ആദ്യത്തെ കാല്പനിക വാദിയായ വിമര്‍ശകന്‍ എന്നറിയപ്പെടുന്നയാളാണ് ലോംഗിനസ്. മൗലികപ്രതിഭകൊണ്ട് അനുഗ്രഹിക്കപ്പെട്ടവനാണ് അദ്ദേഹമെന്ന് ഉദാത്തതയെക്കുറിച്ച് ‘ഓണ്‍ ദ സബ്ലൈം’ എന്ന പ്രബന്ധം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പേരിനെക്കുറിച്ചും ജീവിതകാലത്തെക്കുറിച്ചും വിമര്‍ശകര്‍ക്കിടയില്‍ ഇന്നും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. ക്രി.വര്‍ഷം ഒന്നാം ശതകമാണെന്നും മൂന്നാംശതകമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ട്. മൂന്നാം ശതകത്തില്‍ സിറിയയിലെ പല്‍മീറ എന്ന യവനനഗരത്തിലെ രാജ്ഞിയായിരുന്ന സെനോബിയയുടെ മന്ത്രിയായിരുന്നു ലോംഗിനസ് എന്ന് ഗിബ്ബണ്‍ അഭിപ്രായപ്പെടുന്നു. ഈ വാദത്തെ സ്‌കോട്ട് ജയിംസ് പിന്താങ്ങുന്നു. ഗ്രീക്ക് ഭാഷയില്‍ രചിച്ചിരിക്കുന്ന ഉദാത്തതയെക്കുറിച്ചുള്ള തന്റെ പ്രബന്ധം സ്‌നേഹിതനായ പോസ് തുമിസ് ടെറന്റി യാനസിനോട് പറയുന്ന മട്ടിലാണ് ലോംഗിനസ് സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നാം ശതകത്തില്‍ ജീവിച്ചിരുന്ന കികി ലിയസ് എഴുതിയ ഉദാത്തതയെക്കുറിച്ചുള്ള ഒരു ചെറിയ പ്രബന്ധത്തിന്റെ കുറവുകള്‍ പരിഹരിക്കാനാണ് താനീ പ്രബന്ധം എഴുതിയതെന്ന് ലോംഗിനസ് പറയുന്നു.
പ്ലോട്ടിനസിന്റെ ആശയങ്ങള്‍ സ്വാംശീകരിച്ചെടുത്ത് സ്വന്തം ഹൃദയത്തിന്റെ വ്യാസം വലുതാക്കിയ കാവ്യ വിമര്‍ശകനായിരുന്നു ലോംഗിനസ്. ‘മഹത്തായ ഒരു മനസ്സിന്റെ പ്രതിധ്വനിയാണ് ഉദാത്തത’ എന്ന് നിര്‍വചിച്ചുകൊണ്ടാണ് ലോംഗിനസ് തന്റെ പ്രബന്ധം ആരംഭിക്കുന്നത്. ഒരു കൃതി മഹത്താണെന്ന് സംശയരഹിതമായി പറയാന്‍ കഴിയുന്നത് ആവര്‍ത്തിച്ചുള്ള പാരായണത്തിന് അതു നമ്മെ പ്രേരിപ്പിക്കുമ്പോഴാണ്. ‘എക്കാലത്തും എല്ലാവരെയും രസിപ്പിക്കുന്ന കൃതികളില്‍ ഉദാത്തഭാവം അതിന്റെ സമ്പൂര്‍ണ സത്യത്തിലും തികഞ്ഞ സൗന്ദര്യത്തിലും അടങ്ങിയിട്ടുണ്ട് എന്ന് ലോoഗിനസ് പറയുന്നു. ഉത്തമ കലാസൃഷ്ടി കാലത്തിനതീതവും സാര്‍വലൗകികവുമാണെന്നാണ് അദ്ദേഹം പറയുന്നത്. രസിപ്പിക്കുകയോ ഉദ്‌ബോധിപ്പിക്കുകയോ ചെയ്യുന്നതിലധികമായി നമ്മുടെ ആത്മാവിനെ നമ്മില്‍നിന്നുതന്നെ വിടര്‍ത്തി മറ്റൊരു ലോകത്തിന്റെ വരിഷ്ഠമായ ഔന്നിത്യത്തിലേക്കുയര്‍ത്തിക്കൊണ്ടു പോകുവാന്‍ അത്തരം കൃതികള്‍ക്കു കഴിയും.

