള്ളത്.
വാസ്തവത്തില്‍, ഈ കൃതി എഴുതിത്തുടങ്ങുന്നത്, സൈന്‍ ബുക്‌സിലെ സഹയാത്രികനും വൈദ്യുതി ബോര്‍ഡിലെ റിട്ടയര്‍ഡ് എഞ്ചിനിയറുമായ സി.എ ജോബ് വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് ഒരു പുസ്തകം എഴുതണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്. അതുമായി ബന്ധപ്പെട്ട് വൈക്കത്തുള്ള പ്രധാന സത്യഗ്രഹസ്ഥലങ്ങള്‍, അന്ന് സത്യഗ്രഹ ക്യാമ്പായിരുന്ന ഇപ്പോഴത്തെ സ്‌കൂള്‍, തീണ്ടല്‍ പലക സ്ഥാപിച്ചിരുന്നതായി കരുതുന്ന സ്ഥലം, ഗാന്ധിജി വന്നിറങ്ങിയ ബോട്ട് ജെട്ടി, ഇണ്ടംതുരുത്തി നമ്പ്യാതിരിയുമായി ഗാന്ധിജി സംവാദം നടത്തിയ പഴയ കെട്ടിടം, വൈക്കം സത്യഗ്രഹ മ്യൂസിയം എന്നിവയൊക്കെ സുഹൃത്തുക്കളോടൊപ്പം സന്ദര്‍ശിച്ചു. എന്നാല്‍, പുസ്തകം എഴുതി വന്നപ്പോള്‍ ഇത് പ്രധാനമായും ഒരു ഗാന്ധിപഠനമായി മാറുകയാണ് ചെയ്തത്; ഒപ്പം, ഗാന്ധിജിയും അംബേദ്കറും തമ്മില്‍ നടന്ന സംവാദത്തിന്റെ ഒരു വിശകലനമായും. അരുന്ധതി റോയി തുടക്കംകുറിച്ച ഗാന്ധിവിമര്‍ശനത്തിന്റെ അലയൊലികള്‍ വൈക്കം സത്യഗ്രഹചര്‍ച്ചകളില്‍ നിഴല്‍പരത്തിക്കിടക്കുന്നതായി മനസ്സിലാക്കിയതാകണം ഇതിനു കാരണം. മലയാളികളുടെ പ്രിയ എഴുത്തുകാരിയായ അരുന്ധതി റോയിയും ഇതിലെ ഒരു കഥാപാത്രമായി മാറിപ്പോയ സാഹചര്യവും അതാണ്.
അരുന്ധതിയുടെ ഗാന്ധിവിമര്‍ശനം കേരളത്തിലെ ഗാന്ധി അനുയായികള്‍ക്കിടയില്‍ വലിയ ക്ഷോഭം സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ അരുന്ധതിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തി. തനിക്കെതിരായി വിമര്‍ശനമുന്നയിച്ചവര്‍ക്കെതിരെ, അത്ര രൂക്ഷമായ വിമര്‍ശനമല്ലാത്തതിനാല്‍ കെ.കെ കൊച്ചിനെപ്പോലുള്ള ദളിത് ബുദ്ധിജീവികളെ ഒഴിവാക്കി, രൂക്ഷവിമര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസുകൊടുക്കാന്‍ അരുന്ധതി റോയി ആലോചിച്ചിരുന്നുവെന്നും എന്നാല്‍, പുതിയ നോവലിന്റെ പണിപ്പുരയിലായതിനാല്‍ സമയക്കുറവുമൂലം അതിനു മുതിരാത്തതാണെന്നും ചില ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്തകള്‍ കാണുകയും ചെയ്തിരുന്നു.
ഇതെല്ലാം ഒരു കാര്യം വ്യക്തമാക്കിത്തന്നു. വിഗ്രഹങ്ങളാക്കപ്പെട്ട് പൂജിക്കപ്പെടാനോ അല്ലെങ്കില്‍ അന്ധമായി അധിക്ഷേപിക്കപ്പെടാനോ ആണ് ഗാന്ധിജിയും അംബേദ്കറും ഉള്‍പ്പെടെയുള്ള ചരിത്രപുരുഷന്മാരുടെ വിധി! എന്നാല്‍ അവരുടെ സന്ദേശങ്ങളുടെ അര്‍ത്ഥവത്തായ ഏറ്റുമുട്ടലും സംവാദങ്ങളും വര്‍ത്തമാനകാല സാമൂഹിക – രാഷ്ട്രീയ സമസ്യകളെ കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കാന്‍ സഹായകരമായി തുടരുകയാണ്. അങ്ങനെയാരു പരിശ്രമമായി ഈ കൃതി വായിക്കപ്പെടുമോ എന്നറിയില്ല, എന്നാല്‍, അതാണ് ഇതെഴുതുമ്പോഴുണ്ടായിരുന്ന എന്റെ ആഗ്രഹം. അതങ്ങനെയായിട്ടുണ്ടോ എന്ന കാര്യത്തില്‍ വായനക്കാരാണ് തീര്‍പ്പുകല്‍പ്പിക്കേണ്ടത്. അതങ്ങനെയായി എന്ന് അവകാശപ്പെടാനുള്ള ധൈര്യം എന്തായാലും എനിക്കില്ല. അതിനായി പരിശ്രമിച്ചിട്ടുണ്ട് എന്നു മാത്രമേ പറയാന്‍ കഴിയൂ. ഗാന്ധിജിയേയും അംബേദ്കറേയും കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞു എന്നതാണ് ഈ പുസ്തകരചനയുമായി ബന്ധ പ്പെട്ട് എനിക്കുണ്ടായ വ്യക്തിപരമായ നേട്ടം. അവരുടെ ഓര്‍മ്മകള്‍ ഇപ്പോഴും സംഘര്‍ഷനിര്‍ഭരമായ ഏറ്റുമുട്ടലുകള്‍ക്ക് കാരണമാകുന്നുണ്ടെങ്കില്‍, ചരിത്രത്തില്‍ അവര്‍ ഇപ്പോഴും സക്രിയമായി ഇടപെട്ടുകൊണ്ടിരിക്കുന്നു എന്നുതന്നെയാണല്ലോ അതിനര്‍ത്ഥം. അവര്‍ ഇരുവരും ഇപ്പോഴും നമ്മോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ചെവിയോര്‍ക്കാന്‍ പ്രേരണ യായി മാറുന്നുണ്ടെങ്കില്‍ ഈ പുസ്തകം അതിന്റെ ലക്ഷ്യം സാക്ഷാത്കരിച്ചു എന്നുതന്നെ ഞാന്‍ കരുതും.
Leave a Reply