മഹത്തായ സങ്കല്പം, തീവ്രവികാരം, ആവിഷ്‌കരണ ശക്തി എന്നിവ ഉദാത്തഭാവത്തിന് ജന്മം നല്‍കുന്നു. രചനയിലെ ഉദാത്തഭാവത്തെ നശിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചും ലോoഗിനസിന് ചിലതു പറയാനുണ്ട്. അനാവശ്യമായ ആര്‍ഭാടം, ബാലിശത്വം, കല്‍പ്പനാഭാസം, ശുഷ്‌കത എന്നിവ ഉദാത്തതയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെയുള്ള സാഹിത്യദോഷങ്ങള്‍ക്കെല്ലാം പ്രധാനഹേതു പുതുമയ്ക്കുവേണ്ടിയുള്ള ആവേശമാണെന്നു ലോംഗിനസ് പറയുന്നു. തന്റെ കൃതി ന്യൂനതയില്ലാത്തതായിരിക്കണം എന്നാണ് ഓരോ സാഹിത്യകാരന്റെയും മോഹം. പാണ്ഡിത്യം, ശിക്ഷണം, ക്ഷമ എന്നിവയില്ലാതെ നവീനമെന്ന് പറയുന്നതുകൊണ്ട് എഴുതുന്നതൊന്നും ഉദാത്ത സൃഷ്ടിയാവില്ലെന്ന് ലോംഗിനസ് പറയുന്നു.
സാഹിത്യത്തെ വിലയിരുത്താനുള്ള കഴിവ് സുദീര്‍ഘമായ അനുഭവങ്ങളുടെ കിരീടം ചൂടിയ നേട്ടമാണെന്ന് സൂചിപ്പിച്ചതിനുശേഷം ‘ഉദാത്തതയെക്കുറിച്ച്’ എന്ന ഗ്രന്ഥത്തിന്റെ എട്ടാം അധ്യായത്തില്‍ ഉദാത്തതയുടെ അഞ്ച് ഉറവിടങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ചചെയ്യുന്നു.

ഉദാത്തതയുടെ ഉറവിടങ്ങള്‍

1. മഹത്തായ കാര്യങ്ങള്‍ സങ്കല്പിക്കാനുള്ള കഴിവ്

ഉദാത്തതയുടെ ഉറവിടങ്ങളില്‍ ഏറ്റവും പ്രധാനം ഇതാണ്. മഹത്വമാര്‍ന്ന ആത്മാവില്‍ നിന്നാണ് മഹത്തായ സങ്കല്പങ്ങള്‍ രൂപംകൊള്ളുന്നത്. ‘മഹത്തായ മനസ്സിന്റെ പ്രതിധ്വനിയാണ് ഉദാത്തത’ എന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ എഴുതിയത് അദ്ദേഹം ഇവിടെയും ഉദ്ധരിക്കുന്നുണ്ട്. ഈ മഹത്വം ദിവ്യമായ ഒരു ദാനമാണ്. ഹോമറില്‍നിന്നും ഉല്പത്തി പുസ്തകത്തില്‍നിന്നും ഉദാഹരണങ്ങള്‍ നല്‍കിക്കൊണ്ട് ആത്മാവിന്റെ മഹനീയതയുടെ ഫലമാണിതെന്ന് ലോംഗിനസ് ചൂണ്ടിക്കാണിക്കുന്നു. സാഫോ എന്ന കവയിത്രിയുടെ രചനകളെ അപഗ്രഥിച്ചുകൊണ്ട് പ്രതിപാദ്യവിഷയത്തിന്റെ സ്വീകരണത്തിലും പരിസ്ഥിതികളുടെ സംവിധാനത്തിലും കാണിക്കുന്ന വൈദഗ്ദ്ധ്യം മേല്‍പ്പറഞ്ഞ കഴിവിന്റെ മഹത്വമാണെന്ന് വ്യക്തമാക്കുന്നു. ഈ കഴിവില്‍ ഭാവനയും അടങ്ങിയിരിക്കുന്നു. ഭാവന രണ്ടുതരത്തിലുണ്ട്. അനുവാചകനെ ഹര്‍ഷോന്മാദത്തില്‍ കൊണ്ടെത്തിക്കുന്ന കാവ്യഭാവനയും വ്യക്തമായ ആവിഷ്‌കരണത്തിന് സഹായിക്കുന്ന പ്രഭാഷണാത്മകമായ ഭാവനയും. സോഫോക്ലീസിന്റെ ഭാവന കാവ്യഭാവനയാണെന്നും യൂറിപ്പീഡിസിന്റേത് പ്രഭാഷണാത്മക ഭാവനയാണെന്നും ലോംഗിനസ് പ്രസ്താവിക്കുന്നു.

2. തീവ്രവും ഉത്തേജിതവുമായ വികാരങ്ങള്‍

വികാരത്തെ സംബന്ധിച്ച് ലോoഗിനസിന് എന്താണു പറയാനുള്ളത് എന്ന് വ്യക്തമല്ല. കാരണം, അക്കാര്യം പ്രതിപാദിക്കുന്ന ഭാഗം നഷ്ടപ്പെട്ടുപോയി. കിട്ടിയിടത്തോളം ഭാഗങ്ങള്‍ വച്ചുകൊണ്ട് സ്വരൂപിച്ചെടുക്കാവുന്ന കാര്യങ്ങള്‍ ഇവയാണ്: യഥാര്‍ഥവും വ്യക്തവുമായ വികാരങ്ങള്‍ ആവിഷ്‌കരണത്തിലെ കൃത്രിമത്വം ഇല്ലാതാക്കി സ്വാഭാവികത കൈവരുത്തുന്നു. അഭിജാതമായ വികാരം ശ്രേഷ്ഠമായ ചിന്തകളെപ്പോലെ ഉന്നതമായ മനസ്സില്‍നിന്നും പുറപ്പെടുന്നു. വികാരം യഥാര്‍ഥമായിരുന്നാല്‍ മാത്രം പോരാ. അത് ഉചിതസ്ഥാനീയവുമായിരിക്കണം. താന്‍ ആവിഷ്‌ക്കരിക്കുന്ന ജീവിതസന്ധിയില്‍ നിന്നും യഥാര്‍ഥത്തില്‍ ഉയിര്‍ക്കൊള്ളുന്ന വികാരത്തെ കവി ഉള്‍ക്കൊള്ളുകയും അതേ തീവ്രതയോടെ അനുഭവിക്കുകയും വേണമെന്നു പറയുമ്പോള്‍ ലോംഗിനസ് ആധുനിക നിരൂപകന്മാര്‍ ഉന്നയിക്കുന്ന എമ്പതി തന്നെയാണ് അര്‍ഥമാക്കുന്നതെന്ന് ഡേവിഡ് ഡയ്ച്ചസ് വ്യക്തമാക്കുന്നു.

3. ചിന്തയുടെയും ഭാഷണത്തിന്റെയും അലങ്കാര കല്പനകള്‍

പലതരം ഉക്തി വൈചിത്ര്യങ്ങളെക്കുറിച്ചാണ് ലോംഗിനസ് ഇവിടെ പറയുന്നത്. പ്രഭാഷകന്മാര്‍ ശ്രോതാക്കളുടെ വികാരങ്ങളെ ഉത്തേജിപ്പിക്കുമാറ് ശപഥപൂര്‍വം ചെയ്യുന്ന പ്രസ്താവനകളാണ് ഇതില്‍ ആദ്യത്തേത്. ചോദ്യോത്തരങ്ങളായി ആശയം അവതരിപ്പിക്കുമ്പോള്‍ കിട്ടുന്ന ഓജസ്സാണ് അടുത്തത്. വാക്കുകള്‍ ആവര്‍ത്തിക്കുക, സൂക്ഷ്മസ്വഭാവം വിവരിക്കുക എന്നിവയും രചനയ്ക്ക് ഓജസസ്സു പകരുന്നു. വാക്കിന്റെ സാധാരണക്രമം മാറ്റിമറിക്കുന്നതാണ് മറ്റൊന്ന്. വചന -കാല -പുരുഷാദികളെ മാറ്റിമറിച്ച് വാഗ്‌വൈചിത്ര്യം വരുത്തുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഔചിത്യബോധത്തോടെ ഇത് പ്രയോഗിച്ചാലേ ഉദാത്തതയ്ക്കു കാരണമാകൂ എന്ന് ലോംഗിനസ് പറയുന്നു.

4. വിശിഷ്ടമായ പദശൈലി

പദരചനയില്‍ പ്രത്യക്ഷപ്പെടുന്ന ആഭിജാത്യവും അലങ്കാരങ്ങളുമാണിവിടെ ചര്‍ച്ചചെയ്യുന്നത്. ഉചിതവും ശ്രദ്ധേയവുമായ വാക്കുകള്‍ക്ക് അസാധാരണമായ ചാലകശക്തി ഉണ്ട്. അവ വികാരത്തിന്റെ തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. രചനയ്ക്ക് തിളങ്ങുന്ന ചാരുതയും മഹത്വവും ഇമ്പവും നല്‍കുന്നത് പദങ്ങളുടെ പ്രത്യേകതയാണ്. ചിന്തയുടെ പ്രകാശം പൊഴിയുന്ന വാക്കുകള്‍ ജഡവസ്തുവിന് ചൈതന്യം നല്‍കുന്നു. രചയിതാവിന്റെ മനസ്സിന്റെ ഏറ്റവും ഗൂഢമായ സ്ഥാനങ്ങളെപ്പോലും ദീപ്തമാക്കുന്ന കാരണങ്ങളാണ് വാക്കുകള്‍. അതുകൊണ്ട് വാക്കുകള്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത് വിന്യസിക്കണം. ചെറിയ കാര്യങ്ങള്‍ പ്രതിപാദിക്കുവാന്‍ വലിയ വാക്കുകള്‍ പ്രയോഗിക്കുന്നത് ഉചിതമല്ല. അത് ശിശുവിന്റെ മുഖത്ത് ദുരന്ത കഥാപാത്രത്തിന്റെ മുഖംമൂടി വച്ചുകൊടുക്കുന്നതിനു തുല്യമാണെന്നു ലോംഗിനസ് ആക്ഷേപിക്കുന്നു.
രണ്ട് അലങ്കാരങ്ങളെക്കുറിച്ചും ലോംഗിനസ് ഇവിടെ ചിന്തിക്കുന്നു, രൂപകവും അതിശയോക്തിയുമാണവ. രൂപകം വികാരത്തിന്റെ ഭാഷയാണ്. വികാരങ്ങള്‍ ഹൃദയത്തില്‍നിന്ന് ശക്തിയുള്ള ഒരു നദിയെപ്പോലെ പുറത്തേക്ക് പ്രവഹിക്കുമ്പോള്‍ അപ്രതിരോധ്യമാം വിധം രൂപങ്ങളെയും ഒഴുക്കിക്കൊണ്ടുവരുന്നു. പക്ഷേ, അതിരുവിട്ട അലങ്കാരപ്രയോഗം ആത്മഗൗരവമുള്ള കവിക്ക് ഇണങ്ങുന്നതല്ലെന്ന് അദ്ദേഹം താക്കീതു നല്‍കുന്നു. വികാരങ്ങളുടെ സ്വാഭാവികതയില്‍നിന്ന് സ്വയമേവ ആഗതമാകുന്ന അതിശയോക്തി രചനയ്ക്ക് ചാരുത നല്‍കുന്നു എന്ന് ലോംഗിനസ് പറയുന്നു.

5. അന്തസ്സുറ്റതും സമുന്നതുമായ രചന (സമഗ്രശില്പം)

മുകളില്‍ വിവരിച്ച ഘടകങ്ങളെ സമിചീനമായി ഏകോപിപ്പിച്ച് സമഗ്രശില്പമായി അവതരിപ്പിക്കുന്നതാണിത്. അപ്പോഴാണ് വരിഷ്ഠമായ കവികര്‍മ്മം സഫലമായിത്തീരുന്നത്. ആവിഷ്‌കൃതഭാവത്തോട് സജീവമായി പ്രതികരിച്ച് അനുവാചകന്‍ സമാനവികാരങ്ങള്‍ ഏറ്റുവാങ്ങി കൃതാര്‍ത്ഥനാകൂന്നതും ഈ ശില്പവിധാനത്തിന്റെ വൈഭവം കൊണ്ടാണ്.
ഉദാത്തതയുടെ ഉറവിടങ്ങളെക്കുറിച്ച് ഇങ്ങനെ വിവരിച്ചശേഷം മനുഷ്യന്റെ ജന്മവാസനയും ഉദാത്തതയും തമ്മിലുള്ള ബന്ധത്തിന്റെ പിന്നിലെ തത്വചിന്ത എന്താണെന്നു ലോംഗിനസ് വ്യക്തമാക്കുന്നു. മഹത്തും തന്നെക്കാള്‍ ദിവ്യവുമായ സകലത്തിന്റെയും നേരെ അദമ്യമായ ഒരാസക്തി മനുഷ്യമനസ്സിലുണ്ട്. ജന്മവാസനയാലെന്നവണ്ണം നമ്മുടെ അത്ഭുതാദരങ്ങള്‍ തെളിഞ്ഞതും വിശുദ്ധവും പ്രയോജനകരങ്ങളുമായി ചെറിയ അരുവിയിലേയ്ക്കല്ല, നൈലിലേയ്‌ക്കോ ഡാന്യൂബിലേയ്‌ക്കോ റൈനിലേയ്‌ക്കോ പിന്നീട് മഹാസമുദ്രങ്ങളിലേയ്‌ക്കോ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. നാംതന്നെ കൊളുത്തിവച്ച തെളിഞ്ഞതും അചഞ്ചലവുമായ തീനാളമല്ല, പലപ്പോഴും ദുരൂഹമായ സ്വര്‍ഗീയാഗ്‌നിയും എറ്റ്‌ന എന്ന അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുമ്പോളുണ്ടാകുന്ന അഗ്‌നിയുമാണ് നമ്മുടെ അത്ഭുതാരങ്ങള്‍ പിടിച്ചുപറ്റുന്നത് .നൈലും ഡൈന്യൂബും മഹാസമുദ്രങ്ങളും അഗ്‌നിപര്‍വതങ്ങളും സൃഷ്ടിക്കുന്ന ഭയസമന്വിതമായ അത്ഭുതാദരത്തിന് തത്തുല്യമായ വികാരമാണ് ഉദാത്ത കലാസൃഷ്ടികള്‍ വായനക്കാരില്‍ സൃഷ്ടിക്കുന്നത്.
മഹത്തായ കലാസൃഷ്ടികള്‍ മനുഷ്യമനസ്സില്‍ സൃഷ്ടിക്കുന്ന വികാരങ്ങളെയും ഹര്‍ഷോന്മാദത്തെയും കുറിച്ചാണ് ലോംഗിനസ് സംസാരിക്കുന്നത്. ഇങ്ങനെയൊരു മനോഭാവം പ്രകടിപ്പിക്കുന്നതിനാല്‍ ലോംഗിനസ് ആദ്യത്തെ കാല്പനിക നിരൂപകനായി സാഹിത്യചരിത്രം വിശേഷിപ്പിക്കുന്നു. ഹൃദയവികാരങ്ങളെ ദിവ്യമായ മാനസികലഹരികളില്‍ മുഖ്യമായി കണ്ടുകൊണ്ടുള്ള ഈ സാഹിത്യവിമര്‍ശക സംരംഭത്തോടെ ലോംഗിനസിന്റെ ശബ്ദം ആദ്യത്തെ കാല്പനിക വിമര്‍ശനത്തിന്റെ ശബ്ദമായിത്തീര്‍ന്നു. എങ്കിലും, ക്ലാസിക് സാഹിത്യശിക്ഷണം കിട്ടിയ ലോംഗിനസ് കവികള്‍ക്ക് സാങ്കേതികവശങ്ങളില്‍ ശിക്ഷണം ആവശ്യമാണെന്നു ഉറപ്പിച്ചുതന്നെ പറയുകയുണ്ടായി.